മനുവിന്റെ ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 3.30ന്
പാരീസ് : പാരീസ് ഒളിമ്പിക്സിന്റെ ആദ്യ മത്സരദിനം ഇന്ത്യയുടെ മാനം കാത്തത് വനിതാ ഷൂട്ടർ മനു ഭാക്കർ. ഷൂട്ടിംഗിലെ മറ്റ് ഇന്ത്യൻ താരങ്ങൾ യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തായപ്പോൾ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ യോഗ്യതാ റൗണ്ടിലെ മൂന്നാം സ്ഥാനക്കാരിയായാണ് മനു തന്റെ ആദ്യ ഒളിമ്പിക് ഫൈനലിലേക്ക് എത്തിയത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.30ന് നടക്കുന്ന ഫൈനലിൽ മനു ഉൾപ്പടെ എട്ടു താരങ്ങൾ മാറ്റുരയ്ക്കും. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ചരിത്രം കുറിക്കാനുള്ള മനുവിന്റെ അവസരമാണിത്.
1ഈ ഇനത്തിൽ മത്സരിച്ച ലോക മൂന്നാം റാങ്കുകാരിയായ ഇന്ത്യൻ താരം റിഥം സാംഗ്‌വാൻ 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ സരബ്ജിത്ത് സിംഗ് നേരിയ വ്യത്യാസത്തിൽ നാലാം സ്ഥാനത്തായി ഫൈനൽ കാണാതെ പുറത്തായി. എയർ റൈഫിൾ മിക്സഡ് ഡബിൾസിന്റെ യോഗ്യതാ റൗണ്ടിൽ മത്സരിച്ച അർജുൻ ബബുത- റമിത സഖ്യവും ഇളവേണിൽ വാളറിവൻ-സന്ദീപ് സിംഗ് സഖ്യവും ഫൈനൽ കണ്ടില്ല.
റോവിംഗിൽ ഹീറ്റ്സിൽ നാലാമതായിപ്പോയ ബൽരാജ് പൻവാർ ഇന്ന് ക്വാർട്ടർ സാദ്ധ്യതയ്ക്കായി റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാനിറങ്ങും. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ യുവതാരം ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ ഗ്വാട്ടിമലയുടെ കെവിൻ ക്വാർഡനെ 21-8,22-20ന് കീഴടക്കി
ആദ്യ സ്വർണങ്ങൾ ചൈനയ്ക്ക്
പാരീസ് ഒളിമ്പിക്സിലെ ആദ്യ രണ്ട് സ്വർണമെഡലുകളും സ്വന്തമാക്കിയത് ചൈന.
10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസ് ഷൂട്ടിംഗിൽ യൂടിംഗ് ഹുവാംഗ്- ലിഹാവോ ഷെംഗ് സഖ്യമാണ് ചൈനയ്ക്ക് വേണ്ടി പാരീസിലെ ആദ്യ സ്വർണം നേടിയത്.
വനിതകളുടെ മൂന്ന് മീറ്റർ സിംക്രണൈസ്ഡ് സ്പ്രിംഗ് ബോർഡ് ഡൈവിംഗിൽ യാനി ചാംഗ് - യിവെൻ ചെൻ സഖ്യമാണ് രണ്ടാം സ്വർണം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |