പ്രധാനമന്ത്രിയുടെ കസേരയ്‌ക്ക് ചുറ്റും വളഞ്ഞ് പ്രതിപക്ഷ വനിതാ എംപിമാർ, ബാനർ ഉയർത്തി പ്രതിഷേധം, സഭയിൽ നാടകീയ രംഗങ്ങൾ

Wednesday 04 February 2026 9:15 PM IST

ന്യൂഡൽഹി: പാർ‌ലമെന്റിൽ രാഷ്‌ട്രപതിയുടെ നന്ദി പ്രമേയത്തിൻമേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വലിയ ബഹളത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇ‌ന്ന്‌ വൈകുന്നേരം അഞ്ചിന് സഭ ചേർന്നപ്പോഴാണ് ഇതുണ്ടായത്.‌ ചൊവ്വാഴ്‌ച മുൻ കരസേനാ മേധാവി എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചത് തടഞ്ഞതോടെയാണ് സഭ പ്രക്ഷുബ്‌ദമായത്. തുടർന്ന് എട്ട് പ്രതിപക്ഷ എംപിമാരെ സ്‌പീക്കർ ഓം ബിർള സസ്‌പെൻഡ് ചെയ്‌തതിന്റെ പ്രതിഷേധം ഇന്നും സഭയെ ബഹളമയമാക്കി.

ഇതിനിടെ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗ സമയത്ത് നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷ വനിതാ എംപിമാരായ വർഷ ഗെയ്‌ക്‌വാദ്, ജ്യോതിമണി എന്നിവർ പ്രധാനമന്ത്രിയടക്കം ഭരണപക്ഷ ചില അംഗങ്ങളുടെ കസേരകൾ തടഞ്ഞു. 'ശരിയായത് ചെയ്യൂ' എന്നെഴുതിയ ബാനർ ഉയർത്തിയാണ് അവർ സ്ഥലത്ത് പ്രതിഷേധിച്ചത്. എട്ട് പ്രതിപക്ഷ അംഗങ്ങളുടെ സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

സ്‌പീക്കറുടെ ചുമതല വഹിച്ചിരുന്ന സന്ധ്യാ റായ് ഇതോടെ സഭാ നടപടികൾ നിർത്തിവച്ചു.ഇന്ന് ഇതടക്കം നിരവധി തവണ സഭ പ്രതിപക്ഷപ്രതിഷേധം കാരണം സഭ‌ നിർത്തിവയ്‌ക്കേണ്ടിവന്നു. കേന്ദ്രമന്ത്രിമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മാത്രമാണ് വനിതാ എംപിമാർ പ്രതിഷേധം നിർത്തിയത്. എംപിമാർ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.

'സഭയിൽ സംഭവിച്ചത് വളരെയധികം പേടിപ്പെടുത്തുന്ന സംഭവമാണ്. കോൺഗ്രസിന്റെ വെപ്രാളമാണ് ഇതിലൂടെ വെളിവാകുന്നത്. മുൻകൂട്ടി തീരുമാനിച്ചതുപോലെയാണ് വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ കസേരയ്‌ക്ക് സമീപം നിന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സമയോചിത ഇടപെടൽ കൊണ്ട് മാത്രമാണ് സംഭവം നിയന്ത്രണവിധേയമായത്.' മനോജ് തിവാരി പറഞ്ഞു.

രാവിലെ ബഹളത്തെ തുടർന്ന് സഭ ഉച്ചവരെ നിർത്തിയിരുന്നു. ഉച്ചയ്‌ക്ക് ലോക്‌സഭ ചേർന്നപ്പോഴും 2020ലെ ചൈന-ഇന്ത്യ ഏറ്റുമുട്ടലിലെ ചൊല്ലി പ്രതിപക്ഷം സഭ സ്‌തംഭിപ്പിച്ചു. ഇതോടെയാണ് അഞ്ചുമണിവരെ സഭ നിർത്തിവച്ചത്. എന്നാൽ വൈകിട്ടും സംഘർഷ സ്ഥിതിയിൽ മാറ്റമുണ്ടായില്ല.