ആശ്രമവും സഭയും

Sunday 24 May 2026 12:15 AM IST

ലോകം കണ്ട ധർമ്മ സംസ്ഥാപകന്മാരിൽ പ്രകാശ സൂര്യനാണ് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ. പുതിയ ഒരു മാനവ ധർമ്മത്തെ ലോകത്തിന് സമർപ്പിക്കുവാൻ മഹാഗുരുവിന് കഴിഞ്ഞതോടെ അതുവരെ ഉണ്ടായിരുന്ന ആചാരങ്ങളും മാമൂലുകളുമെല്ലാം അപ്രസക്തമാകുകയും ചെയ്‌തു. വിശ്വസാഹോദര്യത്തിന്റെ ഒരു അഭിനവധർമ്മം ധർമ്മപ്രകാശധാരയിൽ മങ്ങി ഗുരുവിനാൽ ലോകത്ത് സംസ്ഥാപനം ചെയ്യപ്പെട്ടു. 1888ലെ മഹത്തായ ശിവ പ്രതിഷ്‌ഠയിലൂടെ ആ ഏകത്വ സന്ദേശം ലോകം ശ്രവിച്ചു.

"ജാതി ഭേദം മതദ്വേഷം

ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്"

ആ 'മാതൃകാസ്ഥാനം' എന്ന ലക്ഷ്യത്തിലേക്ക് ലോകത്തെ നയിക്കുകയാണ് ഗുരുദേവൻ ചെയ്‌തത്‌. വിവിധ നദികൾ ഒഴുകി ഒരേ സമുദ്രത്തിൽ വിലയം പ്രാപിച്ച് ഒന്നാകുന്നതുപോലെ വ്യത്യസ്‌ത വിഭാഗങ്ങളായി ജീവിക്കുന്ന എല്ലാ മനുഷ്യരും ഒരേ ദിശാബോധത്തോടെ ഈ മാതൃകാ പ്രത്യാശിക്കുന്നു. ലോകം ശാന്തിതീരത്തേക്ക് അണയുന്ന ഈ മഹത്തായ ലക്ഷ്യത്തോടെ ഗുരു സംസ്ഥാപനം ചെയ്‌തതാണ് ധർമ്മത്തെ ഹൃദയത്തിലേറ്റുന്ന ശ്രീനാരായണ ധർമ്മ പരിപാലനയോഗം. പിന്നീട് ജീവിതസായാഹ്ന വേളയിൽ സന്യാസിമാരായ ശിഷ്യന്മാരെ ചേർത്ത് ലോകനന്മയ്ക്കായി ശ്രീനാരായണ ധർമ്മ സംഘവും സ്ഥാപിച്ചു. ആ ആശ്രമ വ്യവസ്‌ഥയെ മാർഗ രേഖയായി ആശ്രമം എന്ന കൃതി രചിക്കുകയും ആശ്രമത്തിനു കീഴിൽ ദേശംതോറും വിദ്യാലയങ്ങളും ധർമ്മപ്രചരണത്തിനായി സഭകളും സ്ഥാപിക്കണമെന്ന് ഗുരു നിഷ്കർഷിച്ചു. ഗുരുവിന്റെ ആദ്ധ്യത്മികകേന്ദ്രമായ ആശ്രമത്തിന്റെ കീഴിൽ ആത്മീയസംസ്കാരം ഉൾക്കൊണ്ടുകൊണ്ട് ജീവിതവിശുദ്ധിയോടുകൂടി ലോകത്ത് ധർമ്മപ്രചരണം നിർവ്വഹിക്കുന്ന ഗുരുഭക്തരുടെ കൂട്ടായ്മയാണ് ഗുരുധർമ്മപ്രചരണസഭ. വിശുദ്ധമായ ജീവചരിത്രത്തിലൂടെയും കൃതികളിലൂടെയും തിരുവായ്മൊഴികളിലൂടെയും ഒരു തേൻവണ്ടിനെപ്പോലെ സഞ്ചരിച്ച് ശേഖരിക്കുന്ന അമൃതമായ തേൻകണങ്ങൾ സംസാരപൊളളലേറ്റവർക്കായി ലേപനം ചെയ്യുവാൻ സാധിക്കുമ്പോഴാണ് ഒരു ഗുരുധർമ്മപ്രചാരകന് ധന്യത കൈവരിക്കുക.

ഈശ്വരസ്വരൂപനായ ഗുരുവിനെ ആരാധിക്കുന്നതിനപ്പുറം അറിഞ്ഞാരാധിക്കുവാൻ സമൂഹത്തെ പ്രാപ്തമാക്കുന്ന സംഘടനകൾ ധാരാളം ഉയർന്നു വരണം. ധർമ്മാധർമ്മ വിവേകമില്ലാതെ ധർമ്മാചരണവും പ്രചരണവും എങ്ങനെ സാധിക്കും? ഈ ഒരു സമസ്യയെ മുന്നിൽ കണ്ടുകൊണ്ടാണ് സഭയിൽ ചേരുന്നവർക്ക് സത്യപ്രതിജ്ഞ നിർബ്ബന്ധമാക്കിയത്. വർഗ,​ വർണരഹിതമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി പ്രയത്നിക്കുമെന്നും മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, അതിന് വർണമോ വർഗമോ ഭാഷയോ തടസമാകാൻ പാടില്ലെന്നും മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുവാനുളള അറിവ് സമൂഹത്തിന് പകർന്നു നൽകി മാനവമൂല്യത്തിലൂടെ ശ്രേഷ്ഠമായ ഒരു ഏകലോകം സൃഷ്ടിക്കുകയാണ് സഭയുടെ ലക്ഷ്യം.

മഹാഗുരുവിന്റെ അഷ്‌ടലക്ഷ്യങ്ങളെ മുൻനിർത്തി (വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, ശാസ്ത്ര സാങ്കേതിക പരിശീലനം) സഭ വർഷം തോറും കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.

ഈ വർഷത്തെ കർമ്മ പദ്ധതികൾ

1. ഈശ്വര ആരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന ഗുരു സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീനാരായണ ധർമ്മം, ശ്രീനാരായണ മാസാചരണവും, ധർമ്മചര്യയജ്ഞവും സഭയുടെ യൂണിറ്റ് തലം മുതൽ മണ്ഡലം ജില്ലാ തലം വരെ വിപുലമായി സംഘടിപ്പിക്കുക. (പ്രാർത്ഥന പ്രചാരകരെ കോഴ്‌സിലൂടെ രൂപപ്പെടുത്തി നിയോഗിക്കുക)

2. ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറുകൾ ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കുക,​ ക്ലാസുകൾ നയിക്കാൻ പര്യാപ്ത‌മായവരെ പ്രത്യേക ശ്രദ്ധ കൊടുത്തു വാർത്തെടുത്തു സഭയുടെ എല്ലാ പരിപാടികളിലും പ്രചാരകരാക്കുക

3. ഗുരുദേവ കൃതികളും ശ്രീനാരായണ ധർമ്മവും, ഗുരു സന്ദേശങ്ങളും പഠിപ്പിക്കുന്നതിനായി ജില്ലകളിലേയും മണ്ഡലങ്ങളുടേയും കീഴിൽ ശ്രീനാരായണ ദർശന പഠന കേന്ദ്രങ്ങൾ സമാരംഭിക്കുകയും മാസംതോറും ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേകം സമിതിയെ രൂപീകരിക്കുക

4. റിട്ടയർമെന്റിന് ശേഷം വിരസതയിൽ കഴിയുന്നവരെ ഗുരുദർശനത്തിലേക്ക് ആകർഷിക്കുവാൻ ഗുരു ധർമ്മ പ്രചാരകരായി നിയോഗിക്കാൻ വേണ്ടുന്ന നടപടി ക്രമങ്ങൾ സ്വീകരിക്കുക.

5. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ പരിശീലനത്തിനും ഗൃഹം തോറും അടുക്കള തോട്ടങ്ങൾ നിർമ്മിക്കുന്നതിനും യൂണിറ്റുകൾ തോറും രവിവാര പാഠശാലകൾ നയിക്കുന്നതിനുമായി മാത്യസഭ പ്രവർത്തകരെ നിയോഗിക്കുക.

6. നിർദ്ധന വിദ്യാർഥികൾക്കായി സഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ ട്യൂഷൻ സെന്ററുകൾ തുടങ്ങുക. റിട്ട. അദ്ധ്യാപകരെ കണ്ടെത്തി പരിശീലരാക്കുക

7. ദുരിതാശ്വാസ കമ്മിറ്റിയും ദൂരിതാശ്വാസനിധിയും രൂപീകരിക്കുക

8. കേന്ദ്ര നേതൃത്വത്തിന്റെ കീഴിൽ ഗുരുദേവൻ പ്രതിഷ്‌ഠിച്ച ക്ഷേത്രങ്ങൾ സന്ദർശിച്ച് പുണ്യഗൃഹങ്ങളിലൂടേയും സന്നിധികളിലൂടേയും ഹ്രസ്വതീർത്ഥാടനങ്ങൾ സംഘടിപ്പിക്കുക .

ജാതിമതഭേതമന്യേ എല്ലാ മനുഷ്യരെയും ചേർത്ത് പ്രവർത്തിപ്പിക്കുന്ന ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയിൽ ചേർന്ന് പ്രവർത്തിക്കുമ്പോൾ സാധാരണ ജീവിതത്തിനും ഉപരിയായ ലക്ഷ്യവും അർത്ഥവ്യാപ്തിയും ഓരോർത്തർക്കും കൈവരുന്നു. ഗുരുവിന്റെ ലക്ഷ്യം നമ്മുടേതാവുന്നു.

(ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറിയാണ് ലേഖകൻ )