
ഖദറിന്റെ ശുഭ്രതയും മൃദുത്വവും സ്വഭാവത്തിലുമുണ്ടായിരുന്ന നേതാവായിരുന്നു ഇന്നലെ അന്തരിച്ച കെ.പി. ധനപാലൻ. കോൺഗ്രസിലെ പതിവ് രീതികൾക്ക് എതിരെ സഞ്ചരിച്ചയാൾ. അധികാരത്തിന്റെയും പദവികളുടെയും പിന്നാലെ അദ്ദേഹം ഒരിക്കലും ഓടിയില്ല. കൈയിൽ കിട്ടിയ പദവികൾ കൺമുന്നിൽ മറ്റുള്ളവർ പിടിച്ചു പറിച്ചപ്പോഴും നിരസിക്കപ്പെട്ടപ്പോഴും പാർട്ടിക്കോ നേതാക്കൾക്കോ എതിരെ ഒരു വാക്കും മിണ്ടിയില്ല. ഒരു വാക്കോ പ്രവൃത്തിയോ കൊണ്ട് പാർട്ടിയെയോ നേതൃത്വത്തെയോ നോവിച്ചില്ല. ജീവിതത്തിലും രാഷ്ട്രീയത്തിലും സൗമ്യനായിരുന്നു മാന്യതയുടെ നിറകുടമായ ധനപാലൻ. മരണം വരെയും അടിമുടി കോൺഗ്രസുകാരൻ.
2009ൽ ചാലക്കുടി ലോക്സഭാ മണ്ഡലം രൂപീകരിച്ചപ്പോൾ അവിടെ ആദ്യമായി മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി. ധനപാലനാണ്. എതിർ സ്ഥാനാർത്ഥി അഡ്വ.യു.പി. ജോസഫിനെ കീഴടക്കി മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. സ്വന്തം ജന്മനാടായ പറവൂർ ഉൾപ്പെടുന്ന മണ്ഡലമായിരുന്നു ചാലക്കുടി. പക്ഷേ അടുത്ത തിരഞ്ഞെടുപ്പിന് ധനപാലനെ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിഷ്കരുണം ഒഴിവാക്കി. ധനപാലനിൽ ചാലക്കുടി പിടിച്ചുവാങ്ങിയത് പി.സി. ചാക്കോയാണ്. പക്ഷേ 71000 വോട്ടുകൾക്ക് ധനപാലനെ ജയിപ്പിച്ച ചാലക്കുടിയിലെ വോട്ടർമാർ പ്രതികാരം ചെയ്തത് ചാക്കോയെ ദയനീയമായി തോൽപ്പിച്ചാണ്. നടൻ ഇന്നസെന്റിന് മുന്നിൽ ചാക്കോ അടിതെറ്റി വീണു. ചാക്കോ പിന്നീട് കോൺഗ്രസ് വിട്ടെങ്കിലും ധനപാലൻ അന്ത്യശ്വാസം വലിക്കും വരെ പാർട്ടിയിൽ തുടർന്നു.
ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന സീറ്റ് ചർച്ചയിൽ സീറ്റ് നിഷേധിക്കപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ എന്നിവർക്കൊപ്പം പുറത്തേക്ക് വന്ന കെ.പി. ധനപാലന്റെ പ്രതികരണം പുതുതലമുറ കോൺഗ്രസ് നേതാക്കൾ കണ്ടുപഠിക്കേണ്ടതാണ്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ഒറ്റ മറുപടി മാത്രം നൽകി നടന്നു നീങ്ങി അദ്ദേഹം. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പിന്നീട് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. പറയത്തക്ക പദവികളൊന്നും ലഭിച്ചില്ല. സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടില്ല. എ.കെ. ആന്റണിയുടെ അടുത്തയാളായിട്ടും ആ സ്വാധീനമൊന്നും ധനപാലനെ തുണച്ചില്ല. അടുപ്പം ദുരുപയോഗിക്കാൻ തയ്യാറായതുമില്ല. 2001ൽ ആന്റണി - കരുണാകരൻ ഏറ്റുമുട്ടൽ നടക്കുന്ന കാലത്ത് വടക്കേക്കരയിൽ നിയമസഭാ സ്ഥാനാർത്ഥിയായി ധനപാലനെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് കരുണാകരൻ അദ്ദേഹത്തെ തള്ളി സ്വന്തം അനുയായിയായ എം.എ. ചന്ദ്രശേഖരനെ രംഗത്തിറക്കിയത്. അന്നും ധനപാലൻ മൗനമായി പിൻവാങ്ങി. ഗ്രൂപ്പ് യുദ്ധങ്ങളിൽ ഭാഗമല്ലാത്തതിനാലാകാം ധനപാലന് വേണ്ടി പാർട്ടി അറിഞ്ഞ് ഒന്നും ചെയ്തതുമില്ല. ഇന്നലെ വരെയും ഇക്കാര്യങ്ങളെക്കുറിച്ച് ഒരു വാക്കും പിന്നെ ഉരിയാടിയില്ല. അത്രയ്ക്കും പാർട്ടിക്ക് വിധേയനായിരുന്നു ഈ നേതാവ്. ലോക്സഭാംഗമായും മാതൃകയായി ധനപാലൻ. ഒരു ദിവസം പോലും മുടങ്ങാതെ സഭാ സമ്മേളനദിനങ്ങളിൽ അദ്ദേഹം സഭയിലെത്തി. 100 ശതമാനം ഹാജർ. ചോദ്യോത്തരവേളയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച എം.പിമാരിൽ ഒരാളും ധനപാലനായിരുന്നു. കോൺഗ്രസ് കെ.പി. ധനപാലൻ എന്ന നേതാവിനോട് നീതി പുലർത്തിയോ എന്നു ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |