ഹോട്ടൽ ഉടമയുടെ ശരീര ഭാഗങ്ങൾ മുതലയുടെ വയറ്റിൽ

Wednesday 06 May 2026 1:25 AM IST

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാണാതായ ഹോട്ടൽ ഉടമയുടെ മൃതദേഹാവശിഷ്ടങ്ങൾ മുതലയുടെ വയറ്റിൽ കണ്ടെത്തി. എംപുലാംഗ പ്രവിശ്യയിലാണ് സംഭവം. ഏപ്രിൽ 27ന് കൊമാട്ടി നദിയിൽ ഒഴുക്കിൽപ്പെട്ട ഗബ്രിയേൽ ബാറ്റിസ്റ്റയുടെ (59) ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പിക്ക് അപ്പ് ട്രക്കോടിച്ച് കൊമാട്ടി നദിക്ക് കുറുകെയുള്ള താഴ്ന്ന പാലം കടക്കാൻ ശ്രമിക്കവെ ട്രക്കിനൊപ്പം ഒഴുക്കിൽപെടുകയായിരുന്നു.

ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ച് ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും ബാറ്റിസ്റ്റയെ കണ്ടെത്താനായില്ല. ഇതിനിടെ ട്രക്ക് നദിയിൽ കണ്ടെത്തി. അസാധാരണമായി വയറുവീർത്ത 15 അടി നീളമുള്ള ഒരു മുതലയേയും സമീപത്ത് കണ്ടെത്തി. ഇതോടെ 500 കിലോയോളം ഭാരമുള്ള മുതലയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് മുതലയുടെ വയറ്റിൽ രണ്ട് കൈകളും എല്ലുകളും അടക്കം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തിയത്. വിരലിലുണ്ടായിരുന്ന മോതിരം ബാറ്റിസ്റ്റയുടേത് ആണെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ബാറ്റിസ്റ്റയുടേത് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധനയും നടത്തും.