മഹിന്ദ രാജപക്‌സെയുടെ മകൻ അറസ്റ്റിൽ
Sunday 26 January 2025 6:41 AM IST
കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകൻ യോഷിത രാജപക്സെ അഴിമതിക്കേസിൽ അറസ്റ്റിൽ. ഇന്നലെ ബെലിയാറ്റയിൽ നിന്നാണ് മുൻ നേവി ഓഫീസർ കൂടിയായ യോഷിതയെ അറസ്റ്റു ചെയ്തത്. മഹിന്ദ പ്രസിഡന്റായിരിക്കെ വസ്തു വാങ്ങുന്നതിൽ യോഷിത അഴിമതി കാട്ടിയെന്നാണ് ആരോപണം. മഹിന്ദയുടെ മൂന്ന് ആൺമക്കളിൽ രണ്ടാമത്തെയാളാണ് യോഷിത. കേസിൽ മഹിന്ദയുടെ സഹോദരനും മുൻ പ്രസിഡന്റുമായ ഗോതബയ രാജപക്സെയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രസിഡന്റ് അനുക കുമാര ദിസനായകെയുടെ നേതൃത്വത്തിലെ പുതിയ സർക്കാർ അധികാരത്തിലേറിയത് മുതൽ രാജപക്സെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.