വത്തിക്കാൻ:വിവാദബഹുലമായ ഒരു കാലഘട്ടത്തിൽ ആഗോള കത്തോലിക്കാ സഭയെ നയിക്കുകയും ആറ് നൂറ്റാണ്ടിനിടെ ആദ്യമായി മാർപാപ്പ പദവി ത്യജിക്കുകയും ചെയ്‌ത ബെനഡിക്‌ട് പതിനാറാമൻ കാലം ചെയ്‌തു. 95 വയസായിരുന്നു.
വത്തിക്കാനിലെ മേറ്രർ എക്ലീസിയ മൊണാസ്ട്രിയിൽ ഇന്നലെ രാവിലെ 9.34നായിരുന്നു അന്ത്യമെന്ന് വത്തിക്കാൻ വക്താവ് മാറ്രിയോ ബ്രൂണി അറിയിച്ചു. ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ എന്നാണ് യഥാർത്ഥ പേര്.
ഭൗതികദേഹം തിങ്കളാഴ്ച മുതൽ സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്‌ക്കും. വ്യാഴാഴ്‌ച ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ വത്തിക്കാനിൽ തന്നെ ബെനഡിക്ടിന്റെ സംസ്കാരം നടക്കുമെന്നാണ് കരുതുന്നത്.
ഭാരത സഭയിലെ ആദ്യ വിശുദ്ധയായി അൽഫോൻസാമ്മയെ നാമകരണം ചെയ്തത് ബെനഡിക്‌ട് പതിനാറാമനാണ്. കത്തോലിക്ക സഭയെ പിടിച്ചുലച്ച, വൈദികരുൾപ്പെട്ട ലൈംഗിക വിവാദങ്ങളുടെ പേരിൽ ആദ്യമായി മാപ്പ് ചോദിച്ച മാർപാപ്പയാണ് അദ്ദേഹം.
2005 ഏപ്രൽ 19ന് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായാണ് ബെനഡിക്ട് പതിനാറാമനെത്തിയത്. ഒരു സഹസ്രാബ്ദത്തിനിടെ മാർപാപ്പയാവുന്ന ആദ്യ ജർമ്മൻ പൗരനാണ് അദ്ദേഹം. എട്ട് വർഷത്തിനു ശേഷം 2013 ഫെബ്രുവരിയിൽ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു. 1415നു ശേഷം ആദ്യമായാണ് ഒരു മാർപാപ്പ സ്ഥാന ത്യാഗം ചെയ്തത്. തുടർന്ന് പോപ്പ് എമിററ്റ്സ് പദവിയിൽ വത്തിക്കാൻ വസതിയിൽ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ നില കുറച്ചുനാളായി വഷളായിരുന്നു. ബെനഡിക്ട് പതിനാറാമനായി പ്രാർത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. ബുധനാഴ്ച മുതൽ നില ഗുരുതരമായി.
1927 ഏപ്രിൽ 16ന് ജർമ്മനിയിലെ ബവേറിയയിലുള്ള മാർക്ക്ത്തൽ ആം ഇന്നിൽ പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് റാറ്റ്സിംഗർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജനനം. 14-ാം വയസിൽ ഹിറ്റ്ലറുടെ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായെങ്കിലും അമേരിക്കൻ സൈന്യത്തിന്റെ തടവിലായി. 1945ൽ സഹോദരനോടൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951ൽ വൈദികനായി. ദൈവശാസ്‌ത്ര പണ്ഡിതനെന്ന നിലയിൽ
പ്രശസ്‌തനായി. ജർമ്മൻ സർവകലാശാലകളിൽ തിയോളജി പ്രൊഫസറായി. 31ാം വയസിൽ ഫുൾ പ്രൊഫസർ പദവി നേടി. 1977ൽ മ്യൂണിക്കിലെ ആർച്ച് ബിഷപ്പായി. പിന്നീട് ബിഷപ്പുമാരുടെ സിനഡുകളിൽ മാർപ്പാപ്പയുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ചുമതലയായി.
78-ാം വയസിൽ മാർപാപ്പ
78-ാം വയസിൽ മാർപാപ്പയായപ്പോഴാണ് ബനഡിക്ട് പതിനാറമൻ എന്ന പേര് സ്വീകരിച്ചത്. വിവാദങ്ങൾ നിറഞ്ഞ കാലമായിരുന്നു അദ്ദേഹത്തിന്റേത്. വത്തിക്കാനിലെ ഉൾപ്പോരുകളും വൈദികർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിവാദങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിന് വെല്ലുവിളിയായി. പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾ മുസ്ലീങ്ങളെ ചൊടിപ്പിച്ചതും വത്തിക്കാൻ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസും പാചകക്കാരൻ അദ്ദേഹത്തിന്റെ രഹസ്യരേഖകൾ ചോർത്തിയതും വിവാദമായി. അദ്ദേഹത്തിന്റെ നിലപാടുകൾ പലതും വിമർശനങ്ങൾക്കും വഴിവച്ചു. സ്ത്രീകൾ വൈദികരാകുന്നതിന് എതിരായിരുന്നു. ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ നിലപാടെടുത്തു.
ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലർത്തിയ അദ്ദേഹം ജനങ്ങളുമായി സംവദിക്കാൻ സമൂഹ മാദ്ധ്യമങ്ങളും ഉപയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |