കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ പാർക്കിംഗ് തട്ടിമാറ്റി യാത്രക്കാർ!
കനത്ത ഫീസ്, പാർക്കിംഗ് വഴിവക്കിൽ
കൊല്ലം: പാർക്കിംഗ് ഫീസിന്റെ കനം കാരണം കൊല്ലം റെയിൽവേ സ്റ്റേഷനിലെ ആധുനിക പാർക്കിംഗ് സ്റ്റേഷനെ കൈവെടിഞ്ഞ് വാഹന ഉടമകൾ. എയർപോർട്ട് മോഡൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച മൾട്ടി ലെവൽ പാർക്കിംഗ് ടവറിലേക്ക് വാഹനങ്ങൾ കാര്യമായി എത്തുന്നില്ല. പോക്കറ്റ് കീറുന്ന ഫീസായതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റോഡ് വക്കിനെ ആശ്രയിക്കുകയാണ് ഉടമകൾ.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്ഥിരമായി കാറുകളിലെത്തി ട്രെയിനിൽ കയറിപ്പോകാറുണ്ട്. ഇവർ മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിനെ ആശ്രയിച്ചാൽ മാസം 2000 രൂപ ഫീസായി നൽകേണ്ട സ്ഥിതിയാണ്. ദൂരെ യാത്ര പോകുന്നവരും ഉയർന്ന ഫീസ് കാരണം റോഡരികിൽ യാതൊരു സുരക്ഷയുമില്ലാതെ കാർ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. ട്രെയിൻ യാത്രക്കാരുടെ വിവിധ സംഘടനകൾ പാർക്കിംഗ് ഫീസ് കുറയ്ക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ അവഗണിക്കുകയാണ്.
കരാറുകാരൻ അവതാളത്തിൽ
മൾട്ടിലെവൽ പാർക്കിംഗ് ടവറും റോഡിന് എതിർവശത്തുള്ള സർഫസ് പാർക്കിംഗ് ഏരിയയും ജി.എസ്.ടി സഹിതം 7.45 കോടിക്കാണ് കരാറായത്. വൈദ്യുതി ചാർജ്ജ്, ജീവനക്കാരുടെ കൂലി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് ചെലവിട്ട തുക, ലാഭം എന്നിവ കിട്ടാൻ കരാറുകാരന് പ്രതിദിനം 61,000 രൂപ വരുമാനം ലഭിക്കണം. എന്നാൽ ശരാശരി 54,000 രൂപയാണ് പ്രതിദിന വരുമാനമെന്ന് കരാറുകാരൻ പറയുന്നു. 150 കാറുകൾ ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യമുള്ള ടവറിൽ പരമാവധി 120 കാറുകളാണ് ദിവസം എത്തുന്നത്. അതിൽ പലതും എട്ട് മണിക്കൂറിൽ താഴെ മാത്രമാണ് പാർക്ക് ചെയ്യുന്നത്.
കാറുകളുടെ പാർക്കിംഗ് ഫീസ്
2 മണിക്കൂർ- 30 രൂപ 2- 8 മണിക്കൂർ- 50 24 മണിക്കൂർ- 80 24- 48 മണിക്കൂർ- 180 48- 72 മണിക്കൂർ- 300
റെയിൽവേ നിശ്ചയിച്ച പാർക്കിംഗ് ഫീസാണ്. മറ്റ് സ്റ്റേഷനുകളിലും സമാനമായ നിരക്കാണ്. റെയിൽവേയ്ക്ക് മാത്രമേ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂ
കരാറുകാരൻ