
മുഖ്യമന്ത്രി വി.ഡി.സതീശനോടൊറ്റ ചോദ്യം. മറുപടിക്ക് മുന്നേയുള്ള ചിരി. നിമിഷങ്ങൾക്കൊണ്ട് നമ്മുടെ മുഖ്യമന്ത്രി ജെൻസി പിള്ളേരുടെ 'പൂക്കി സി.എം" ആയി. സോഷ്യൽ മീഡിയ്ക്ക് തീപിടിപ്പിച്ച വീഡിയോയുടെ പിന്നിൽ യൂട്യൂബറും നിലമ്പൂർ സ്വദേശിയുമായ ഫിജിൻ. ഇതുവരെ ആ വീഡിയോ കണ്ടത് ഒന്നര മില്യൺ ആളുകൾ.
നിലമ്പൂർ എടക്കര കുറ്റീരിയിൽ ജമാലുദ്ദീൻ -ഷാജിത ദമ്പതികളുടെ മകൻ ഫിജിൻ (24) നാലുവർഷമായി യൂട്യൂബറാണ്. വി.ഡി.സതീശന്റെ പത്രസമ്മേളനം. മാദ്ധ്യമ പ്രവർത്തകരുടെ ഗൗരവ ചോദ്യങ്ങൾക്കിടെ തലമുടിനീട്ടി വളർത്തിയ പയ്യൻ തന്റെ വിവോ എക്സ് 300 പ്രോ ഫോണിലേയ്ക്ക് സതീശനെ സൂം ചെയ്തു.
'' സി.എം സാർ വാഹനങ്ങളുടെ മോഡിഫിക്കേഷനെക്കുറിച്ച്്""? യു.ഡി.എഫ് സർക്കാർ വന്നാൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ വി.ഡി.സതീശൻ പറഞ്ഞതായിരുന്നു ഫിജിന്റെ മനസിൽ. 'മോഡിഫിക്കേഷനെക്കുറിച്ച് ചോദിച്ചപ്പോൾ നമ്മുടെ സി.എം പറഞ്ഞതു കേട്ടോ" എന്നുള്ള പതിവ് കണ്ടന്റായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മറുപടി ചരിത്രം.
ചുണ്ടുകടിച്ച്, കള്ളച്ചിരിയോടെ കണ്ണിറുക്കി. പത്രസമ്മേളനം കഴിയും മുൻപേ ഇൻസ്റ്റഗ്രാമിൽ ചിരിയുടെ ഭംഗി ട്രെൻഡിംഗായി. മനോഹരമായ ചിരി സ്ലോമോഷനിൽ ഫോണിൽ എഡിറ്റ് ചെയ്തു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പാട്ടിന്റെ അകമ്പടി. ഈ ചിരിചേർത്ത റീലുകളുടെ പ്രവാഹം, ട്രോളുകൾ. പത്തുവർഷത്തിന് ശേഷം ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും നമ്മുടെ സി.എം പൊളിയാണെന്നുമുള്ള കമന്റുകൾ. ദേശീയ മാദ്ധ്യമങ്ങളിലും സതീശന്റെ ചിരി വാർത്തയായി. പരസ്യങ്ങളിറങ്ങി!
അപ്രതീക്ഷിത ഭാഗ്യം
'' വീഡിയോ ഇങ്ങനെയാകുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. വാഹനങ്ങളുടെ മോഡിഫിക്കേഷന്റെ കാര്യത്തിൽ എന്ത് നിലപാടുണ്ടാകുമെന്ന് അറിയാൻ എല്ലാവർക്കും കൗതുകമുണ്ടല്ലോ? ചിരിക്ക് പ്രത്യേകതയുണ്ടെന്ന് പെട്ടെന്ന് തോന്നി""- താനും വൈറലായതിന്റെ സന്തോഷം ഫിജിന്.
ചോദ്യം ചോദിച്ച പയ്യനോട് മകനോടുള്ള പോലെ വാത്സല്യം തോന്നിയതുകൊണ്ടാണ് അത്തരമൊരു ചിരിയെന്നാണ് പിന്നീട് വി.ഡി.സതീശൻ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് കാണണമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി റോജി ജോൺ വീഡിയോ കോൾ വിളിച്ചു. അഭിനന്ദനങ്ങളാൽ ഫിജിന്റെ ഇൻബോക്സ് നിറഞ്ഞിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |