ബൈക്കിൽ കാറിടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

Tuesday 12 May 2026 1:17 AM IST

നെടുമ്പാശേരി: അത്താണി വിമാനത്താവള റോഡിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് നെല്ലിക്കട്ടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന മഥൂർ പാട്ടിലകുന്നിൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൾ ഇഷാന ഇസ്മതാണ് (20) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാസർകോട് ചെമ്പിറ്റുകുഴി മുട്ടത്തൊടി സാദത്ത് മഞ്ചലിൽ ഫറൂഖിന്റെ മകൻ സർഫാത്തി​നെ (27) പരിക്കുകളോടെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ വിമാനത്താവള റോഡിൽ ബി.പി.സി.എൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. യുവതി ബൈക്കിനു പിന്നി​ലി​രുന്ന് യാത്രചെയ്യുകയായിരുന്നു. അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാറാണ് അപകടമുണ്ടാക്കി​യത്. റോഡിൽ തലയടിച്ച് വീണതാണ് മരണകാരണം.

കാസർകോട് യുണൈറ്റഡ് നഴ്സിംഗ് സ്കൂൾ വി​ദ്യാർത്ഥി​നി​യാണ്. തൃപ്പൂണിത്തുറ സ്റ്റാച്യുവിൽ ഫാഷൻസ്റ്റോർ നടത്തുന്ന സർഫാത്ത് സുഹൃത്താണ്. നെഫീസയാണ് ഇഷാന ഇസ്മത്തിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്.

കാർ ഓടിച്ചത് 17കാരൻ

അത്താണിയിൽ യുവതിയുടെ ജീവനെടുത്ത കാർ ഓടിച്ചിരുന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അരൂർ സ്വദേശിയായ 17കാരനാണ് കാർ ഓടിച്ചിരുന്നത്. അത്താണിയിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ്. ഹോട്ടലിൽ രക്ഷിതാക്കൾ ഉറങ്ങുന്നതിനിടെ വീട്ടുകാർ അറിയാതെ കാറുമായി​ തട്ടുകടയിലേക്ക് വന്നതാണെന്നാണ് സൂചന.