പച്ചക്കറി വിലയിൽ റോക്കറ്റ് വേഗം
നാടൻ പച്ചക്കറികൾ വിപണിയിൽ കുറവ്
കൊല്ലം: കടുത്ത വേനലിൽ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതോടെ വില കുതിച്ചുയരുന്നു. നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതും പ്രതിസന്ധിയായി. രണ്ടാഴ്ചയ്ക്കിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്.
ബീൻസിനാണ് വില വൻതോതിൽ കൂടിയത്. ഒരുകിലോ ബീൻസിന് 140 ആണ് മൊത്തവിപണി വില. ഇഞ്ചി വിലയും കിലോയ്ക്ക് 140ൽ എത്തി. പാവയ്ക്ക കിലോയ്ക്ക് 70- 80 വരെയാണ് മൊത്തവിപണിയിൽ ഈടാക്കുന്നത്. കോളിഫ്ലവർ, കാബേജ്, പച്ചമുളക്, പടവലം, വഴുതന, വെണ്ടയ്ക്ക, കോവയ്ക്ക എന്നിവയ്ക്ക് 50 രൂപവരെയാണ് മൊത്തവിപണിയിലെ വില. അമരയ്ക്ക, ചെറിയ ഉള്ളി, ചേമ്പ്, പയർ എന്നീ ഇനങ്ങൾക്ക് 70- 75 വരെയാണ് ഈടാക്കുന്നത്. സവാള, കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക എന്നിവയുടെ വിലയിലാണ് അല്പം ആശ്വാസമുള്ളത്. വില മുന്നിട്ട് നിൽക്കുന്നതിനാൽ കിറ്റിൽ സാധനങ്ങളുടെ എണ്ണവും കുറഞ്ഞു. പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ ഏറ്റക്കുറച്ചിലും ഉണ്ടാകാം. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസുരു, മേട്ടുപ്പാളയം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറി എത്തുന്നത്.
ലഭ്യത കുറഞ്ഞു
കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന സ്ഥലങ്ങളിൽ കൃഷി കുറഞ്ഞു
വേനലിൽ കൃഷി വ്യാപകമായി നശിച്ചു
പച്ചക്കറി ലഭ്യത കുറഞ്ഞത് വില കൂട്ടി
പച്ചക്കറിവില (ഹോൾസെയിൽ, റീട്ടെയിൽ)
ബീൻസ് - 140 , 155
ഇഞ്ചി - 140-160
സവാള - 24, 30
അമരയ്ക്ക - 70,85
വെണ്ടയ്ക്ക - 50,60
വഴുതനങ്ങ- 50,55
വെള്ളരി - 25,30
മത്തൻ - 28,35
മുളക് - 50,55
തക്കാളി - 65,75
ഉരുളക്കിഴങ്ങ് -30,40
കനത്തവേനലിൽ കൃഷി വ്യാപകമായി നശിച്ചത് വിപണിയിൽ ലഭ്യതയെ സാരമായി ബാധിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിന്റെ കുറവും പൊതുവിപണിയിൽ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്
കച്ചവടക്കാർ