ഒരു കിലോ അരിക്ക് 340 രൂപ, കോഴിയിറച്ചി വില 800 കടന്നു; പാകിസ്ഥാന്റെ സമ്പൂര്‍ണ തകര്‍ച്ച അധികം വൈകില്ല

Tuesday 29 April 2025 8:46 PM IST

ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് പാക് സൈന്യം സര്‍ക്കാരിന് നല്‍കി കഴിഞ്ഞു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് പാകിസ്ഥാന്‍ വീമ്പിളക്കുന്നതെങകിലും സാമ്പത്തികമായി തകര്‍ന്ന് അതികഠിനമായ ദാരിദ്ര്യത്തിലാണ് പാകിസ്ഥാന്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നതിനിടെ പാക് കറന്‍സി നിലംപൊത്തുകയാണ്.

പാകിസ്ഥാനിലെ വിദേശനാണ്യ ശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ മരുന്ന് നിരോധനം കൂടി ഏര്‍പ്പെടുത്തിയതോടെ ആരോഗ്യമേഖലയിലും പാകിസ്ഥാന്‍ വെള്ളം കുടിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും പാക് കറന്‍സി മോശം അവസ്ഥയിലേക്ക് പോകുന്നുണ്ട്. ഇങ്ങനെ പോയാല്‍ പാപ്പര്‍ രാജ്യമായി പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ് പാകിസ്ഥാനിലുള്ളത്. തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നതാണ് പാകിസ്ഥാന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുടെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണ് പാക് കറന്‍സി. മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് പാകിസ്ഥാനിലെ സാധാരണക്കാര്‍. അരി, പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവ സാധാരണക്കാരന് താങ്ങാവുന്നതിലും അധികം വിലയിലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ലാഹോറിലും കറാച്ചിയിലും ഒരു കിലോ അരിയുടെ വില 340 രൂപയാണ്.

കോഴിയിറച്ചി വ്യാപകമായി കഴിക്കുന്നവരാണ് പാകിസ്ഥാനികള്‍. ഒരു കിലോ കോഴിയിറച്ചി വാങ്ങണമെങ്കില്‍ 800 രൂപയാണ് നല്‍കേണ്ടത്. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ കൈക്കൊണ്ട ചില തീരുമാനങ്ങളും പാകിസ്ഥാന്റെ സാമ്പത്തിക രംഗത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്.