SignIn
Kerala Kaumudi Online
Sunday, 24 May 2026 1.20 AM IST

അധഃസ്ഥിതരുടെ വിമോചന നായകൻ   

s

1885 മെയ് 24. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ പണ്ഡിറ്റ് കറുപ്പൻ എന്ന ചരിത്രപുരുഷൻ ജനിച്ചതിന്റെ വാർഷിക ദിനമാണിന്ന്. കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി അദ്ദേഹം പിറവി കൊണ്ട കാലത്ത് മാനവസമൂഹത്തിന് അപമാനകരമായ ജാതി ഉച്ചനീചത്വങ്ങളും തൊട്ടുതീണ്ടിക്കൂടായ്മകളും കൊണ്ട് മനുഷ്യപ്പറ്റ് നഷ്ടപ്പെട്ട ജാതി ഉപജാതി വ്യവസ്ഥയാണ് നിലനിന്നിരുന്നത്. വിവാഹച്ചടങ്ങുകളിലും മരണാനന്തര കർമ്മങ്ങളിലും മാത്രമല്ല, ഭക്ഷണം, വേഷം, ഭാഷ തൊഴിൽ എന്നിവയിലൊക്കെ ഉച്ചനീചത്വങ്ങൾ സാമൂഹികഘടനയിൽ പ്രകടമായി നിലനിന്നിരുന്നു. ഉന്നതജാതിക്കാർ താണതെന്നു മുദ്രകുത്തിയ ജാതികളെ കാണുന്നതുതന്നെ മഹാപാപമായാണ് കരുതിയിരുന്നത്. അത്തരം വ്യവസ്ഥിതികളെയാണ് പണ്ഡിറ്റ് കറുപ്പൻ മാഷ് ചോദ്യം ചെയ്തത്.


ശ്രീനാരായണഗുരു ദേവൻ , മഹാത്മ അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, ഡോ.പല്പു എന്നിവരുടെയൊക്കെ സമകാലീനനായി, അയിത്തം സൃഷ്ടിക്കുന്ന അരാജകത്വത്തിന്റെയും നെറികേടുകൾ അനുഭവിച്ചാണ് ഇദ്ദേഹവും ബാല്യം പിന്നിട്ടത്. കുടിപ്പള്ളിക്കൂടത്തിലെത്തി, അപ്പുവാശാന്റെ ശിക്ഷണത്തിൽ അമരകോശം, സിദ്ധരൂപം, ശ്രീരമോദന്തം എന്നീ ഗ്രന്ഥങ്ങൾ പഠിച്ച്, വിദ്വാൻ പട്ടം ലക്ഷ്യമിട്ട് അന്നമനട രാമപൊതുവാളിൽ നിന്നും മാഘം, നൈഷധം, ഭോജചമ്പു എന്നീ ഗ്രന്ഥ വരികൾ അഭ്യസിച്ചു.

കൊടുങ്ങല്ലൂർ കോവിലകം അക്കാലത്ത് ജാതി സ്പർദ്ധയേതുമില്ലാതെ വിദ്യാർത്ഥികളെ സ്വീകരിച്ചിരുന്ന കാലമായിരുന്നു. കോവിലകത്തേയ്ക്ക് തൊഴുകൈകളോടെ കയറിച്ചെന്ന അവർണ വിഭാഗക്കാരനായ കറുപ്പനെ മഹാവിദ്വാന്മാരായ ഭട്ടൻ തമ്പുരാനും, കൊച്ചുണ്ണിത്തമ്പുരാനും, രാമപ്പിഷാരടിയും വാത്സല്യത്തോടെ സ്വീകരിച്ചു. 1910ൽ, ഇരുപത്തഞ്ചാം വയസിൽ സെന്റ് തെരാസാസ് സ്‌കൂളിൽ സംസ്‌കൃതാദ്ധ്യാപകനായും പിന്നീട് ഫിഷറീസ് വകുപ്പിലും, ഹിന്ദു കാസ്റ്റ് ഗേൾസ് ഹൈസ്‌കൂളിലും അദ്ദേഹം ജോലി ചെയ്തു. തൃശൂർ വിക്ടോറിയ ജൂബിലി സ്‌കൂളിലും, എറണാകുളം ഗേൾസ് ഹൈസ്‌കൂളിലും ജോലിചെയ്ത അദ്ദേഹം 1932ൽ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി. അക്കാലത്താണ് നിയമസഭാംഗ പദവി നൽകികൊണ്ട് കൊച്ചി സർക്കാർ കറുപ്പൻ മാഷെ ആദരിച്ചത്.

ജാതിഭേദ വിചാരത്തിന്റെ വേരറുക്കാൻ കവിതയും നാടകവും ആയുധമാക്കിയ മഹാപ്രതിഭയായിരുന്നു പണ്ഡിറ്റ് കറുപ്പൻ. ജന്മത്താലല്ല കർമ്മത്താലാണ് ഒരാൾ മഹത്വത്തിന് അർഹനാവുന്നതെന്ന് മാഷ് സ്വജീവിതത്തിലൂടെ തെളിയിച്ചു. 'ബാലാകലേശം' എന്ന കറുപ്പൻ മാഷുടെ വളരെ പ്രസിദ്ധമായ നാടക രചനയുടെ പിന്നിലുള്ള വസ്തുതകൾ രസകരമാണ്. 1895 മുതൽ 1915 വരെ കൊച്ചി രാജാവായിരുന്ന രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠി പൂർത്തിയാഘോഷമായിരുന്നു. 1912ൽ മഹാരാജാവിനെ നായകനാക്കി ഒരു നാടകരചന വേണമെന്ന തീരുമാനം വന്നു. പ്രസിദ്ധരായ പല കവികളും നാടകമെഴുതി മഹാരാജാവിനു സമർപ്പിച്ചു. അവസാന തീയതിക്ക് പത്തു ദിവസം മുമ്പ് അക്കാര്യമറിഞ്ഞ കറുപ്പൻമാഷും നാടകമെഴുതി സമർപ്പിക്കാൻ തീരുമാനിച്ചു. മഹാരാജാവായിരിക്കണം നായകൻ. കൊച്ചി(ബാല)യിലാണ് കഥ നടക്കുന്നത്.

ബാലയും മഹാരാജാവും പണ്ഡിറ്റ് കറുപ്പന്റെ ഭാവനയും കവിത്വശക്തിയും കൂടിച്ചേർന്നപ്പോൾ നാടകം 'ബാലാകലേശം' പിറന്നു. മത്സരത്തിനു ലഭിച്ച നാടകങ്ങളുടെ പരിശോധനാകമ്മിറ്റിയുടെ അദ്ധ്യക്ഷൻ പ്രസിദ്ധ എഴുത്തുകാരനായ സി.പി. അച്ചുതമേനോനായിരുന്നു. നാടകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ച മേനോൻ 'ബാലാകലേശ'ത്തിനു ഒന്നാം സമ്മാനം നൽകാൻ ശുപാർശ ചെയ്തു. എന്നാൽ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടകത്തിനെതിരെ വാദമുഖങ്ങൾ നിരത്തി. രാജകുടുംബാംഗങ്ങൾ പുകഴ്ത്തിപറഞ്ഞ 'ബാലാകലേശ'ത്തിന്റെ പ്രത്യേകതയും, തലയെടുപ്പോടെ നിൽക്കാനുള്ള അതിന്റെ കഴിവും കറുപ്പൻമാഷുടെ പ്രതിഭാശാലിത്വത്തെയാണ് നമിക്കുന്നത്.

നവോത്ഥാന ചിന്തയുടെ

പുതിയ വെളിച്ചം

ഉജ്ജ്വലമായ കാവ്യവ്യക്തിത്വവും, നവോത്ഥാന ചിന്തയുടെ പുതിയ വെളിച്ചവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ മാഷ്. കാവ്യരചനയുടെ പാരമ്പര്യശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ജാതിക്കുമ്മി, ഉദ്യാന വിരുന്ന്, വള്ളോർകവിത പോലുള്ള ഖണ്ഡകാവ്യങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളത്. അടിമഭാരം പേറി വിയർപ്പിൽ നീന്തിയിരുന്ന ഒരു ജനതയുടെ ചോദ്യങ്ങളും വിലാപങ്ങളും ജാതിക്കുമ്മിയുടെ ഒരോ ഇതളിലും കേൾക്കാം. കവിതയുടെ ചരിത്രത്തിൽ പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്ക് തുല്യമായ സ്ഥാനമാണ് ജാതിക്കുമ്മിക്കുള്ളത്. അഗാധാർത്ഥതലങ്ങളുള്ള വേദാന്തശാസ്ത്രത്തെ അയത്നലളിതമായ മലയാള ശൈലിയിൽ വാർത്ത് കൊരുത്തുവച്ചിരിക്കുകയാണ് ജാതിക്കുമ്മിയിൽ കറുപ്പൻ മാഷ്.

കൊച്ചി നിയമ നിർമ്മാണസഭയിലെ ധീവരരെ പ്രതിനിധാനം ചെയ്യുന്ന സാമാജികനായിരുന്ന കാലത്ത് കൊച്ചി സന്ദർശിക്കാനെത്തിയ മദ്രാസ് ഗവർണറായിരുന്ന ഘോഷൻ പ്രഭുവിന്റെയും പത്നിയുടെയും ബഹുമാനാർത്ഥം അന്നത്തെ കൊച്ചിരാജാവ് ഒരു ഉദ്യാനവിരുന്നും വള്ളംകളിയും ഏർപ്പാടു ചെയ്തു. എല്ലാ എം.എൽ.സിമാരേയും വരേണ്യവർഗത്തേയും ക്ഷണിച്ച ഈ ചടങ്ങിലേക്ക് എം.എൽ.സിയായിരുന്നിട്ടും പണ്ഡിറ്റ് കറുപ്പനെ മാത്രം ക്ഷണിക്കുകയുണ്ടായില്ല. ചടങ്ങിൽ പങ്കെടുക്കാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. പണ്ഡിറ്റ് കറുപ്പന്റെ ആത്മാഭിമാനത്തെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. അവഗണനയിൽ മനംനൊന്ത് അദ്ദേഹം തന്റെ ശക്തവും തീക്ഷ്ണവുമായ പ്രതിഷേധം 'ഉദ്യാനവിരുന്ന്' എന്ന കവിതയിലൂടെ അതിമനോഹരമായി അവതരിപ്പിച്ചു. സമൂഹത്തിലെ അനീതികൾക്കും തിന്മകൾക്കും ജാതിഭ്രാന്തിനും എതിരെയുള്ള താക്കീതായി അതുമാറി.

സവർണർ കൊടികുത്തി വാണിരുന്ന കാലത്ത് യാതൊരു ഭയവുമില്ലാതെ അവരുടെ തിന്മകളെയും ബുദ്ധിശൂന്യതയേയും പരസ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞ നമ്മുടെ ഈ പ്രിയകവിയും കവിതയും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്ന ഉജ്ജല താരങ്ങൾ തന്നെയാണ്. തന്റെ ജാതിയുടെ മഹിമയും ചരിത്രവും മഹാഭാരത കഥയുടെ ഉല്പത്തിയും കവി വളരെ ചുരുങ്ങിയ വാക്കുകളിൽ കവിതയിൽ പരാമർശിക്കുന്നുണ്ട്. കാളിയരയത്തിപ്പെറ്റ വ്യാസന്റെ കഥയിൽ കവി ഉൾപുളകം കൊള്ളുന്നത് ഒരു നൂറ്റാണ്ടിനു ശേഷവും നമ്മെ ചിന്തിപ്പിക്കുന്നു.

(സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ് ലേഖകൻ)

ഫോൺ : 9745259619

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY