ഹർജികളിൽ വാദംകേൾക്കൽ ആഗസ്റ്ര് 12നും 13നും
ന്യൂഡൽഹി : ബീഹാറിലെ കരട് വോട്ടർപ്പട്ടികയിൽ കൂട്ടത്തോടെ ഒഴിവാക്കലുണ്ടെങ്കിൽ ഇടപെടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കടുത്ത മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. കുറഞ്ഞത് 15 പേർ നേരിട്ടുവന്ന് പരാതി പറഞ്ഞാൽ ആ നിമിഷം ഇടപെടുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി 'ഇന്ത്യ" മുന്നണിയിലെ പാർട്ടികളും സന്നദ്ധ സംഘടനകളും അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കവയൊണ് നിലപാട്. 65 ലക്ഷം പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പോകുകയാണെന്ന് ഹർജിക്കാർ വാദിച്ചു. എന്യുമേറഷൻ ഫോമുകൾ നൽകിയില്ലെന്നാണ് കമ്മിഷൻ പറയുന്നത്. ഒന്നുകിൽ മരണമടഞ്ഞിരിക്കാം, അല്ലെങ്കിൽ ബീഹാറിന് പുറത്ത് സ്ഥിരതാമസമാക്കിയവരായിരിക്കുമെന്നും കമ്മിഷൻ ന്യായീകരിക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ആശങ്കകൾ
പരിഗണിക്കും
ഹർജിക്കാരുടെ ആശങ്കകൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമപരമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിൽ ജുഡിഷ്യറി ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. ആഗസ്റ്ര് ഒന്നിനാണ് ബീഹാറിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 12,13 തീയതികളിൽ ഹർജികളിൽ വാദംകേൾക്കും. വോട്ടർ പുതുക്കൽ നടപടികളിൽ ആധികാരിക രേഖയായി ആധാർ കാർഡും വോട്ടർ ഐ.ഡിയും സ്വീകരിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞതവണ കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു. രണ്ടും സ്വീകരിക്കാൻ കഴിയില്ലെന്ന കമ്മിഷൻ നിലപാട് വിമർശനത്തോടെ തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |