റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന തണ്ണിമത്തന്റെ വാർഷിക വിളവെടുപ്പ് റെക്കാർഡ് ഭേദിച്ച് ആറ് ലക്ഷം ടൺ കവിഞ്ഞു. ഈ വർഷം രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനം 6,10,000 ടണ്ണിലെത്തിയതായി അധികൃതർ അറിയിച്ചു.
സൗദിയിലെ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ ഉയർന്ന ഗുണനിലവാരം പുലർത്തുന്നതാണ്. ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ സെവൻ, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.
ജ്യൂസുകൾ, ഐസ്ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളുടെ നിർമ്മാണത്തിലും തണ്ണിമത്തൻ വലിയ സംഭാവന നൽകുന്നുണ്ട്. തണ്ണിമത്തന്റെ സമൃദ്ധമായ ഉത്പാദനം, വിവിധ വ്യവസായങ്ങളിലെ ഉപയോഗം എന്നിവ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലിക വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും സഹായിക്കും. കാർഷിക സുസ്ഥിരത കൈവരിക്കുന്നതിനും പ്രാദേശിക ഉത്പാദനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന 'സൗദി വിഷൻ 2030' ന്റെ ലക്ഷ്യങ്ങളുമായി ഈ നേട്ടം യോജിക്കുന്നതാണ്. സാങ്കേതിക മാർഗ്ഗനിർദ്ദേശം, സാമ്പത്തിക സഹായങ്ങൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ പ്രയോഗം വിപുലീകരിക്കൽ എന്നിവയുൾപ്പെടെ എല്ലാ പിന്തുണയും സേവനങ്ങളും നൽകി കർഷകരെ ശാക്തീകരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |