സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം

Sunday 10 May 2026 1:26 AM IST

പാലക്കാട്: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള റഫ്ത്താർ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ (ആർ.എ.ബി.ഐ) വഴി കാർഷിക സംരംഭകത്വ വികസനത്തിന് പിന്തുണ നൽകുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. പ്രധാൻ മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ (പി.എം.ആർ.കെ.വി.വൈ.) ഭാഗമായാണ് പദ്ധതികൾ. കെ.എ.യു.ആർ.എ.ഐ.എസ്.ഇ എന്ന അഗ്രിപ്രുണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമും കെ.എ.യു. പി.എ.സി.ഇ എന്ന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ പ്രോഗ്രാമുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്. കാർഷിക മേഖലയിലെ പുതുമയാർന്ന ആശയങ്ങളുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി വികസിപ്പിക്കാനും സംരംഭങ്ങളാക്കി മാറ്റാനും ഈ പദ്ധതികൾ വഴി അവസരം ലഭിക്കും. അപേക്ഷകൾ മേയ് 16ന് വൈകുന്നേരം നാലുവരെ ഓൺലൈൻ ഫോമുകൾ വഴിയോ അല്ലെങ്കിൽ ഇമെയിൽ മുഖേനയോ നൽകാം.

കെ.എ.യു. പി.എ.സി.ഇ പദ്ധതിയിൽ ഇതിനകം പ്രോട്ടോടൈപ്പ് ഘട്ടത്തിൽ എത്തിയ സ്റ്റാർട്ടപ്പുകൾക്ക് വിപണിയിലേക്ക് എത്തുന്നതിനും വ്യാപാരവത്കരണത്തിനുമായി 25 ലക്ഷം വരെ സഹായധനം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവും ബിസിനസ് വികസനത്തിനുമുള്ള സമഗ്ര പിന്തുണ, ആധുനിക ഇൻക്യുബേഷൻ സൗകര്യങ്ങൾ, സംരംഭകത്വപരിശീലന പരിപാടികൾ എന്നിവ നൽകുന്നതോടൊപ്പം സംരംഭങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനായി ആവശ്യമായ സാമ്പത്തികസഹായവുമാണ് ലഭ്യമാകുന്നത്.

 5 ലക്ഷംവരെ ഗ്രാൻഡ്

പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി വികസിപ്പിക്കുന്നതിനായി അഞ്ചുലക്ഷം വരെ ഗ്രാന്റും വിദ്യാർത്ഥികൾക്ക് നാലുലക്ഷം വരെ സഹായധനവും ലഭിക്കും; വിള സംരക്ഷണം, ഭക്ഷ്യസംസ്‌കരണമേഖല, കാർഷിക വിതരണശൃംഖല വികസനം, കൃത്യതാകൃഷി, ജൈവകൃഷി, കാർഷിക യന്ത്രവത്കരണം, കാർഷികമേഖലയിലെ കൃത്രിമബുദ്ധിയുടെ പ്രയോഗങ്ങൾ, നൈസർഗിക വിഭവ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന വിവിധ കാർഷിക അനുബന്ധ മേഖലകളിലെ പുതുമയാർന്ന ആശയങ്ങൾക്ക് പദ്ധതിയിൽ മുൻഗണന നൽകും.