വിമാനത്താവളം വരുന്നതിൽ തെറ്റില്ല: അബിൻ വർക്കി
Saturday 09 May 2026 10:18 PM IST
പത്തനംതിട്ട: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്തതരത്തിൽ ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് നിയുക്ത എം.എൽ.എ. അബിൻ വർക്കി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം എം.എൽ.എയ്ക്ക് മാത്രം നടപ്പാക്കാവുന്ന കാര്യമല്ല. ഒരു വിമാനത്താവളം ഒരു പ്രദേശത്തെ മാത്രമല്ല, രണ്ടോ മൂന്നോ ജില്ലകളുടെ ആകെ വികസനത്തിന് സഹായിക്കുന്നതാണ്. ഒരാൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാവരുത് വിമാനത്താവളം. ആറന്മുളയുടെ തനതായ കാര്യങ്ങൾ സംരക്ഷിക്കുകയും വേണം. പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന് താൽപ്പര്യമില്ലാത്തതും സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതുമായ വിമാനത്താവള പദ്ധതിയ്ക്ക് ഇനി എങ്ങനെയാണ് സാദ്ധ്യത എന്ന് പരിശോധിക്കേണ്ട വിഷയമാണെന്ന് അബിൻ വർക്കി പറഞ്ഞു.