എന്റെ പൂച്ചഭഗവതീ... ഈ ക്ഷേത്രത്തിലെ ആചാരങ്ങൾ അതി വിചിത്രം

Tuesday 05 May 2026 3:34 PM IST

പൂച്ചയ്ക്കും ഒരു ക്ഷേത്രം. സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണ് ഈ പൂച്ചക്ഷേത്രം. നമ്മുടെ തൊട്ടടുത്തുള്ള കർണാടകയിൽ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ബെക്കല എന്ന ഗ്രാമത്തിലാണ് അതിവിചിത്ര ആരാധനാ രീതി പിന്തുടരുന്ന മങ്കമ്മാ ക്ഷേത്രം.പൂച്ചയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗ്രാമത്തിന് ആ പേരുവന്നതും പൂച്ചയിൽ നിന്നാണ്. ബെക്കു എന്നാണ് പൂച്ചയ്ക്കുള്ള കന്നഡ പദം. എല്ലാ ചൊവ്വാഴ്‌ചയുമാണ് ഇവിടെ ആരാധനയുള്ളത്.

മഹാലക്ഷ്മിയുടെ പ്രതിരൂപമെന്ന നിലയിലാണ് ഗ്രാമവാസികൾ പൂച്ചയെ ആരാധിക്കുന്നത്. പൂച്ചയുടെ രൂപത്തിൽ ലക്ഷ്മീദേവി ഗ്രാമത്തിലേക്ക് കടന്നുവന്നുവെന്നും തുടർന്ന് ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും രക്ഷയ്ക്കായി പ്രവർത്തിച്ചു എന്നുമാണ് വിശ്വാസം. മൂന്നുക്ഷേത്രങ്ങൾ കൂടിച്ചേർന്നതാണ് മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നുകുടുംബക്കാരാണ് ഈ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്.

വർഷങ്ങൾക്കുമുന്നേ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അറുപതുവർഷങ്ങങ്ങൾക്കുമുമ്പാണ് ഇന്നത്തെ നിലയിൽ അവ പുതുക്കിപ്പണിതത്. പൂച്ചയെ ദൈവമായി കാണുന്നതിനാൽത്തന്നെ ഗ്രാമത്തിലെ ഒരാളും പൂച്ചയെ ഉപദ്രവിക്കില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താൽ അവന്റെ കാര്യം പോക്കാണ്. ഒരുതരത്തിലുള്ള ദയവും ഗ്രാമവാസികളിൽ നിന്ന് പ്രതീക്ഷിക്കേണ്ട. അത്രയ്ക്ക് ക്രൂരമായിരിക്കും അവരുടെ മറുപടി.കൈകാര്യം ചെയ്തശേഷം ഗ്രാമത്തിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കുകയും ചെയ്യും.

ഗ്രാമത്തിൽ പൂച്ച ചത്തുകിടക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അതിനെ സംസ്കരിക്കാതെ ആരും ഗ്രാമം വിട്ടുപോകരുത്. സംസ്കരിക്കാതെ പോകുന്നത് ദൈവനിന്ദയാണെന്നാണ് ഗ്രാമത്തിലുളളവരുടെ വിശ്വാസം. അഞ്ചുദിവസം നീണ്ടുനിൽക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം.