കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായിരുന്ന 40 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ആക്രമണമുണ്ടായ ഡിസ്നിപ്രോ നഗരത്തിലേക്ക് വേഗത്തിൽ കൂടുതൽ ആയുധങ്ങൾ വിന്യസിക്കാനൊരുങ്ങി യുക്രെയിൻ. റഷ്യൻ സേനയ്ക്ക് മുന്നേറാനായി അവർ പിടിച്ചടക്കാൻ ശ്രമിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങളായ ബഖ്മുട്ടിനും അവ്ദികയ്ക്കും ചുറ്റുമുള്ള 25 നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യൻ ആക്രമണമുണ്ടായതായി യുക്രെയിൻ ആർമി ജനറൽ സ്റ്രാഫ് അറിയിച്ചു. റഷ്യൻ അതിർത്തിക്കടുത്തുള്ള വടക്കു കിഴക്കൻ ഖാർകീവ്, സുമി പ്രദേശങ്ങളിലെ 30ലധികം ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ഷെല്ലാക്രമണം തുടർന്നു. റഷ്യൻ സൈന്യം നവംബറിൽ ഉപേക്ഷിച്ച പ്രദേശിക തലസ്ഥാനമായ ഖേർസൺ ഉൾപ്പെടെ നിരവധി പട്ടണങ്ങളിൽ റഷ്യൻ സേന മിസൈൽ ആക്രമണം നടത്തി.
ഡിനിപ്രോയിൽ മരണം 40
ഡിനിപ്രോയിൽ ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി ഉയർന്നു. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ആറ് കുട്ടികളെ അടക്കം 39 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. യുദ്ധത്തിൽ മുന്നേറാൻ റഷ്യ പുതിയ ശ്രമങ്ങൾ നടത്തുന്നു. ആയുധ വിതരണത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. എല്ലാം ഏകോപിപ്പിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഈ സംഭവം അടിവരയിടുന്നെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചു.
ബ്രിട്ടന്റെ സഹായം
14 ചലഞ്ചർ 2 വാഹനങ്ങളും നൂറ് കണക്കിന് കവചിത വാഹനങ്ങളും അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും സഹായങ്ങളും നല്കാമെന്ന് ബ്രിട്ടൺ തിങ്കളാഴ്ച അറിയിച്ചു.
യുക്രെയിന് കൂടുതൽ സഹായങ്ങൾ നല്കുന്നതിനായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികളുടെ ഒരു യോഗം നടക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, യുദ്ധത്തിനിടെ സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാരെ സൈന്യം ലക്ഷ്യം വയ്ക്കുന്നില്ലെന്നാണ് റഷ്യ പറയുന്നത്. കിഴക്കൻ യുക്രയിൻ നഗരമായ സോളേദാർ പിടിച്ചെടുത്തതായി മോസ്കോ കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു. എന്നാൽ അവിടെ ഇപ്പോഴും തങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും യുക്രെയിൻ പ്രതികരിച്ചു.
യുക്രെയിന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഒലെസ്കി ഡാനിലോവ് ആയുധ വിതരണത്തിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു.
യുക്രെയിന് 3 ബില്യൺ യൂറോ സഹായവുമായി ഇ.യു
യൂറോപ്യൻ യൂണിയനിൽ നിന്ന് 18 ബില്യൺ യൂറോ സാമ്പത്തിക സഹായ പാക്കേജിന്റെ ആദ്യ ഗഡുവായ 3 ബില്യൺ യൂറോ (3.26 ബില്യൺ ഡോളർ) യുക്രെയ്നിന് ലഭിച്ചതായി ധനമന്ത്രി സെർജി മാർചെങ്കോ പറഞ്ഞു.
യുക്രെയ്നിന് അഭൂതപൂർവമായ ഇളവുകളോടെയാണ് ഫണ്ട് നൽകിയിരിക്കുന്നത്. യുക്രെയ്നിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള പിന്തുണയ്ക്ക് യൂറോപ്യൻ യൂണിയൻ പങ്കാളികളോട് നന്ദിയുണ്ട്,' മാർചെങ്കോ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |