5 വർഷം, 50ലേറെ ട്രെക്കിംഗ്, മലകളെ മെരുക്കി മാധുരി
കൊച്ചി: ചെങ്കുത്തായ മലകയറ്റമെന്നും മാധുരിക്ക് ഹരമാണ്. മഞ്ഞിലും കരിമ്പാറകളിലും വിജയചരിത്രമെഴുതി ഈ ട്രെക്കിംഗ്താരം അഞ്ചുവർഷത്തിനിടെ നടത്തിയത് ഹിമാലയത്തിലടക്കം 50ലേറെ സാഹസികയാത്രകൾ. കൂടുതൽ ഉയരങ്ങളിലെത്താൻ അടുത്ത ഹിമാലയൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഈ 49കാരി. പാലാ അൽഫോൻസ കോളേജിൽ എൻ.സി.സി കേഡറ്റായിരിക്കെ ഊട്ടിയിൽ നടത്തിയ ട്രെക്കിംഗാണ് മനസ് കീഴടക്കിയത്. ഇടുക്കി മലനിരകൾ ഒറ്റയ്ക്കു നടന്നുകണ്ടിട്ടുള്ള അച്ഛൻ റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പരേതനായ മാത്യുവായിരുന്നു പ്രചോദനം. അമ്മ മേരി കട്ടയ്ക്കു കൂടെനിന്നു. പക്ഷേ യാത്ര വീണ്ടുംതുടങ്ങാൻ 2021 ആകേണ്ടിവന്നു. ഡ്രൈവിംഗും നീന്തലും സൈക്ലിംഗും പഠിച്ചത് വൈകിയാണെങ്കിലും ഇപ്പോൾ 'സ്പീഡ് ട്രാക്കിൽ". വർഷത്തിൽ ചുരുങ്ങിയത് 10 തവണയെങ്കിലും ട്രെക്കിംഗിന് പോകും.
ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള മാധുരി ആലുവ കടുങ്ങല്ലൂരിൽ കാർവാഷ് സെന്റർ നടത്തുകയാണ്. ഉയരെ എന്ന ട്രെക്കിംഗ് ഗ്രൂപ്പിന്റെ ലീഡറാണ്. 75 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാർ വരെ ഇതിലുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയായ മകൾ അഷ്മിതയ്ക്കും ട്രെക്കിംഗിൽ താത്പര്യമുണ്ട്. കോട്ടയം പള്ളിക്കത്തോട് സ്വദേശിനിയാണ്. താമസം കടുങ്ങല്ലൂരിൽ.
സ്വപ്നമെന്നും ഹിമാലയം
ഒരു യാത്രയിൽ 4 മുതൽ 15 പേർ വരെയുണ്ടാകും. ഏറ്റവും ഇഷ്ടപ്പെട്ട അഗസ്ത്യാർകൂടം, ഹിമാലയം, കാശ്മീർ ഗ്രേറ്റ് ലെയ്ക്‌സ് എന്നിവിടങ്ങളിലേക്ക് പലതവണ യാത്രനടത്തി. എവറസ്റ്റിന്റെ ബേസ് ക്യാമ്പ് വരെയെത്തി. ഓരോ യാത്രയിലും ഉയരംകൂട്ടി എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. യാത്രയുടെ ഒന്നോ രണ്ടോ മാസംമുമ്പ് തയ്യാറെടുപ്പ് തുടങ്ങണം. ദിവസവും നടക്കുകയും (ചുരുങ്ങിയത് 10,000 സ്റ്റെപ്പ്) മാരത്തണിൽ പങ്കെടുക്കുകയും വേണം. യോഗ, ജിം പരിശീലനം എന്നിവ ശാരീരികക്ഷമത കൂട്ടും. ചെങ്കുത്തായ മലനിരകളിൽ വടംഉപയോഗിച്ചും കല്ലുകളിൽ അള്ളിപ്പിടിച്ചും കയറേണ്ടിവരും. ഉണങ്ങിയ പഴങ്ങൾ, ചോക്ലേറ്റ്, ഈന്തപ്പഴം, വെള്ളം എന്നിവ യാത്രയിൽ കരുതും.
മഞ്ഞ് മുതൽ പ്രകാശം വരെ വില്ലനാകും
- ഹിമാലയൻ, കാശ്മീർ യാത്രകളിൽ ടെന്റുകളിലാണ് താമസം. ഹിമാലയത്തിൽ പുലർച്ചെ രണ്ടിന് യാത്രയാരംഭിക്കും. പകൽയാത്ര ദുഷ്‌കരമാണ്
- മഞ്ഞുരുകി തെന്നിവീഴാനിടയുണ്ട്. മഞ്ഞുപാളികളിൽ സൂര്യപ്രകാശംതട്ടി പ്രതിഫലിക്കുന്നത് കണ്ണിന് ആയാസകരം. കാഴ്ചയെ ബാധിക്കാനിടയുള്ളതിനാൽ യു.വി പ്രൊട്ടക്ഷനുള്ള സൺഗ്ലാസ് ധരിക്കണം
- വിഷപ്പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികളിൽ കരുതൽവേണം. ഹിമാലയൻ യാത്രകളിൽ ഗൈഡുണ്ടാകും. അസ്വസ്ഥത തോന്നിയാൽ ബേസ് ക്യാമ്പിലേക്ക് മടങ്ങണം