ഒരു ചൈനീസ് ഡെലിവറി ബോയ് കണ്ണീരണിയുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീവിതത്തിൽ താൻ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഈ ചൈനീസ് യുവാവ് പങ്കുവയ്ക്കുന്നത്. വളരെ നേരത്തെ തന്നെ സ്കൂൾ പഠനം അവസാനിപ്പിച്ചതിനാൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിന്റെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കണ്ണീരണിഞ്ഞുകൊണ്ട് യുവാവ് തുറന്നു പറയുന്നത്.
'വിശ്രമമില്ലാതെ പത്ത് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഒരു നായയെപ്പോലെ ക്ഷീണിതനാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു. പഠനം അവസാനിപ്പിക്കരുതെന്ന് അദ്ധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും അവരുടെ വാക്കുകളെ ധിക്കരിച്ച് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ അദ്ധ്യപകരുടെ ഉപദേശത്തിന്റെ വില എത്രത്തോളമുണ്ടെന്ന് മനസിലാക്കുകയാണ്'.- യുവാവ് പറഞ്ഞു.
'ഒരു നിമിഷം പോലും മടിച്ചുനിൽക്കാനാകില്ല, അങ്ങനെ മടിച്ചു നിന്നാൽ ജീവിതം ഒഴിഞ്ഞ വയറുമായി എന്നെ ശിക്ഷിക്കും. എനിക്ക് എങ്ങനെ പേടി തോന്നാതിരിക്കും?"- യുവാവ് വീഡിയോയിലൂടെ കരഞ്ഞുകൊണ്ട് പറഞ്ഞു.
ജോലി ഭാരം കാരണം തനിക്ക് മാതാപിതാക്കളെ പിന്തുണയ്ക്കാൻ കഴിയുന്നില്ല. ജീവിത ലക്ഷ്യങ്ങൾ പിന്തുടരാൻ കഴിയാത്തതിലുള്ള പശ്ചാത്താപം കൊണ്ട് ജീവിതം തകരുകയാണെന്നും യുവാവ് പറഞ്ഞു. 'എന്റെ മാതാപിതാക്കൾക്ക് അവർ അർഹിക്കുന്ന ജീവിതം നൽകാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കാൻ പോലും എന്നെക്കൊണ്ടാവുന്നില്ല. ആ ഒരു സത്യം എന്റെ ഹൃദയം തകർക്കുകയാണ്. ഞാൻ ആരോടാണ് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ടത്'- യുവാവ് കൂട്ടിച്ചേർത്തു.
വീഡിയോാ വൈറലായതിന് പിന്നാലെ യുവാവിന് വേണ്ടി പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. 'സഹോദരാ കരയാതിരിക്ക് ബിരുദമുള്ളവർപോലും ഇക്കാലത്ത് ബുദ്ധിമുട്ടുകയാണ്. വിഷമിക്കേണ്ട'. -ഒരാൾ അഭിപ്രായപ്പെട്ടു. “സർ എനിക്ക് വിദ്യാഭ്യാസമുണ്ട്. നിങ്ങളെപ്പോലെ തന്നെ ഞാനും ഇതേ അവസ്ഥയിലാണ്.” മറ്റൊരാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ചൈനയിലെ ഹാങ്‌ഷൗവിൽ 18 മണിക്കൂർ നീണ്ട ജോലി ഭാരത്തെ തുടർന്ന് ഇലക്ട്രിക് സ്കൂട്ടറിൽ തളർന്ന് ഉറങ്ങിപ്പോയ 55കാരൻ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |