ചാലക്കുടി പുഴപ്പാലം അറ്റകുറ്റപ്പണി: കുരുങ്ങി ദേശീയപാത
ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമ്മാണത്തിന് പിന്നാലെ പുഴപ്പാലത്തിന്റെ അറ്റകുറ്റപ്പണികളും തുടങ്ങിയതോടെ ചാലക്കുടിയിൽ ഗതാഗതം സ്തംഭിച്ചു. പാലത്തിലെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പഴയപാലം അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തെക്ക് കറുകുറ്റി വരെയും വടക്ക് കൊടകര വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. പാലം അടച്ചതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ഒരു പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതിനെത്തുടർന്ന് തെക്ക് കറുകുറ്റി വരെയും വടക്ക് കൊടകര വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. മൂന്ന് വരികളിലായി പാഞ്ഞിരുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റവരിയായി മാറുന്നത് കുരുക്കിന്റെ ആക്കം കൂട്ടി. നിരവധി കണ്ടെയ്‌നറുകളും ട്രെയിലറുകളും എത്തുന്നത് ഗതാഗത നിയന്ത്രണം അസാധ്യമാക്കുകയാണ്. രാവിലെയും രാത്രിയിലും കുരുക്ക് രൂക്ഷമാണ്.
ആശ്വാസമായി അറ്റകുറ്റപ്പണി
ചാലക്കുടി പാലത്തിന്റെ തെക്കേ അറ്റത്തെ ആറ് ബെയറിംഗുകൾ മാറ്റി പുതിയത് ഘടിപ്പിച്ചു. ആദ്യ സ്്പാനിന്റെ അടിയിലെ ബെയറിംഗുകളാണ് മാറ്റിയത്. രണ്ടാമത്തെ സ്പാനുകൾ ഉയർത്തി ബെയറിംഗുകൾ മാറ്റൽ തിങ്കളാഴ്ച നടക്കും. മുൻ നിശ്ചയിച്ച പ്രകാരം നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്നാണ് കരാർ കമ്പനിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ നിശ്ചയിച്ച സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വലഞ്ഞ് രോഗികളും യാത്രക്കാരും
കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരും ആംബുലൻസുകളും മണിക്കൂറുകളോളമാണ് ചാലക്കുടിയിൽ കുടുങ്ങിക്കിടക്കുന്നത്. കഠിനമായ ചൂടിൽ വാഹനങ്ങൾ നിരങ്ങിനീങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പൊലീസും എൻ.എച്ച്.ഐ.എ. ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെങ്കിലും വാഹനപ്പെരുപ്പം നിയന്ത്രണം ഫലപ്രദമാകുന്നില്ല. പുഴപ്പാലം കടന്നുകിട്ടിയാലും യാത്രക്കാർക്ക് ദുരിതമാണ്. തൊട്ടടുത്തുള്ള മുരിങ്ങൂർ, ചിറങ്ങര അടിപ്പാതകളുടെ നിർമ്മാണ സ്ഥലങ്ങളാണ് അടുത്ത പരീക്ഷണം. മുരിങ്ങൂർ,ചിറങ്ങര അടിപ്പാതയുടെ മുകളിലൂടെ പകൽ വാഹനങ്ങൾ വിടുന്നുണ്ടെങ്കിലും വഴിവിളക്കുകളും മീഡിയനുകളും ഇല്ലാത്തതിനാൽ രാത്രി ഇവ അടച്ചിടും.