വോട്ട് ചോർച്ച; തുറന്ന ചർച്ചയ്ക്ക് സി.പി.എം

Monday 11 May 2026 12:12 AM IST
സി.പി.എം

കണ്ണൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേൺ പരിഗണിക്കുമ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി വോട്ടുകൾ ചോർന്നുപോയ സംഭവം ആഴത്തിൽ അന്വേഷിക്കാൻ സി.പി.എം. തുറന്ന ചർച്ചയ്ക്ക് ഒരുങ്ങുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടുചോർച്ചയാണ് ഇക്കുറി സംഭവിച്ചതെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

പയ്യന്നൂരിലും തളിപ്പറമ്പിലും ഒരിക്കലും ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്; ജില്ലാതല ചർച്ചകൾ അതിന്റെ തുടർച്ചയാണ്.

ഈ മാസം 15ന് ജില്ലാ സെക്രട്ടേറിയറ്റ് ചേരും. 16നും 17നും ജില്ലാ കമ്മിറ്റി യോഗം നടക്കും. തുടർന്ന് ഏരിയ കമ്മിറ്റികളും കീഴ്ഘടകങ്ങളും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. തളിപ്പറമ്പ്, പയ്യന്നൂർ മേഖലകൾ പ്രത്യേകം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ മാത്രം 10,000 വോട്ടാണ് ചോർന്നുപോയത്. പയ്യന്നൂരിൽ 20,000 വോട്ടുകൾ ചോർന്നു. തലശ്ശേരി, കല്യാശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലും ഗണ്യമായ വോട്ടുചോർച്ചയാണുണ്ടായത്.

ആശ്വാസമായി അഴീക്കോട് ഇതിനിടെ, അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ ചിത്രം വ്യത്യസ്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിൽ യു.ഡി.എഫ് 2,000 വോട്ടിന് മുന്നിലായിരുന്ന മണ്ഡലത്തിൽ അതിനെ മറികടന്ന് സ്ഥാനാർത്ഥി വിജയിച്ചത് സി.പി.എമ്മിന് ആശ്വാസമാണ്. ഇവിടെ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും പ്രവർത്തനശൈലിയും നിർണായകമായെന്നാണ് പാർട്ടി വിലയിരുത്തൽ.

തുറന്ന ചർച്ചയിൽ ആശങ്ക സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന യോഗങ്ങളിൽ വിമർശനങ്ങൾ തുറന്നു പറയാൻ കഴിയുമോ എന്ന ആശങ്ക പാർട്ടി വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. ഗോവിന്ദന്റെ ചില നിലപാടുകളിൽ ജില്ലയിലെ നേതാക്കൾക്ക് കടുത്ത വിമർശനം പങ്കുവയ്ക്കാനുണ്ട്. എന്നാൽ തുറന്ന ചർച്ചയ്ക്ക് ഒന്നും തടസ്സമാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ആസൂത്രിതമായി പ്രവർത്തിച്ചവരെ കണ്ടെത്തുക എന്നതും ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യമാണ്.