ബീജിംഗ്: വർഷങ്ങളായി ജനസംഖ്യയിൽ ഒന്നാം സ്ഥാനം നിലനിറുത്തുന്ന ചൈനയിൽ ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞുവരുന്നെന്ന് റിപ്പോർട്ട്. ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും ചൈനയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചൈനയെ സംബന്ധിച്ച് ഈ കണക്കുകൾ തിരിച്ചടിയാണ്. യുവാക്കളുടെ അപര്യാപ്തത അല്ലെങ്കിൽ തന്നെ ചൈനയെ സാരമായി ബാധിച്ചുവരികയാണ്. കൊവിഡ് പിടിയിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ കൂടി നഷ്ടമായപ്പോൾ ചൈനയുടെ ഭാവി നിലനില്പ് ചോദ്യ മുനയിലാക്കുന്നതാണ് പുതിയ കണക്കുകൾ. ചരിത്രപരമായ ഇടിവെന്നാണ് വിദഗ്ദ്ധർ ചൈനയിലെ പുതിയ കണക്കുകളെക്കുറിച്ച് പ്രതികരിച്ചത്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ഈ വർഷം ചൈനയ്ക്ക് നഷ്ടപ്പെടുമെന്നും ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറും എന്നുമാണ് റിപ്പോർട്ട്.
ഇന്ത്യയിൽ യുവാക്കളുടെഎണ്ണം വളരെകൂടുതലാണ്. ഇനിയുള്ള കാലം ഇന്ത്യയുടെ എല്ലാ മേഖലയിലും യുവാക്കളായിരിക്കും ഉണ്ടായിരിക്കുക എന്നതും സമീപ ഭാവിയിൽ ഇന്ത്യ ചൈനയേക്കാൾ നേട്ടങ്ങളിലെത്തും എന്നതിന് കാരണമായി വിദഗ്ദ്ധർ പറയുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അവസാനം വരെ ചൈനയിൽ 1.41 ബില്യൺ ജനങ്ങളാണ് ഉണ്ടായിരുന്നത്. 2021 നെ അപേക്ഷിച്ച് 850,000 കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ചൈനീസ് മുൻ നേതാവ് മാവോ സേതുങ്ങിന്റെ കീഴിലുള്ള മഹാക്ഷാമത്തിന്റെ അവസാന വർഷമായ 1961 ന് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.
കണക്കുകൾ ചൈനീസ് ഭരണകൂടത്തേയും വിദഗ്ദ്ധരേയും ആശങ്കയിലാക്കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനുള്ളിലോ 2050 ആകുമ്പോഴേക്കുമോ ജനസംഖ്യ 109 ദശലക്ഷമായി ചുരുങ്ങുമെന്നാണ് യു.എൻ വിദഗ്ദ്ധരുടെ പ്രവചനം. ഇതുപോലെ ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് സംബന്ധിച്ച് 2019ൽ വിദഗ്ദ്ധർ നടത്തിയ പ്രവചനത്തേക്കാൾ മൂന്നിരട്ടി വർദ്ധനയാണ് ജനസംഖ്യയുടെ ഇടിവിൽ ഉണ്ടായിട്ടുള്ളത്.
1974ലെ സാംസ്കാരിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് 2022ലായിരുന്നു. 1980നും 2015നും ഇടയിൽ ചൈനയിൽ നടപ്പാക്കിയ ഒറ്റക്കുട്ടി നയത്തിന്റെ പേരിലാണ് ഈ ഇടിവുണ്ടായതെന്നും വിദ്യാഭ്യാസ ചെലവും കുട്ടികളെ വളർത്തുന്ന ചെലവും കാരണമായിട്ടുണ്ടെന്നും ചൈനീസ് വിദഗ്ദ്ധർ പറയുന്നു. ചൈനയ്ക്ക് അവരുടെ സാമ്പത്തിക സാമൂഹിക പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ പറയുന്നു. ചൈനയിലെ ജനസംഖ്യ 2022ൽ 1.41 ബില്യണായിരുന്നു. 2022ൽ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു.
2022 ഡിസംബർ എട്ടിനും 2023 ജനുവരി 12 നും ഇടയിൽ ചൈനീസ് ആശുപത്രികളിൽ 60,000 ത്തോളം ആളുകൾ കൊവിഡ് 19 ബാധിച്ച് മരിച്ചതായാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇത് വലിയ തോതിൽ ജനസംഖ്യയെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ചൈനയിൽ ആറു പതിറ്റാണ്ടിനിടെ ആദ്യമായി മരണങ്ങൾ ജനനത്തേക്കാൾ കൂടുതലായി. നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 1960കളുടെ തുടക്കത്തിൽ, മാവോ സേതുങ്ങിന്റെ 'ഗ്രേറ്റ് ലീപ് ഫോർവേഡ്' സമയത്താണ് ചൈനയിൽ ഇതിനു മുമ്പ് ജനനത്തേക്കാൾ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ആയുർദൈർഘ്യത്തിലെ ഉയർച്ചയോടൊപ്പം ജനസംഖ്യ കുറയുന്നത് ചൈനയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ലോകത്തിനാകെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ദ്ധർ പറയുന്നതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുവാക്കളുടെ എണ്ണത്തിൽ കുറവുവരികയും വൃദ്ധജനസംഖ്യയിൽ ഉയർച്ചയുണ്ടാകുകയും ചെയ്യുമെന്നതാണ് മറ്റൊരുപ്രധാന ആശങ്ക. അത്തരമൊരു സാഹചര്യമുണ്ടായാൽ ചൈന ഉത്പാദന രംഗത്ത് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഈ വർഷാവസാനം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നേക്കും.
ജനനനിരക്ക് കുറയ്ക്കാൻ ചൈനീസ് ഭരണകൂടം ഏറെക്കാലമായി നടപടി സ്വീകരിച്ചു വരികയായിരുന്നു. പുതിയ ധാരാളം പദ്ധതികൾ അതിനായി ആവിഷ്കരിക്കുകയും ചെയ്തു.
തെക്കൻ മെഗാസിറ്റിയായ ഷെൻഷെനിൽ നിലവിൽ ഒരു ജനന ബോണസും കുട്ടിക്ക് മൂന്ന് വയസ്സ് വരെ അലവൻസുകളും നൽകുന്നുണ്ട്.
പതിറ്റാണ്ടുകളായി തുടരുന്ന ഒരു കുട്ടി നയം കാരണം ചൈനക്കാർ ചെറിയ കുടുംബവുമായി വരികയാണെന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയിലെ ഗവേഷകനായ സിയുജിയാൻ പെങ് അഭിപ്രായപ്പെട്ടു. കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിന് പ്രസവം, രക്ഷാകർതൃത്വം, വിദ്യാഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര നയ പാക്കേജ് ആവശ്യമാണെന്നും പ്രസവത്തിനു ശേഷമുള്ള സ്ത്രീകളുടെ തൊഴിൽ അരക്ഷിതാവസ്ഥ പ്രത്യേകം അഭിസംബോധന ചെയ്യേണ്ട പ്രശ്നമാണെന്നും പെങ് അപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |