മുംബയ് ഭീകരാക്രമണം: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകും
വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ (64) യു.എസ് ഉടൻ ഇന്ത്യയ്ക്ക് വിട്ടുനിൽകും. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ ഇയാൾ സമർപ്പിച്ച ഹർജി യു.എസ് സുപ്രീം കോടതി തള്ളി.ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ.പാക് ആർമിയിലെ മുൻ ഡോക്ടറാണ് റാണ.
ഇതോടെ യു.എസ് - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങൾ നീങ്ങി. ഇയാൾ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ യു.എസിന് കൈമാറിയിരുന്നു.
റാണയുടെ ഹർജി തള്ളണമെന്ന് യു.എസ് സർക്കാർ കഴിഞ്ഞ മാസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറാൻ 2023 മേയിലാണ് കാലിഫോർണിയ കോടതി ഉത്തരവിട്ടത്. അപ്പീലുകൾ തള്ളിയതോടെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്.
# നയതന്ത്ര വിജയം
റാണയും ഭീകരൻ ഡേവിഡ് ഹെഡ്ലിയും ലഷ്കറെ ത്വയ്ബ അടക്കം പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി. 2008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.
പാക് വംശജനായ ഹെഡ്ലി അമേരിക്കൻ ജയിലിൽ. മുംബയ് ഭീകരാക്രമണ പങ്ക് തെളിയാത്തതിനാൽ കേസിൽ യു.എസ് ശിക്ഷ നൽകിയില്ല. പക്ഷേ, ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്കർ ഭീകരരെ സഹായിച്ചതിനും 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവ് വിധിച്ചു. 2020ൽ കൊവിഡ് പശ്ചാത്തലത്തിൽ ജയിൽ മോചിതനായ റാണയെ ഇന്ത്യയുടെ ആവശ്യപ്രകാരം അറസ്റ്റ് ചെയ്തു