കണ്ണൂരിന് പിന്നാലെ പി.ജയരാജൻ അനുകൂല പോസ്റ്റർ മലയോരത്തും നേതൃമാറ്റം ആവശ്യപ്പെട്ട് പി.ജെ. ആർമി
കാളികാവ്: സി.പി.എമ്മിനുള്ളിലെ വിഭാഗീയതയ്ക്കും അണികൾക്കിടയിലെ അതൃപ്തിക്കും പുതിയ മാനങ്ങൾ നൽകി മലപ്പുറം ജില്ലയിലെ മലയോരത്തും പി. ജയരാജന് അനുകൂലമായി ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു. കണ്ണൂർ ജില്ലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന 'പി.ജെ. ആർമി' ഇപ്പോൾ അയൽ ജില്ലകളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് മലപ്പുറത്തെ നീക്കം. കാളികാവിനും വണ്ടൂരിനും ഇടയിലുള്ള വൈക്കോലങ്ങാടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പി.ജെ. ആർമി മലപ്പുറം എന്ന പേരിൽ വലിയ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
നിലവിലെ പാർട്ടിയുടെ സംഘടനാ രീതികളെയും നേതൃനിരയെയും പരോക്ഷമായി വിമർശിക്കുന്നതാണ് ബോർഡിലെ വരികൾ. വാക്കുകളല്ല, വർത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്. ആ കരുത്തായി പി.ജെ. വരട്ടെ എന്നാണ് ബോർഡിലുള്ളത്. സി.പി.എമ്മിലെ നിലവിലെ നേതൃനിരയെ മാറ്റി പി. ജയരാജനെ സജീവമായ മുൻനിര സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സൂചിപ്പിക്കുന്നത്.
പാർട്ടി അച്ചടക്കത്തിന് പുറത്ത് ജയരാജനായി ഒരു വലിയ യുവജന വിഭാഗം സോഷ്യൽ മീഡിയയിലും മറ്റും നിലയുറപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇത്തരം പ്രവണതകൾക്കെതിരെ പാർട്ടി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. ബോർഡ് സ്ഥാപിച്ചതിന് പിന്നിലാരെന്ന് വ്യക്തമല്ല. ആളും ഉടമയും ഇല്ലാതെ രാത്രിയുടെ മറവിൽ സ്ഥാപിച്ച ബോർഡ് വക വയ്ക്കുന്നില്ലെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. പ്രവർത്തകർക്ക് അഭിപ്രായം തുറന്നു പറയാൻ പാർട്ടി ചട്ടക്കൂടിൽ അവസരം ഉണ്ടെന്നും നേതൃത്വം വ്യക്തമാക്കി.