ചിന്താമൃതം മോഹവും അതിമോഹവും
''മോഹമാണ് എല്ലാ ദു:ഖങ്ങൾക്കും കാരണമെന്ന് ശ്രീബുദ്ധൻ ഉപദേശിച്ചിട്ടുണ്ടോ? 'അതെ" എന്ന ഉത്തരം ഇപ്പോഴും മുറുകെ പിടിക്കുന്നവർ, മറ്റൊരു ചോദ്യത്തിനു കൂടി മറുപടി പറയണം: ശ്രീബുദ്ധൻ, വ്യക്തികളുടേയും, സമൂഹത്തിന്റെയും പുരോഗതികൾക്ക് തടയിടുന്ന ഒരു ചിന്തകനായിരുന്നോ? അല്ലല്ലോ. നമ്മുടെ മനസിലെ സ്വപ്നങ്ങളല്ലേ, സത്യമായി തീരാൻ നമ്മൾ യത്നിക്കുന്നത്! അപ്പോൾ, മോഹങ്ങളും, സ്വപ്നങ്ങളുമില്ലാതെ ജീവിതം മുന്നോട്ടു പോകുമോ? മനുഷ്യ ദുഃഖങ്ങളുടെ പ്രധാന കാരണം:'തൃഷ്ണ" അഥവാ അതിയായ ആസക്തി എന്നായിരുന്നു ശ്രീബുദ്ധൻ ഉപദേശിച്ചത്. ഇത്, പലപ്പോഴും 'മോഹം" എന്ന് ലളിതമായി പറയാറുണ്ട്! അത്, അതിമോഹവും, മോഹവും തമ്മിലുള്ള അന്തരത്തെപ്പറ്റി ചിന്തിക്കാത്തതിനാലാണോ? ബൗദ്ധദർശനത്തിൽ 'തൃഷ്ണ" എന്ന ആശയത്തിന് 'വിടാതെ പിടിച്ചു പറ്റുന്ന ആഗ്രഹം" എന്ന കൂടുതൽ ആഴമുള്ള അർത്ഥവുമുണ്ട്. ശ്രീബുദ്ധന്റെ ഉപദേശങ്ങളിലെ പ്രധാന സത്യമായ 'നാല് ആര്യസത്യങ്ങളിൽ" രണ്ടാം സത്യം ഇങ്ങനെയാണ്: ജീവിതത്തിൽ ദുഃഖമുണ്ട്. ദുഃഖത്തിനുള്ള കാരണം 'തൃഷ്ണ"യാണ്. 'തൃഷ്ണ " നശിച്ചാൽ, ദുഃഖവും അവസാനിക്കും! അതിലേക്കുള്ള മാർഗം അഷ്ടാംഗ മാർഗമാണ്. അതായത്, ശ്രീബുദ്ധൻ എല്ലാ സാധാരണ ആഗ്രഹങ്ങളെയും പൂർണമായി നിരസിച്ചില്ല. പക്ഷേ: അമിതമായ ആസക്തി, സ്വന്തമാക്കാനുള്ള പിടിവാശി, സ്വാർത്ഥമായ മോഹം, നഷ്ടപ്പെടുമെന്ന ഭയം ചേർന്ന ആഗ്രഹം ഇവയാണ് മനുഷ്യനെ ദുഃഖത്തിലാക്കുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഉദാഹരണത്തിന്: പണം വേണമെന്ന ആഗ്രഹം സ്വാഭാവികമായിരിക്കാം, എന്നാൽ, പണത്തിനായി മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത് 'തൃഷ്ണ"യാകുന്നു. അതിനാൽ 'മോഹമാണ് സർവ്വദുഃഖങ്ങൾക്കും കാരണം" എന്നത്, ശ്രീബുദ്ധന്റെ ആശയത്തിന്റെ ലളിത രൂപമാണ്. അതിമോഹം എന്നത്, പരിധിവിട്ട, വിവേകമില്ലാത്ത, നിയന്ത്രണം നഷ്ടപ്പെട്ട മോഹമാണ്. ഇതിൽ സ്വാർത്ഥത കൂടുതലാകും, മറ്റുള്ളവരുടെ നന്മ മറക്കും, നീതിയും ധർമ്മവും അവഗണിക്കും, മോഹം, മറ്റുള്ളവരെയും പരിഗണിക്കും. എന്നാൽ, അതിമോഹത്തിന് അടിമപ്പെട്ട വ്യക്തിയെ എപ്പോഴും സ്വാർത്ഥ ചിന്ത നയിക്കും. ഇപ്രകാരം പറഞ്ഞുകൊണ്ട് സദസ്യരെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ തുടർന്നു: ''ഒരു മലമുകളിൽ രണ്ട് ശക്തരായ കഴുകന്മാർ ജീവിച്ചിരുന്നു. ഒരാൾക്ക് മറ്റെയാളേക്കാൾ ഉയർന്ന പാറയിൽ ഇരിക്കണമെന്ന മോഹം ഉണ്ടായിരുന്നു. കാരണം,ആ സ്ഥാനം 'കാടിന്റെ രാജാവ് " എന്ന ബഹുമതിയുടെ അടയാളമായിരുന്നു. അതിനെചൊല്ലി അവർ തമ്മിൽ കടുത്ത മത്സരങ്ങളുണ്ടായിരുന്നു. കാട്ടിലെ ചെറിയ പക്ഷികൾ പലതവണ പറഞ്ഞു: 'നിങ്ങൾ തമ്മിൽ സഹകരിച്ചാൽ ഇരുവർക്കും സുരക്ഷിതമായി ജീവിക്കാം.""പക്ഷേ, അധികാര മോഹം അവരുടെ കണ്ണടച്ചു. ഒരു ദിവസം ആകാശത്ത് വലിയ കൊടുങ്കാറ്റ് വന്നു. പരസ്പരം പോരാടുന്നതിൽ മുഴുകിയിരുന്ന കഴുകന്മാർ അതറിഞ്ഞില്ല. ശക്തമായ കാറ്റിൽ ഇരുവരും പരിക്കേറ്റ് താഴേക്ക് വീണു. അവരുടെ കൂടുകളും നശിച്ചു. അവരെ നോക്കി ഒരു പഴയ ആമ പറഞ്ഞു: 'അധികാരത്തിനായുള്ള അന്ധമായ മത്സരം പലപ്പോഴും ശത്രുവിനേക്കാൾ മുമ്പ് സ്വയം നശിപ്പിക്കും." അതിനുശേഷം കാട്ടിലെ മൃഗങ്ങൾ സമാധാനത്തോടെ ജീവിക്കാൻ തുടങ്ങി. അധികാരത്തിനായി പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്നവർ അവസാനം തങ്ങളെ തന്നെ സ്വയം നശിപ്പിക്കും. നമ്മളിപ്പോൾ കുറച്ചു ദിവസങ്ങളായി അത്തരം ചില ചീറ്റലുകളും, പൊട്ടിത്തെറികളും കേൾക്കുന്നുണ്ട്, അല്ലേ? അവയൊക്കെ ആരംഭിച്ചതായി തോന്നുന്നുവെങ്കിൽ, അത് വെറും തോന്നലായിരുന്നില്ലല്ലോയെന്നു പറയേണ്ടി വരുമോയെന്നാണ് നമ്മുടെയിപ്പോഴത്തെ ശങ്ക!"" സദസിലെ കൂട്ടച്ചിരികൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിർത്തി.