വിറകടുപ്പുകാർക്ക് ഇരുട്ടടി​ (ഡെക്ക്) വെന്തു വിയർക്കുന്നു വിറകി​ന്റെ വി​ലച്ചൂടി​ൽ!

Friday 15 May 2026 12:51 AM IST

രണ്ടാഴ്ചയ്ക്കിടെ കൂടി​യത് 500 മുതൽ 800 രൂപ വരെ

അഞ്ചാലുംമൂട്: പാചകവാതക ക്ഷാമം പരിഹരിക്കാൻ വിറകടുപ്പിൽ തലയി​ട്ടവർക്ക് പൊള്ളലേൽക്കുന്നു! അഞ്ചാലുംമൂട്, കുണ്ടറ, കേരളപുരം ഭാഗങ്ങളിൽ ഒരു പെട്ടിഓട്ടോ വിറക് വീട്ടിലെത്തിക്കാൻ ഇപ്പോൾ 4,000 രൂപ വരെയാണ് ഈടാക്കുന്നത്. രണ്ടാഴ്ച മുൻപ് ഇത് 3,000 - 3,200 രൂപയായിരുന്നു. അല്പം കൂടി​ വലി​യ വണ്ടി​കളി​ൽ ലോഡി​ന് 5,000 രൂപ കടന്നു. രണ്ടാഴ്ചയ്ക്കിടെ 500 മുതൽ 800 രൂപ വരെയാണ് വർദ്ധി​ച്ചത്.

വേനൽ കനത്തതോടെ മരം മുറി കുറഞ്ഞതാണ് വിറക് വിപണിയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. വിറകിന് പ്രിയപ്പെട്ട റബ്ബർ തടികൾ മാർക്കറ്റിൽ കിട്ടാക്കനിയായി. പണ്ട് ആർക്കും വേണ്ടാതിരുന്ന പച്ചവിറകിനും പാഴ് തടികൾക്ക് പോലും ഇപ്പോൾ വൻ ഡിമാൻഡാണ്. മരം മുറിക്കൂലിയും വണ്ടിവാടകയും ഭയന്ന് മരം എടുക്കാൻ മടിച്ചിരുന്ന മൊത്തക്കച്ചവടക്കാർ നി​ലവി​ൽ വിറകിന് പറ്റിയ മരങ്ങൾ അന്വേഷിച്ച് നാട്ടിൻപുറങ്ങളിൽ ഓട്ടത്തി​ലാണ്. മില്ലുകളിൽ നിന്ന് നേരത്തെ ചെറിയ വിലയ്ക്ക് ലഭിച്ചിരുന്ന തടി വിറകിന് വണ്ടി വാടക പുറമെ 2,500 രൂപ വരെ നൽകണം. ഹോട്ടലുകളുടെ ആവശ്യത്തിന് മാത്രമായി മരം മുറിച്ച് എത്തിക്കുന്ന രീതിയും ഇപ്പോൾ സജീവമാണ്.

കച്ചവടം കൂടി, ലാഭം കമ്മി​

 വിറകിന് ആവശ്യക്കാരേറിയതോടെ മാസക്കച്ചവടം 3,000-8,000 രൂപയിൽ നിന്ന് 10,000 എത്തി

 റീട്ടെയിൽ വ്യാപാരികൾക്ക് വിറക് ലഭിക്കുന്ന വിലയിലുണ്ടായ വൻ വർദ്ധന തിരിച്ചടിയായി

 ഒരു ടൺ വിറകിന് ഒരാഴ്ചയ്ക്കിടെ 600 രൂപയോളം വർദ്ധിച്ചു

 3,000 രൂപയ്ക്ക് ലഭിച്ചിരുന്ന വിറകിന് ഇപ്പോൾ നൽകേണ്ടത് 3,600 രൂപയിലധികം.

 ഉയർന്ന വിലയ്ക്ക് എടുക്കുന്ന തടി കീറി ഉണക്കി വിൽക്കുമ്പോൾ കൂലി പോലും ലഭിക്കാത്ത അവസ്ഥ

 നഷ്ടം സഹിച്ചും കച്ചവടം തുടരാൻ തയ്യാറെങ്കിലും സ്റ്റോക്കില്ലാത്തത് പ്രതിസന്ധി

...........................................

വില്പന ഉയർന്നെങ്കിലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. പാഴ്‌മരങ്ങളുടെ വിറക് പോലും കിട്ടാനില്ല.

മോഹനൻ, ചെറുകിട വ്യാപാരി, എഴുകോൺ

.........................................

വില ഉയർന്നെങ്കിലും മില്ലുകളിൽ നിന്ന് വിറക് എത്തിച്ച് നൽകാറുണ്ട്. കിഴക്കൻ മേഖലയിലേക്ക് ഉൾപ്പെടെ എത്തിക്കുന്നു

സലിം, വ്യാപാരി, കേരളപുരം