എസ്.എസ്.എൽ.സി പരീക്ഷാഫലം; ജില്ലയിൽ വിജയം 98.72 ശതമാനം

Saturday 16 May 2026 2:57 AM IST

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 98.72 ശതമാനം വിജയം നേടി മലപ്പുറം ജില്ല. ജില്ലയിൽ 80,108 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 79,083 പേർ തുടർപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയവരിൽ 40,750 പേർ ആൺകുട്ടികളും 39,358 പേർ പെൺകുട്ടികളുമാണ്. ഇതിൽ 40,142 ആൺകുട്ടികളും 38,941 പെൺകുട്ടികളും പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 28,477 പേർ തുടർപഠനത്തിന് യോഗ്യത നേടി. 99.57 ആണ് വിജയ ശതമാനം. 14,598 ആൺകുട്ടികളും 14,003 പെൺകുട്ടികളുമുൾപ്പെടെ 28,601 പേരാണ് പരീക്ഷ എഴുതിയത്. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,571 പേർ പരീക്ഷ എഴുതിയതിൽ 16,009 പേരാണ് വിജയിച്ചത്, 96.61 ശതമാനം. പരീക്ഷ എഴുതിയതിൽ 7,981 ആൺകുട്ടികളും 8,028 പെൺകുട്ടികളുമുണ്ടായിരുന്നു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,535 പേരാണ് വിജയം നേടിയത്, 98.63 ശതമാനം. 7,973 ആൺകുട്ടികളും 7,778 പെൺകുട്ടികളും ഉൾപ്പെടെ 15,751 പേർ പരീക്ഷ എഴുതിയിരുന്നു. മലപ്പുറം റവന്യൂ ജില്ലയിൽ 5,098 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഇതിൽ 1,433 ആൺകുട്ടികളും 3,665 പെൺകുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 172 ആൺകുട്ടികളും 502 പെൺകുട്ടികളും ഉൾപ്പെടെ 674 പേർ മുഴുവൻ എ പ്ലസ് നേടി. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 299 ആൺകുട്ടികളും 756 പെൺകുട്ടികളും ഉൾപ്പെടെ 1,055 പേരും തിരൂരങ്ങാടിയിൽ 328 ആൺകുട്ടികളും 834 പെൺകുട്ടികളും ഉൾപ്പെടെ 1,162 പേരും എ പ്ലസ് നേടി. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 2,030 വിദ്യാർത്ഥികളിൽ 2,026 പേർ ഉപരിപഠനത്തിന് അർഹരായി. 99.08 ശതമാനം വിജയം. ഇവിടെ152 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. . ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല തിരൂരാണ്, 96.60 ശതമാനം. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഏറ്റവും പിന്നിലുള്ള വിദ്യാഭ്യാസ ജില്ല തിരൂരാണ്, 4.1 ശതമാനം.

പുനർനിർണ്ണയത്തിന് അപേക്ഷിക്കാം

  • പുനർനിർണ്ണയത്തിനുള്ള അപേക്ഷ ഇന്ന് മുതൽ 21 വരെ നൽകാം.
  • സേ പരീക്ഷ ജൂൺ ആദ്യവാരം. ജൂൺ അവസാനത്തോടെ ഫലം

വിജയശതമാനം 98.72 പരീക്ഷ എഴുതിയവർ 80,108 തുടർപഠനത്തിന് യോഗ്യത നേടിയവർ 79,083 ജയിച്ച ആൺകുട്ടികൾ 40,142 ജയിച്ച പെൺകുട്ടികൾ 38,941