പൂവറ്റൂരിൽ വൃദ്ധയുടെ കഴുത്തിന് വെട്ടേറ്റു, മകൻ കസ്റ്റഡിയിൽ
കൊല്ലം: കൊട്ടാരക്കര പൂവറ്റൂരിൽ മകൻ അമ്മയുടെ കഴുത്തിന് വെട്ടി. ഗുരുതര പരിക്കേറ്റ പൂവറ്റൂർ ലക്ഷംവീട് കോളനിയിൽ പതിനെട്ടാം നമ്പർ വീട്ടിൽ ക്രിസ്റ്റീനയെ (90) കൊട്ടാാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്കു മാറ്റി. മകൻ രാജുവിനെ (65) പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രാജുവും ക്രിസ്റ്റീനയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് ശേഷം ക്രിസ്റ്റീനയെ കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിൽ രക്തം വാർന്നൊലിച്ച് അയൽക്കാർ കണ്ടു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. രാജുവിനെ നാട്ടുകാർ തടഞ്ഞുവച്ച ശേഷം പുത്തൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മദ്യ ലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് പറഞ്ഞു.