ഇന്ത്യയും യു.എസും നേരത്തേ ഭീകരനായി പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ജമ്മു കാശ്മീരിൽ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നല്കിയ പാക് ലഷ്‌കർ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി യു.എൻ രക്ഷാസമിതി പ്രഖ്യാപിച്ചു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന നേരത്തേ ഉയർത്തിയ എതിർപ്പ് പിൻവലിച്ചതോടെയാണ് വഴിയൊരുങ്ങിയത്. മക്കിയെ നേരത്തേ ഭീകരനായി പ്രഖ്യാപിച്ച ഇന്ത്യയുടെ വിജയം കൂടിയാണ് രക്ഷാസമിതി തീരുമാനം. മക്കിയെ ഭീകരനായി നേരത്തേ പ്രഖ്യാപിച്ച അമേരിക്ക , വിവരം നല്കുന്നവർക്ക് 20 ലക്ഷം ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. യു.എസ് ഭീകരലിസ്റ്റിലുള്ള എഫ്.ടി.ഒ ഉൾപ്പെടെ നിരവധി ഭീകര സംഘടനകളുടെ നേതൃ സ്ഥാനത്ത് മക്കി പ്രവർത്തിച്ചിട്ടുണ്ട്.
ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ 2022 ജൂണിൽ രക്ഷാസമിതിയുടെ 1267 ഉപരോധ കമ്മിറ്റിയിൽ ഇന്ത്യയും യു.എസും സമർപ്പിച്ച പ്രമേയം ചൈന ആറുമാസത്തേക്ക്സാങ്കേതിക കാരണങ്ങൾ കാട്ടി തടഞ്ഞിരുന്നു. അത് പിൻവലിച്ചതോടെ ഉപരോധസമിതി ഇന്ത്യയുടെയും അമേരിക്കയുടെയും പ്രമേയങ്ങൾ അംഗീകരിക്കുകയായിരുന്നു. ചൈനയുടെ വിലക്കിനെ ഇന്ത്യ വിമർശിച്ചിരുന്നു.
ലഷ്‌കറെ തയ്ബ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. ഭീകരപ്രവർത്തനത്തിനായി ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മക്കി പ്രവർത്തിച്ചു.
2020ൽ ഭീകരർക്ക് ധനസഹായം നല്കിയതിന് പാക് ഭീകര വിരുദ്ധ കോടതി മക്കിക്കു തടവു ശിക്ഷ വിധിച്ചിരുന്നു, ലഷ്‌കറിന്റെ പല ഓപ്പറേഷനുകൾക്കും നേതൃത്വം വഹിക്കുകയും ലഷ്‌കർ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ലഷ്‌കറിന്റെ വിദേശകാര്യ തലവനും ലഷ്‌കർ ഭരണസമിതിയായ ഷൂറയിൽ അംഗവും ആയിരുന്നു. നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ന്യൂനപക്ഷ ആക്രമണം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകി.
മുംബയ് ഭീകരാക്രമണം, ചെങ്കോട്ട ആക്രമണം,രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണം, ജമ്മുകാശ്മീരിലെ വിവിധ സ്ഥലങ്ങളിലെ ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തു.
പാക് ഭീകര ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള കുപ്രസിദ്ധ ഭീകരരെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നതിന് ചൈന മുമ്പും തടസം നിന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |