പുലർച്ചെ റോഡിൽ തെരുവ്‌നായ്‌ക്കൂട്ടം, അലറി ഓടിച്ച് തെയ്യം

Wednesday 11 February 2026 6:31 PM IST

കണ്ണൂർ: നടുവിൽ ബാലവാടിയ്‌ക്ക് സമീപം തെയ്യത്തിന് മുന്നിൽ കുരച്ചെത്തി തെരുവ്‌നായ്‌ക്കൾ. തെയ്യം തിരികെ ചിലമ്പ് കുലുക്കി 'ഹാ' എന്ന് അട്ടഹസിച്ചതോടെ നായ്‌ക്കൾ തിരിഞ്ഞോടി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നടുവിൽ പള്ളിത്തണ്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം സ്ഥലത്തെ ചുഴലി ഭഗവതി ക്ഷേത്രം,​ പൊള്ളാലിടം,​ ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന പെരുവാറ്റ് പാച്ചിൽ എന്ന ചടങ്ങ് നടത്തുകയായിരുന്നു. അകമ്പടിക്കാരും,​ വാദ്യക്കാരുമില്ലാതെ തെയ്യം കെട്ടിയാടിയ ഇടത്ത്‌നിന്നും ഒറ്റയ്‌ക്കാണ് ഇവിടെയെത്തി തിരികെപോകുന്നത്.

ആചാരമനുസരിച്ച് ചുഴലി ഭഗവതി ക്ഷേത്രം,​ പൊള്ളാറ്റിടം എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തേക്ക് പോകും വഴി മൂന്ന് തെരുവ്‌നായ്‌ക്കൾ തെയ്യത്തിന് മുന്നിൽ കുരച്ചെത്തി. ഇതോടെ അട്ടഹസിച്ച് തെയ്യം നായ്‌ക്കളെ തുരത്തുകയായിരുന്നു. തളിപ്പറമ്പ് ബാറിൽ അഭിഭാഷകൻ എ പി കണ്ണൻ ജന്മാവകാശിയായ ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ 19കാരനായ മകൻ ആദിത്യനാഥാണ് കോലമണിഞ്ഞത്. ഇതിനിടെയാണ് തെരുവുനായ്‌ക്കളെ കണ്ടത്. പണ്ടുകാലങ്ങളിൽ പുലർച്ചെ വെളിച്ചത്തിൽ നാട്ടുവഴിയിലൂടെ തെയ്യം പായുന്ന പതിവുണ്ടായിരുന്നു.