അമൃതകിരണം ഈശ്വരസ്മരണ എപ്പോൾ
സമ്പത്തും സമൃദ്ധിയും കൈവരുമ്പോൾ, സുഖഭോഗങ്ങളുടെ നടുവിൽ കഴിയുമ്പോൾ, മിക്കവരും ഈശ്വരനെ മറക്കുന്നു. സാഹചര്യങ്ങൾ പ്രതികൂലമായാൽ ഉടനെ അവർ ഈശ്വരനിലേക്ക് തിരിയും. പകൽ നമ്മളാരും സൂര്യനെ ശ്രദ്ധിക്കാറില്ല, സൂര്യൻ പ്രകാശിപ്പിക്കുന്ന വസ്തുക്കളെയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ രാത്രിയിൽ നമ്മുടെ ശ്രദ്ധ ചന്ദ്രനിലേക്ക് തിരിയുന്നു. അതുപോലെയാണ് ദുഃഖം വരുമ്പോൾ നമ്മുടെ മനസ്സ് ഈശ്വരനിലേക്ക് തിരിയുന്നത്. ഈശ്വരസ്മരണയും ഈശ്വരസമർപ്പണവുമാണ് ജീവിതത്തെ ധന്യമാക്കുന്നത്. ഒന്ന് എന്നെഴുതി പത്തു പൂജ്യമിട്ടാൽ അതിനു വലിയ വിലയാണ്. എന്നാൽ ആ ഒന്നു മായ്ച്ചു കളഞ്ഞാലോ? മറ്റൊന്നിനും വിലയില്ല. അവയെല്ലാം വെറും പൂജ്യങ്ങൾ മാത്രം. അതുപോലെ, ഈശ്വരനാകുന്ന ആ ഒന്നിനെ കൂടാതെയുള്ള നമ്മുടെ ജീവിതം വ്യർഥമാണ്. ഹൃദയത്തിൽ ഈശ്വരസ്മരണയും സമർപ്പണഭാവവും ഉണ്ടെങ്കിൽ ഏതു കർമ്മവും ഈശ്വരപൂജയായി മാറുന്നു. അതില്ലെങ്കിലോ? കോവിലിൽ ചെയ്യുന്ന പൂജയും വെറുമൊരു ജോലിമാത്രം. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ഒരു സൂപ്പർവൈസർ താഴത്തെ നിലയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു പണിക്കാരനെ വിളിക്കുകയായിരുന്നു. സൂപ്പർവൈസർ ആവർത്തിച്ചു വിളിച്ചിട്ടും കെട്ടിടം പണിയുടെ ഒച്ച കാരണം അയാൾ അതു കേട്ടില്ല. തുടർന്ന്, പണിക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ സൂപ്പർവൈസർ ഒരു പത്തു രൂപ നോട്ട് താഴെയ്ക്കെറിഞ്ഞു, അത് പണിക്കാരന്റെ മുൻപിൽ തന്നെ വന്നുവീണു. അയാൾ ആ നോട്ട് എടുത്തു പോക്കറ്റിലിട്ടശേഷം ജോലി തുടർന്നു. വീണ്ടും പണിക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ സൂപ്പർവൈസർ ഒരു ഇരുപതു രൂപ നോട്ട് താഴെ ഇട്ടു. പണിക്കാരൻ ആ നോട്ടും എടുത്തു പോക്കറ്റിലിട്ടു ജോലി തുടർന്നു. അടുത്തതായി സൂപ്പർവൈസർ ഒരു ചെറിയ കല്ലെടുത്ത് പണിക്കാരന്റെ നേർക്കെറിഞ്ഞു. കല്ല് കൃത്യമായി പണിക്കാരന്റെ തലയിൽ കൊണ്ടു. ഇത്തവണ പണിക്കാരൻ മുകളിലേക്ക് നോക്കി. മുകളിലത്തെ നിലയിൽനിന്ന് തന്നെ വിളിക്കുന്ന സൂപ്പർവൈസറെ കണ്ടു, സംസാരിച്ചു. ഈ കഥയ്ക്കു നമ്മുടെ ജീവിതവുമായി സാമ്യമുണ്ട്. ഏതു സമയവും പല പല കാര്യങ്ങളിൽ മുഴുകി കഴിയുന്നതുകൊണ്ട് ഈശ്വരനെ സ്മരിക്കാൻ നമുക്കു സമയമില്ലാതെ പോകുന്നു. പലപ്പോഴും അവിടുന്ന് നമുക്ക് ചെറുതും വലുതുമായ നിരവധി സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്നു. അവയെല്ലാം നമ്മൾ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. എന്തോ ഭാഗ്യം കാരണമാണ് അതെല്ലാം ലഭിച്ചതെന്ന് നമ്മൾ വിശ്വസിക്കുന്നു. പ്രശ്നങ്ങളാകുന്ന ചെറിയ കല്ലുകൾ നമ്മുടെ നേർക്കു വരുമ്പോൾ മാത്രമാണ് നമ്മൾ ഈശ്വരനെ ഓർക്കുന്നത്. ദുഃഖം വരുമ്പോൾ മാത്രം ഈശ്വരനെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയല്ല വേണ്ടത്. സുഖത്തിലും സമ്പത്തിലും അവിടുത്തെ നന്ദിപൂർവ്വം സ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം. നമ്മൾ ഓഫീസിൽ ജോലിചെയ്യുമ്പോൾ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ അസുഖമായി ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ നമ്മുടെ ചിന്ത ആ വ്യക്തിയിൽ തങ്ങിനിൽക്കും. എല്ലാ കർമ്മങ്ങളുടെ നടുവിലും ആ ഓർമ്മ തുടരും. ഇതുപോലെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ഈശ്വരനായിരിക്കണം. അപ്പോൾ ലോകകാര്യങ്ങളിൽ മുഴുകിയിരുന്നാലും നമ്മുടെ ശ്രദ്ധ ഈശ്വരനിൽത്തന്നെയായിരിക്കും. അതുതന്നെ ശരിയായ ഭക്തി.