വാഷിംഗ്ടൺ: 5000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ബോയിംഗ് 787-8 ഡ്രീം ലൈനർ വിമാനം എഞ്ചിൻ തകരാറായതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന് വേണ്ടി സർവീസ് നടത്തുന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ജൂലായ് 25 ന് വാഷിംഗ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ നിന്ന് മ്യൂണിക്കിലേക്കുള്ള വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പറക്കുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ പൈലറ്റ് മെയ് ഡേ സന്ദേശം നൽകി.
വിമാനം പറന്നുയർന്ന് 5,000 അടി ഉയരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ക്രൂ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായതിനാൽ രണ്ടരമണിക്കൂറോളം വട്ടമിട്ട് പറന്നതിന് ശേഷമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇടതു എഞ്ചിൻ തകരാറിലായതിനാൽ ലാൻഡ് ചെയ്ത വിമാനത്തെ റൺവേയിൽ നിന്ന് വലിച്ചിഴച്ചാണ് ഹാംഗറിലേക്ക് മാറ്റിയത്. ഡള്ളസ് വിമാനത്താവളത്തിൽ വിമാനം തുടരുകയാണ്. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിംഗിന്റെ ഡ്രീംലൈനർ വിമാനമായിരുന്നു. അന്നത്തെ അപകടത്തിൽ 290 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |