വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനും കാരുണ്യത്തിന്റെ പ്രകാശഗോപുരവുമായിരുന്ന ഫ്രാൻസിസ് മാർപാപ്പ നിത്യതയിൽ ലയിച്ചു. 12 വർഷം കത്തോലിക്ക സഭയെ നയിച്ച മാർപാപ്പയ്ക്ക് 88 വയസായിരുന്നു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05ന് (പ്രാദേശിക സമയം രാവിലെ 7.35) ഔദ്യോഗിക വസതിയായ വത്തിക്കാനിലെ കാസ സാന്റ മാർത്തയിലായിരുന്നു അന്ത്യം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15ന് വിയോഗ വാർത്ത വത്തിക്കാൻ പുറംലോകത്തെ അറിയിച്ചു.
ഗുരുതര ന്യുമോണിയ ബാധയോട് പൊരുതിയ അദ്ദേഹം ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനു ശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു. ഞായറാഴ്ച ഈസ്റ്റർ ദിവ്യബലിക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തന്റെ പ്രത്യേക വാഹനത്തിലെത്തി വിശ്വാസികളെ ആശിർവദിച്ചു. ചടങ്ങിന്റെ അവസാനം നൽകാറുള്ള അനുഗ്രഹ സന്ദേശവും നൽകി.
ഭൗതികദേഹം നാളെ രാവിലെ മുതൽ വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്‌ക്കും. ഇന്ന് കർദ്ദിനാൾമാരുടെ യോഗം ചേർന്നശേഷം സംസ്കാരം സംബന്ധിച്ച തീരുമാനങ്ങൾ അറിയിക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മൃതദേഹം സംസ്കരിക്കണമെന്ന് മാർപാപ്പ ആഗ്രഹം അറിയിച്ചിരുന്നു. മാർപാപ്പയുടെ മരണവിവരം അറിഞ്ഞതോടെ ലോകമെമ്പാടു നിന്നും രാഷ്ട്രത്തലവൻമാരുടേതടക്കം അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
ജനനം
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജനനം. ഹോർഹെ മാരിയോ ബെർഗോളിയോ എന്നാണ് യഥാർത്ഥ പേര്. റെയിൽവേ ജീവനക്കാരനായിരുന്ന മാരിയോ ജോസ് ബർഗോളിയോയാണ് പിതാവ്. റജീന സിവോറി മാതാവ്. ബെനഡിക്‌ട് പതിനാറാമന്റെ പിൻഗാമിയായി 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്ക സഭയുടെ തലപ്പത്തെത്തിയത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പാണ്. ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നുമുള്ള ആദ്യ മാർപാപ്പയുമാണ്. എട്ടാം നൂറ്റാണ്ടിലെ ഗ്രിഗറി മൂന്നാമനുശേഷം യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പ പദവിയിലെത്തിയ ആദ്യ വ്യക്തിയുമാണ്.
തിരിച്ചുവന്നു, വേഗം മടങ്ങിപ്പോയി
ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18ന് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ സ്ഥിരീകരിച്ചു. ശ്വാസതടസവും അണുബാധയും നില വിഷളാക്കി. എന്നാൽ, ചികിത്സയിലൂടെ അവശതകളെ അതിജീവിച്ച അദ്ദേഹം മാർച്ച് 23ന് വത്തിക്കാനിൽ തിരിച്ചെത്തി. ഡോക്ടർമാർ രണ്ടു മാസത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നു.
ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം സമീപ ദിവസങ്ങളിൽ വിശ്വാസികളെ അനുഗ്രഹിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടക്കം ഹ്രസ്വ സന്ദർശനങ്ങൾ നടത്തിയിരുന്നു. അവസാന ദിനങ്ങളിൽ ട്യൂബ് വഴിയുള്ള ഓക്സിജൻ സഹായമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മാർപാപ്പയുടെ തിരിച്ചുവരവ് പ്രതീക്ഷയോടെയാണ് വിശ്വാസിസമൂഹം കണ്ടിരുന്നത്.
ലാളിത്യം, സ്നേഹം, വിശ്വാസം
ആശുപത്രി വാസത്തിനിടയിൽ വേദനകൾമറന്ന് ഡോക്ടർമാരുമായി തമാശകൾ പങ്കുവച്ചിരുന്നു. ചാരുകസേരയിൽ ഇരുന്ന് പ്രാർത്ഥനകളിൽ മുഴുകി. രോഗവിവരം പുറംലോകത്തിൽ നിന്ന് മറയ്ക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് നിർദ്ദേശിച്ചിരുന്നു.
തന്റെ സംസ്‌കാരച്ചടങ്ങുകൾ ലളിതമായിരിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. സൈപ്രസ് തടി, ലെഡ്, ഓക്ക് തടി എന്നിവയാൽ തീർത്ത മൂന്ന് പെട്ടികൾക്കുള്ളിലാണ് പരമ്പരാഗതമായി മാർപാപ്പമാരുടെ ഭൗതികശരീരം അടക്കം ചെയ്യുക. തന്നെ അടക്കം ചെയ്യാൻ ഒരൊറ്റ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്ക സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരുസ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |