ഗാസ: ഗാസയിൽ വലിയ തോതിലുള്ള ഭക്ഷ്യക്ഷാമം പടരുന്നതിനാൽ അവിടെ മാനുഷിക സഹായം ആവശ്യമാണെന്ന് യു.എൻ ഭക്ഷ്യ സുരക്ഷാ സംഘടന. ആയിരത്തിലധികം കുട്ടികളാണ് പോഷകാഹാരക്കുറവും പട്ടിണിയുമായി ബന്ധപ്പെട്ട മരണങ്ങളും അതിവേഗം വർദ്ധിച്ചുവരുന്നത്. വായുവിലൂടെയുള്ള ഭക്ഷണവിതരണം മേഖലയിലുടനീളം വ്യാപിക്കുന്ന ‘മാനുഷിക ദുരന്തത്തെ’ തടയില്ലെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ഇനിഷ്യേറ്റീവ് (ഐ.പി.സി) പറഞ്ഞു.
ക്ഷാമത്തിന്റെ സാഹചര്യം ഇപ്പോൾ ഗാസ മുനമ്പിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുത അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയും തടസങ്ങളില്ലാത്തതും വലിയ തോതിലുള്ളതുമായ മാനുഷിക സഹായവും ഉണ്ടെങ്കിലേ കൂടുതൽ മരണങ്ങളും ദുരിതങ്ങളും തടയാൻ കഴിയൂ- ഐ.പി.സി മുന്നറിയിപ്പു നൽകി.
ആയിരക്കണക്കിന് ഹമാസ് അംഗങ്ങളെ വധിച്ചതായും അവർ ഉപയോഗിച്ചുവന്ന നൂറുകണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടന്ന തുരങ്കങ്ങൾ തകർത്തതായും ഇസ്രേയൽ അവകാശപ്പെടുന്നു. ലോകത്തിന്റെ വിവിധകോണുകളിൽ നിന്ന് വെടിനിറുത്തലിനുള്ള അപേക്ഷയും നിർദ്ദേശവും വന്നുകൊണ്ടിരിക്കുകയാണ്. അവശ്യസേവനങ്ങളുടെ പ്രവർത്തനം മോശം നിലയിലാണെന്നും പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കുന്നതായും ആഗോള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
60,000 പാലസ്തീനികൾ
കൊല്ലപ്പെട്ടു
ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 60,000ത്തോളം പാലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗാസ. 2023 ഒക്ടോബർ ഏഴിനാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ആക്രമണങ്ങളിൽ കൊല്ലപ്പട്ടവരിൽ ഭൂരിഭാഗവും പൊതുജനങ്ങളാണെന്നും ഗാസയുടെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഒന്നരലക്ഷത്തോളം പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കും പ്രദേശങ്ങൾക്കുമടിയിൽ കുടുങ്ങി ആയിരക്കണക്കിനാളുകളെ കാണാതായതായും മന്ത്രാലയം വ്യക്തമാക്കി.ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തെ തുടർന്നാണ് ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെടുകയും 250 ലേറെ പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇസ്രയേൽ നടത്തിയ കര, വ്യോമാക്രമണങ്ങളിൽ ഗാസയിലും സമീപപ്രദേശങ്ങളിലുമായി 23 ലക്ഷത്തോളം പേർ സ്വന്തം ദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോയി. ഗാസ പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടു. ഹമാസിന്റെ സൈനികശേഷി ശിഥിലമാക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
പാലസ്‌തീനെ സ്വതന്ത്ര രാജ്യമായി
അംഗീകരിക്കും: ബ്രിട്ടൻ
പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടേതാണ് പ്രസ്താവന. സെപ്തംബറിനുള്ളിൽ ഇസ്രയേൽ വെടിനിറുത്തൽ നടപടികൾ എടുക്കണമെന്നും ഇല്ലെങ്കിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നുമാണ് നിലപാടെടുത്തത്. നേരത്തെ ഫ്രാൻസും സമാന നിലപാടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |