കാൻബെറ: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള സീവേൾഡ് തീംപാർക്കിന് സമീപം രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 4 പേർ കൊല്ലപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകളിലുമായി ഉണ്ടായിരുന്ന മറ്റ് 9 പേർ പരിക്കേറ്റ് ചികിത്സയിലാണെന്ന് ക്വീൻസ്ലൻഡ് ആംബുലൻസ് സർവീസ് അറിയിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9.30ഓടെ ബ്രിസ്ബെയ്നിൽ നിന്ന് തെക്ക് 75 കിലോമീറ്റർ അകലെയുള്ള മെയിൻ ബീച്ച് എന്ന തീരപ്രദേശ ടൂറിസ്റ്റ് മേഖലയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററുകളിലൊന്ന് ലാൻഡിംഗിന് ശ്രമിക്കവെ ടേക്ക് ഓഫ് ചെയ്ത മറ്റൊരു ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കടൽത്തീരത്തെ മണൽത്തിട്ടയിലേക്ക് ഒരു ഹെലികോപ്റ്ററിന് ലാൻഡിംഗ് നടത്താനായെങ്കിലും മറ്റേത് ഇവിടെ തകർന്നുവീണു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സീവേൾഡ് തീംപാർക്കിലേക്കുള്ള പ്രധാന റോഡ് അധികൃതർ അടച്ചു. സംഭവത്തിൽ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |