നൂറാം പിറന്നാൾ: ആറ്റൻബറോയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം
ലണ്ടൻ: ഇന്നലെ നൂറാം പിറന്നാൾ ആഘോഷിച്ച ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഇതിഹാസം സർ ഡേവിഡ് ആറ്റൻബറോയ്ക്ക് ആദരം അർപ്പിച്ച് ശാസ്ത്രലോകം. ചിലിയിൽ കണ്ടെത്തിയ പുതിയ ഇനം കടന്നലിന് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകി. 'ആറ്റൻബറോ നങ്ക്യൂലസ് ടൗ ' എന്നാണ് 3.5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഇത്തിരിക്കുഞ്ഞൻ കടന്നലിന്റെ പേര്. പ്രകൃതി, വന്യജീവി പഠനങ്ങൾക്ക് ആറ്റൻബറോ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ആദരം.
ആറ്റൻബറോയുടെ പിറന്നാൾ ദിനമായ ഇന്നലെ വിപുലമായ ആഘോഷങ്ങളാണ് ലണ്ടൻ അടക്കം യു.കെയിലെ നഗരങ്ങളിൽ അരങ്ങേറിയത്. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ആറ്റൻബറോയെ ആദരിക്കാൻ ബി.ബി.സി ലൈവ് പരിപാടി സംഘടിപ്പിച്ചു. ചാൾസ് മൂന്നാമൻ രാജാവ്, ഭാര്യ കാമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു.
പ്രായാധിക്യം പരിഗണിച്ച് കുടുംബത്തിനൊപ്പം റിച്മണ്ടിലെ വസതിയിലായിരുന്നു ആറ്റൻബറോയുടെ ആഘോഷം. എഴുത്തുകാരനും ജീവശാസ്ത്രജ്ഞനും ചരിത്രകാരനുമായ ആറ്റൻബറോയ്ക്ക് അവതാരകനെന്ന നിലയിൽ ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. ബി.ബി.സി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റുമായി ചേർന്ന് അദ്ദേഹം തയ്യാറാക്കിയ ലൈഫ് സീരീസിലെ ഒമ്പത് നാച്ചുറൽ ഹിസ്റ്ററി ഡോക്യുമെന്ററികൾ ലോക പ്രശസ്തമാണ്.