ആം ആദ്മി അമ്മാളു അമ്മ
സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അമ്മയെപ്പോലെ ചേർത്തണച്ച അമ്മാളുവമ്മയെ എല്ലാവരും അറിയും. പക്ഷേ, 79കാരി സീതാലക്ഷ്മി അമ്മാളെന്ന പോരാളിയെ അത്ര പരിചിതമല്ല. ചൂലേന്തി അടിച്ചുവാരി, ചുറ്റുമുള്ളവർ സ്നേഹത്തോടെ നീട്ടുന്ന അന്നമുണ്ട്, പുസ്തകം വായിച്ച്, സിനിമകണ്ട് ജീവിക്കുന്ന സാധു. 2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായിരുന്ന വടക്കൻ പറവൂർ പെരുമ്പടന്ന സർക്കാർ സ്കൂളിൽ നിന്ന് സതീശന് കിട്ടിയ മുത്താണ്. അന്നു മുതൽ സീതാലക്ഷ്മി സതീശന്റെ അമ്മാളു അമ്മയായി, സതീശൻ കുട്ടനും. ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായിരുന്ന തമിഴ്നാട് ചെങ്കോട്ട സ്വദേശി കെ. കോരപ്പ പിള്ളയുടെയും അമ്മുക്കുട്ടി അമ്മാളിന്റെയും മകൾക്ക് ഡോക്ടറാവാനായിരുന്നു അഗ്രഹം. പക്ഷേ, വിരമിച്ച് വരുമാനം മുട്ടിയ കോരപ്പപ്പിള്ളയ്ക്ക് മിടുക്കിയായ മകളുടെ പഠനം ആറാം ക്ലാസിൽ നിറുത്തേണ്ടി വന്നു. കരഞ്ഞു തളർന്ന മകളെ ആശ്വസിപ്പിച്ചു. പിന്നീട്, പാഠപുസ്തകം കടംകൊടുത്ത അയൽവാസി രാമചന്ദ്രൻ ഡോക്ടറായത് ഇന്നോളമുള്ള സന്തോഷവും! പതിനഞ്ചാം വയസിൽ ഇല്ലത്തുപറമ്പിൽ ഗോപാലകൃഷ്ണ പിള്ളയെ വിവാഹം കഴിച്ച് പറവൂരിന്റെ മരുമകളായി. ഭർത്താവിന്റെ മദ്യപാനം, കടുത്ത ദാരിദ്ര്യം. കഷ്ടപ്പാടിന്റെ എല്ലാത്തലവും അറിഞ്ഞു. ഒട്ടിയവയർ ഞെക്കിയമർത്തിക്കിടന്ന എത്രയോ രാത്രികൾ. ഒടുവിൽ 22-ാം വയസിൽ സീതാലക്ഷ്മി ചൂലെടുത്തു. ഇതിനിടെ ആറുമക്കളും. അവരൊക്കെ മുതിർന്നിട്ടും അദ്ധ്വാന ശീലം മറന്നില്ല. പറവൂരെ കടകളൊക്കെ അടിച്ചു വാരിത്തുടക്കം . ഇന്നും പുലർച്ചെ നാലിന് തുടങ്ങും . പ്രായാധിക്യം മൂലം പറവൂരിലെ ലോട്ടസ് ബുക് സ്റ്റാളും അടുത്തുള്ള മെഡിക്കൽ സ്റ്റോറും വൃത്തിയാക്കുന്നതിൽ ഒതുക്കി. മാസം 4000 രൂപയോളം കിട്ടും. ഇടയ്ക്ക് തൊഴിലുറപ്പിനും പോകും. അടുത്തുള്ള ശാന്തമ്മയുടെ വീട്ടിൽ നിന്ന് ചായ. ഉച്ചയൂണും നാലുമണി ചായയും കടിയും രാമചന്ദ്ര ലഞ്ച് ഹോമിൽ സൗജന്യം. അത്താഴം കഴിക്കാറില്ല. അന്തിയുറക്കം അയൽവീട്ടിലും. തകർന്ന വീട് ശരിയാക്കാമെന്ന 'കുട്ടന്റെ" വാക്കിലാണ് വിശ്വാസം! കടുത്ത മമ്മൂട്ടി ഫാൻ മമ്മൂട്ടിയുടെ സിനിമ പറവൂരിലെ തീയറ്ററിൽ എത്തിയാൽ ആദ്യഷോയ്ക്കുണ്ടാകും. അത്രമേൽ ഇഷ്ടമാണ് . നൻപകൽ നേരത്ത് മയക്കത്തിന്റെ കഥ പറയുമ്പോൾ സീനുകളൊക്കെ ഇന്നലെ കണ്ടതുപോലെ. രാജമാണിക്യം,അഴകിയ രാവണൻ, മധുരരാജ, തോപ്പിൽ ജോപ്പൻ, രാജാധിരാജ, പ്രാഞ്ചിയേട്ടൻ തുടങ്ങിയ സിനിമകളിലെ വ്യത്യസ്ത വേഷങ്ങൾ മനസിൽ പതിച്ചു. ഏറ്റവും ഒടുവിൽ ഇറങ്ങിയ പേട്രിയറ്റും കണ്ടു. '' എന്തും വായിക്കും. ബാല പ്രസിദ്ധീകരണങ്ങളും ചിത്രകഥകളും മുതൽ സിനിമ, ആനുകാലിക പ്രസിദ്ധീകരണങ്ങളും. ലോട്ടസ് ബുക്സ്റ്റാളിൽ വിറ്റുപോകാത്ത വാരികകളും മാഗസിനുകളുമൊക്കെ വീട്ടിൽ കൊണ്ടുപോയി വായിക്കും. ചെന്നായ വളർത്തിയ കുട്ടി പലതവണ വായിച്ചു. അതിലും അനാഥത്വത്തിന്റെ കഥയുണ്ടല്ലോ""? ദീർഘശ്വാസത്തിന് കാലംകൊടുത്ത കണ്ണീരോർമ്മകളുടെ ചൂടുണ്ടായിരുന്നു. എല്ലാവർഷവും മലചവിട്ടും. രാവിലെ ആദ്യം മുസ്ലിം പള്ളിയിൽ പ്രാർത്ഥിക്കും. അതുകഴിഞ്ഞ് ഡോൺബോസ്കോ പള്ളിയിൽ വലംവയ്ക്കും. പിന്നീട് കണ്ണംകുളങ്ങര ദേവീക്ഷേത്രത്തിൽ നിർമ്മാല്യം തൊഴും. ''പത്മശ്രീക്ക് അർഹനായ മമ്മൂട്ടിയെ നേരിൽ കണ്ട് ഒരു സമ്മാനം നൽകണം. ഇനി കുട്ടനോട് പറഞ്ഞ്, അതുകൂടി സാധിക്കണം"". മോണകാട്ടി നിഷ്കളങ്കമായി ചിരിച്ചു!