കര്‍ണാടകയില്‍ നിന്ന് എല്ലാം സെറ്റ് ചെയ്യുന്നത് നാഫില നേരിട്ട്; ഒപ്പമുണ്ടായിരുന്നത് മൂന്ന് യുവാക്കള്‍

Tuesday 17 February 2026 12:36 AM IST

കൊച്ചി: ബംഗളൂരുവില്‍ നിന്ന് രാസലഹരിയുമായി കൊച്ചിയില്‍ വന്നിറങ്ങിയ യുവതിയുള്‍പ്പെടെ മൂന്നു പേരെ സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തു, കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കരുക്കാശേരില്‍ വീട്ടില്‍ നാഫില (31), എറണാകുളം പോഞ്ഞിക്കര നോര്‍ത്ത് കണിയാപുരത്ത് അലന്‍ ഡേവിഡ് (25), തൃക്കാക്കര കങ്ങരപ്പടി വടകോട് കുഴിവിലകത്ത് വീട്ടില്‍ ഫസീര്‍ നാസര്‍ (26) എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്നുള്ള ആഡംബര ബസില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന് സമീപം വന്നിറങ്ങിയപ്പോഴാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് 37.65 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന നാഫിലയാണ് കൂട്ടുപ്രതികളായ അലന്‍ ഡേവിഡിനും ഫസീറിനും രാസലഹരി ഏര്‍പ്പാടാക്കി നല്‍കുന്നതെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. അലന്‍ ഡേവിഡ് നേരത്തേ ഒരു വാഹന ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് രാസലഹരി വിതരണം. പാലാരിവട്ടം പൊലീസിന് കൈമാറിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.