
അരങ്ങിൽ കചന്റെ മനോധർമം ആട്ടം: ശുക്രാചാര്യരുടെ ആശ്രമ വർണന. ഒരു ആനക്കുട്ടി സിംഹത്തിന്റെ വായ് തുറന്ന് അതിന്റെ പല്ലുകൾ പിടിച്ചു വലിക്കുന്നു. താമര വലയങ്ങൾ എന്നു തെറ്റിദ്ധരിച്ചാണ് ആനക്കുട്ടി അതു ചെയ്യുന്നത്! സിംഹം അക്ഷോഭ്യനായി നിന്നുകൊടുക്കുന്നു. ഇത് കചൻ ആശ്രമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ വച്ചു തന്നെ കാണുന്നത് കചന്റെ വേഷം കെട്ടിയ നടൻ മനോധർമ്മത്തിലൂടെ കാണിക്കുകയാണ്, പദമില്ലാതെയുള്ള മനോ-ധർമ്മം ആട്ടം. നടന്റെ കണ്ണുകളുടെയും മുഖപേശികളുടെയും ചലനംകൊണ്ട് അർത്ഥം മനസിലാക്കണം. അതാണ് കഥകളി ആസ്വാദനം.ഇങ്ങനെ നടന്റെ ആട്ടത്തിന്റെ യഥാർത്ഥ അർത്ഥതലങ്ങൾ മനസിലാക്കണമെങ്കിൽ മേളം - പ്രത്യേകിച്ച് ചെണ്ട. അതിന്റെ ധർമം നിർവഹിക്കണം. കൃഷ്ണദാസിന്റെ ചെണ്ടവാദനത്തിലൂടെ ഇത് ആർക്കും മനസിലാകും. ഓരോ താമരവലയവും വലിച്ചു പിഴുതെടുക്കുന്നതുമാതിരി തന്നെ കൃഷ്ണദാസിന്റെ ചെണ്ടയുടെ ശബ്ദം നമുക്കും തോന്നിപ്പോകുന്നു. ഇത് കൃഷ്ണദാസിന്റെ പ്രത്യേക സിദ്ധിയാണ്.
മറ്റൊരു കാഴ്ച:
ആശ്രമത്തിൽ കീരിയും പാമ്പും തമ്മിൽ അത്യപൂർവമായ സൗഹൃദം! പാമ്പിന്റെ പത്തിക്കു പുറകിൽ ഒരു കീരി തന്റെ പല്ലുകൾ കൊണ്ട് മൃദുവായി ചൊറിഞ്ഞു കൊടുക്കുന്നു. ചൊറിയുന്ന സ്വരം ശ്രദ്ധിച്ചാൽ ചെണ്ടയിലൂടെ പതുക്കെ കേൾക്കാം. ഇത് ആശ്രമത്തിന്റെ പവിത്രത വെളിവാക്കാൻ കചൻ ആടുന്നതാണ്. പ്രേക്ഷകന് നന്നായി മനസിലാകത്തക്കവിധം നടന്റെ മുദ്രകൾക്ക് കൂടുതൽ അർത്ഥം നൽകി കൃഷ്ണദാസ് എന്ന ചെണ്ടക്കാരൻ മേളം അവതരിപ്പിക്കുന്നു. ശബ്ദം അളന്നുകൊട്ടാൻ കഴിവുള്ള ചെണ്ടക്കാരൻ.
ദേവയാനീ സ്വയംവരം ആട്ടക്കഥയിലെ ആട്ടമാണിത്. 'സ്വയംവരം" നടക്കുന്നില്ലെങ്കിലും ആട്ടക്കഥാകൃത്തായ താഴവന ഗോവിന്ദനാശാൻ 'ദേവയാനീ സ്വയംവരം" എന്നാണ് അതിനു പേരിട്ടത്. ദേവയാനീചരിതം എന്നും കചദേവയാനി എന്നുമുള്ള പേരുകളിൽ ഈ ആട്ടക്കഥ ആസ്വാദകമദ്ധ്യത്തിൽ അറിയപ്പെടുന്നു. കഥകളി കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഈ രണ്ട് മനോധർമ്മം ആട്ടങ്ങളും മനസിലാകുന്നതിന് കൃഷ്ണദാസിന്റെ ചെണ്ടവായനയില്ലെങ്കിൽ സാദ്ധ്യമല്ലതന്നെ. ഓരോ പ്രവൃത്തിയും മുദ്രയ്ക്കനുസരിച്ച് അളന്നുകൊട്ടാൻ മറ്റൊരു ചെണ്ടക്കാരനും ഇത്രത്തോളം ആവുമോ എന്ന് സംശയം.അസുരവാദ്യമായ ചെണ്ട ഏറ്റവും മൃദുവായ സ്വരത്തിൽ അത്ഭുതകരമാം വിധം ചെണ്ടയിലൂടെ കാണികൾക്ക് പകർന്നു നൽകുന്ന കൃഷ്ണദാസിനെ നാം അറിയാതെ നമിച്ചുപോകും. ചെണ്ടയിലൂടെ വീണവായന നടത്തുന്ന കൃഷ്ണദാസിന് ഈ രംഗങ്ങൾ അനായാസേന കൊട്ടാൻ കഴിയും. കലാമണ്ഡലം കൃഷ്ണദാസ് എന്നറിയപ്പെടുന്ന തരകത്ത് കൃഷ്ണദാസൻ എല്ലാ വേഷക്കാർക്കും പ്രിയങ്കരനായ ചെണ്ടവാദകനാണ്. എല്ലാ വേഷക്കാർക്കും മാത്രമല്ല സംഘാടകർക്കും ആസ്വാദകർക്കും സഹപ്രവർത്തകരായ കലാകാരന്മാർക്കും ഒരു പോലെ പ്രിയപ്പെട്ടവനായിത്തീർന്ന കലാകാരൻ!ശരീരം ഒന്നാകെ ഇളകുന്ന മട്ടിലുള്ള അദ്ധ്വാനത്തിനു പകരം, വായു കൈയിൽ കേന്ദ്രീകരിച്ച് അനായാസമായാണ് കൃഷ്ണദാസ് കൊട്ടുന്നത്. ഇതാണ് ചന്ദ്രമന്നാടിയാർ ശൈലി. ഇടംകൈയുടെ, സ്ഥാനത്തുള്ള തെളിച്ചം, മികച്ച ഉരുളുകൈ സാധകം, കൊട്ടിന്റെ അസാമാന്യമായ കനം ഇവയാണ് കൃഷ്ണദാസ് ശൈലിയുടെ സവിശേഷതകൾ. ഇതിനെല്ലാം ഉപരി അദ്ദേഹത്തിന്റെ കുലീനത്വമുളള പെരുമാറ്റം എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ സഹായിക്കുന്നു.
ബാലപാഠം തുടർപഠനം
തരകത്ത് കൃഷ്ണദാസിന്റെ ബാലപാഠം മുത്തച്ഛനിൽ നിന്നും മാതുലനായ ചന്ദ്രമന്നാടിയാരിൽ നിന്നും തുടങ്ങുന്നു. എട്ടാം വയസിൽ തറവാടിനടുത്തുള്ള പ്രസിദ്ധമായ പല്ലശന ക്ഷേത്രത്തിൽ അരങ്ങേറ്റം. പന്ത്രണ്ടാം വയസിൽ കേരള കലാമണ്ഡലത്തിൽ ചെണ്ട പഠിക്കാൻ ചേർന്നു. അവിടെ ചെണ്ടയുടെ കുലപതിമാരായ കൃഷ്ണൻകുട്ടി പൊതുവാൾ, മാതുലൻ ചന്ദ്രമന്നാടിയാർ എന്നിവരുടെ ശിക്ഷണത്തിലുള്ള പഠനം. ഇതിനെക്കാൾ മികച്ച രണ്ടു ഗുരുക്കൻമാരെ കിട്ടാനുണ്ടോ! അവർക്കു രണ്ടാൾക്കും പ്രിയങ്കരനായ കൊച്ചു മിടുക്കൻ. ചെണ്ടവാദനത്തിൽ പ്രാഗത്ഭ്യം നേടിയശേഷം. കലാമണ്ഡലത്തിലെ കളരിയിൽ ചൊല്ലിയാട്ടത്തിന് ചേർന്നുകൊട്ടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കൃഷ്ണദാസ് കരുതുന്നു.
മാർഗിയിലേക്ക്
കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം 1985-ലാണ് കൃഷ്ണദാസ് 'മാർഗി"യിൽ ചേരുന്നത്. അവിടെ അദ്വിതീയനായ കലാമണ്ഡലം കൃഷ്ണൻ നായരാശാനു കീഴിലുള്ള കളരിയിൽ നിന്ന് കഥകളിയിലെ ശൈലീഭേദങ്ങൾ ഹൃദിസ്ഥമാക്കാനും ചൊല്ലിയാട്ടക്കളരിയിൽ ചേർന്ന് ചെണ്ട വായിക്കാനും കളരിച്ചിട്ടകൾ പുതുക്കാനും സാധിച്ചു. കൃഷ്ണദാസ് കാലക്രമത്തിൽ 'മാർഗി"യിലെ എന്നല്ല, കേരളത്തിലെ ഏറ്റവും മികച്ച ചെണ്ടവാദകനായി വളർന്നു. 'മാർഗി"യുടെ കഥകളി ബുക്കു ചെയ്യുന്ന ക്ഷേത്രഭാരവാഹികളും സംഘാടകരും കൃഷ്ണദാസ് നിർബന്ധമായും കളിക്കുണ്ടായിരിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. വടക്ക് - തെക്ക് ഭാഗങ്ങളിലുള്ള ശൈലീഭേദങ്ങൾ മാത്രമല്ല, ഓരോ നടന്റെയും സമ്പ്രദായത്തിലുള്ള സൂക്ഷ്മമായ പ്രത്യേകതകൾ പോലും ഈ ചെണ്ടക്കാരന് മന:പാഠമാണ്. അതിനാൽത്തന്നെ കളിക്കൊട്ടിന് ഇന്ന് കൃഷ്ണദാസിനെ വെല്ലാൻ മറ്റൊരു ചെണ്ടവാദകനില്ല.
മാർഗി എന്ന ഭാഗ്യം
കൃഷ്ണദാസ് ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്: '1985- ൽ ഞാൻ മാർഗിയിൽ വരുമ്പോൾ അവിടെ രാമൻ നമ്പൂതിരി ആശാൻ അദ്ധ്യാപകനാണ്. അദ്ദേഹത്തിന് ദക്ഷിണ കൊടുക്കാൻ അമ്മാവൻ എന്നോടു പറഞ്ഞു. ഞാൻ ദക്ഷിണ കൊടുത്തെങ്കിലും അദ്ദേഹമതു വാങ്ങിയില്ല. പൊതുവാളാശാന്റെയും മന്നാടിയാരാശാന്റെയും കീഴിൽ പഠിച്ചു വന്ന നീ എനിക്കു ദക്ഷിണ തരേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കു ലഭിച്ച മഹാഭാഗ്യം, അഭിനയചക്രവർത്തിയായ കൃഷ്ണൻനായരാശാന്റെ കളരി നിരന്തരം കാണാനും അദ്ദേഹത്തിന്റെ ക്ലാസുകൾ കേൾക്കാനും ചൊല്ലിയാട്ടത്തിന് കൂടി കൊട്ടാനും ഉണ്ടായ അവസരമാണ്. എല്ലാ ശൈലീഭേദങ്ങളും മനസിലാക്കാൻ ഏനിക്കത് ഉപകരിച്ചു. വലിയ വലിയ നടൻമാരുടെ പ്രത്യേകതകൾ പോലും അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ഒരു പക്ഷേ മാർഗിയിൽ ചേർന്നില്ലായിരുന്നെങ്കിൽ ഈ ഭാഗ്യം എന്നെത്തേടിയെത്തുമായിരുന്നില്ല."ശിഷ്യഗണത്താൽ സമ്പന്നനാണ് കൃഷ്ണദാസ്. പല സ്ഥാപനങ്ങളിലെയും അന്തേവാസികളെ സൗജന്യമായി പഠിപ്പിച്ചു. അതിപ്പോഴും തുടരുന്നു. പലർക്കും അത് ജീവിതമാർഗമായി. ശിഷ്യഗണങ്ങളിൽ ആദ്യം പറയേണ്ടത് മക്കളായ ശോഭിതയുടെയും രഹിതയുടെയും കാര്യമാണ്. രണ്ടാളെയും ചെണ്ടവാദനം പഠിപ്പിച്ച് മിടുക്കരാക്കി. നിരവധി വേദികളിൽ തായമ്പകയും പഞ്ചാരിമേളവും പാണ്ടിമേളവും അവർ തകർത്തു! പഠനത്തിലും ഏറെ മികവുകാട്ടി. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ശോഭിത പൂനെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. രണ്ടാമത്തെ മകൾ രഹിത തിരക്കുള്ള ചെണ്ടവാദകയായി അറിയപ്പെടുന്നു. എം.കോം ബിരുദധാരിയായ രഹിത ഒരു സ്വകാര്യ കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുന്നു. രണ്ടായിരത്തിലേറെ വേദികളിൽ രഹിതയും സംഘവും പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. കഥകളിക്കൊട്ടിലും രഹിത പ്രഗത്ഭയാണ്. അച്ഛനും മകളും ചേർന്നുള്ള മേളപ്പദം കേൾക്കാൻ ഇന്നെല്ലാവരും ആഗ്രഹിക്കുന്നു. ദീപയാണ് കൃഷ്ണദാസിന്റെ ഭാര്യ.പദം പാടുന്ന സമയത്ത്, മുദ്രയ്ക്ക് കൃത്യമായി കൂടുമ്പോൾ, ശബ്ദം അളന്നു പ്രയോഗിക്കുന്നയാളാണ് കൃഷ്ണദാസ്. വടക്ക് - തെക്ക് ശൈലീഭേദങ്ങളിലുള്ള അവഗാഹം കൃഷ്ണദാസിന്റെ അപൂർവസിദ്ധിയാണ്. ഈ ചെണ്ടക്കാരന് ഓരോ നടന്റെ സമ്പ്രദായവും മന:പാഠമാണ്. അതിനാൽ കളിക്കൊട്ടിന് കൃഷ്ണദാസ് ഇന്ന് അദ്വിതീയനായി എല്ലാവരാലും അംഗീകരിക്കപ്പെടുന്നു. 1985- ൽ കൃഷ്ണദാസിന്റെ വരവോടെ മാർഗിയിൽ സൂര്യോദയമായി. മാർഗിയുടെ മാത്രമല്ല, കഥകളിലോകത്തിനു മുഴുവൻ അഭിമാനമായി.
മാർഗിയിൽ 41 വർഷം പൂർത്തിയാക്കി, അവിടത്തെ പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്ന കൃഷ്ണദാസിന് 60 വയസ് പൂർത്തിയായിരിക്കുന്നു. ഷഷ്ട്യബ്ദപൂർത്തി ആഘോഷങ്ങൾ തിരുവനന്തപുരത്തെ കഥകളി ആസ്വാദകരും കൃഷ്ണദാസിന്റെ ശിഷ്യർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരും മുൻകൈയെടുത്ത് മേയ് 26, 27 തീയതികളിൽ തിരുവനന്തപുരം കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുകയാണ്.
(മാർഗിയുടെയും, ദൃശ്യവേദിയുടെയും സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 9447059240)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |