ന്യൂഡൽഹി: 'പിതാവ് രാജീവ് ഗാന്ധി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ വേദന ഉള്ളിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ്. അവരുടെ വേദന ഉൾക്കൊള്ളുന്നു"-കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭർത്താവ് രക്തസാക്ഷിത്വം വരിച്ചപ്പോഴാണ് അമ്മ സോണിയാ ഗാന്ധി കരഞ്ഞത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി സോണിയ കണ്ണീരൊഴുക്കിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അവർ.
ഇന്റലിജൻസ് പരാജയവും സുരക്ഷാ വീഴ്‌ചയുമാണ് പഹൽഗാം ആക്രമണത്തിന് കാരണമായതെന്ന് ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രിയങ്ക ആരോപിച്ചു. ആക്രമണ സമയം സുരക്ഷാസേന ഇല്ലായിരുന്നു. പ്രതിദിനം 1500ഓളം സന്ദർശകരെത്തുന്ന സ്ഥലത്ത് ഒരു സൈനികനെ പോലും വിന്യസിക്കാതിരുന്നത് എന്തുകൊണ്ടാണ്. സർക്കാരിനെ വിശ്വസിച്ചവർക്ക് ജീവൻ പോയി. ഹീനമായ ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ച് വിവരം ലഭിക്കാതിരുന്നത് സുരക്ഷാ ഏജൻസികളുടെ പരാജയമാണ്. 2008ലെ 26/11 മുംബയ് ഭീകരാക്രമണത്തിൽ അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശത്തിനും അവർ മറുപടി പറഞ്ഞു. ഒരാളൊഴികെ എല്ലാ ഭീകരരെയും അന്ന് കൊന്നു. ഒരാളെ തൂക്കിലേറ്റി. മഹാരാഷ്ട്ര മുഖ്യമന്ത്രി രാജിവച്ചു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി രാജിവച്ചു. ജനങ്ങളോട് അവർക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു.
ഡൽഹി, മണിപ്പൂർ കലാപങ്ങൾ, പഹൽഗാം ആക്രമണം എന്നിവയ്‌ക്ക് ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ഓപ്പറേഷൻ സിന്ദൂറിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. സൈനികരുടെ വീര്യം മാത്രമല്ല, സർക്കാരിന്റെ സത്യസന്ധതയും ജനം ആഗ്രഹിക്കുന്നു. കൊല്ലപ്പെട്ടവർ രാഷ്ട്രീയ കരുക്കളല്ല. രാജ്യത്തിന്റെ പുത്രന്മാരും രക്തസാക്ഷികളുമാണ്- പ്രിയങ്ക പറഞ്ഞു.
വീഴ്ചയുടെ ഉത്തരവാദിത്വം അമിത് ഷാ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്‌തതെന്ന് ഡി.എം.കെ എം.പിയായ കനിമൊഴി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |