കുടിനീരിന് നെട്ടോട്ടം; നടുറോഡിൽ കുടിനിരൊഴുക്കി ജല വകുപ്പ്

Friday 15 May 2026 12:50 AM IST
മധുമല പൈപ്പ് പൊട്ടി അഞ്ചച്ചവിടി അങ്ങാടിയിൽ വെള്ളം കെട്ടിനിൽക്കുന്ന നിലയിൽ

കാളികാവ്: നാട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തിൽ ആഴ്ചകളായി റോഡിലൂടെ ശുദ്ധജലം പാഴാകുന്നതായി നാട്ടുകാരുടെ പരാതി. പലയിടങ്ങളിലും ടാങ്കർ ലോറികളിലാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്.

ജലവകുപ്പിന്റെ മധുമല ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയാണ് റോഡിലൂടെ കുടിനീരൊഴുകുന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും ജലവകുപ്പ് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാളികാവ് അഞ്ചച്ചവിടി കുന്നുമ്മൽ ജംഗ്ഷനിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.

മധുമല മേജർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൂച്ചപ്പൊയിൽ റോഡ് തിരിയുന്ന സ്ഥലത്താണ് പൊട്ടിയിട്ടുള്ളത്.

തൊട്ടടുത്ത് ശുദ്ധജല പദ്ധതിയുണ്ടെങ്കിലും ഇവിടെയുള്ള നൂറ്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നില്ല.

മധുമല പദ്ധതിയുടെ വെള്ളം പലയിടങ്ങളിലും നിലവിൽ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

കുടിനീരിന് ആളുകൾ ബുദ്ധിമുട്ടുമ്പോൾ വെള്ളം റോഡിൽ ഒഴുകിപ്പോകുന്നത് വിളിച്ചു പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.