അവാർഡിൽ വിരിഞ്ഞു താമരമുകുളങ്ങൾ
ജി.എസ്.ടി പ്രാക്ടീഷണറായിരുന്ന തിരുവല്ല തുകലശേരി ആലഞ്ചേരിൽ കെ.വി.അജിതയുടെ മനസിൽ ഏഴ് വർഷം മുന്നേയാണ് താമരപ്പൂക്കളോടുള്ള സ്നേഹം മൊട്ടിട്ടത്. ജോലി വിട്ട്, വീടിന്റെ ടെറസിൽ താമരകൃഷി തുടങ്ങി. അജിതയുടെ പ്രയത്നത്തിന് ഒടുവിൽ കേന്ദ്രസർക്കാരിന്റെ പുരസ്കാരവും. ആയിരത്തിലധികം ചതുരവിസ്തൃതിയുള്ള ടെറസിൽ പലവർണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കൾ. താമരയഴികിലാണ് വീടിപ്പോൾ. അവയിൽ പലതും അജിത സ്വന്തമായി വികസിപ്പിച്ചെടുത്തവ. ബി.കോം ബിരുദധാരിയാണ് അജിത. ജി.എസ്.ടി പ്രാക്ടീഷണറായ ഭർത്താവ് പ്രദീപ് കുമാറിനൊപ്പമുള്ള ജോലി. താമരയോട് സ്നേഹം കൂടിയതോടെ മുംബൈയിൽ നിന്ന് ആദ്യമായി ഓൺലൈൻ മുഖേന ഹൈബ്രിഡ് താമരക്കിഴങ്ങ് വാങ്ങി. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും വീണ്ടും പരീക്ഷിച്ചു. ഒടുവിൽ ട്രോപ്പിക്കൽ ഇനങ്ങളിൽ വിജയം കണ്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ അതിന്റെ കിഴങ്ങുകൾ വിൽക്കാൻ തുടങ്ങി. ഇന്ന് പശ്ചിമബംഗാൾ, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും അജിതയുടെ ടെറസിലെ താമരക്കിഴങ്ങുകൾ എത്തുന്നു. സോഷ്യൽ മീഡിയയാണ് വിപണനത്തിന്റെ പ്രധാനവഴി. വിപണി കണ്ടെത്താൻ മകൻ പ്രജിത്തിന്റെ സഹായവും കൂടിയായതോടെ ചെറുതല്ലാത്ത വരുമാനവും വന്നു ചേർന്നു. അംഗീകാരം രാജ്യത്ത് ആദ്യം കേന്ദ്ര സർക്കാരിന്റെ സസ്യവൈവിദ്ധ്യ സംരക്ഷണത്തിന്റെയും കർഷകരുടെ അവകാശ അതോറിറ്റിയുടെയും രജിസ്ട്രേഷൻ അജിത വികസിപ്പിച്ചെടുത്ത മയൂരി, പനിനീർ ഇനം താമരകൾക്കാണ്. അപൂർവ്വവും വിശേഷപ്പെട്ടതുമായ ഈ അംഗീകാരം ഒരു കർഷകയ്ക്ക് ലഭിക്കുന്നത് രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. ടെറസിൽ മൊട്ടിട്ട താമരക്കൃഷിയിൽ നിന്നുള്ള അംഗീകാരം രാജ്യത്ത് ആദ്യവും. പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണ. പുതുതായി വികസിപ്പിച്ച താമരയിനങ്ങളുടെ രൂപാന്തര സ്വഭാവം നിർണയിച്ചത് ബംഗളൂരുവിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുമംഗലയുടെ നേതൃത്വത്തിൽ. ഡോക്യുമെന്റേഷനും ഡാറ്റ ശേഖരണവും ഏകോപിപ്പിച്ചത് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് സിന്ധു സദാനന്ദൻ. സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ.സി.പി.റോബർട്ട് നേതൃത്വവും നൽകി. പനീറും മയൂരിയും ഉരുണ്ട ആകൃതിയിൽ നിറയെ ഇതളുകളുള്ള കടുംപിങ്ക് കലർന്ന അപൂർവ്വയിനമായ മയൂരിയെ വർഷങ്ങളായി നടത്തിയ പഠനങ്ങൾക്കൊടുവിലാണ് അജിത വികസിപ്പിച്ചെടുത്തത്. തലയുയർത്തിയും കുമ്പിട്ടുമൊക്കെ നിൽക്കുന്ന 350ലധികം ദളങ്ങൾ മയൂരിക്കുണ്ട്. താമരക്കൂമ്പിൽ ചുവപ്പ് ഇതളുകളുടെ അഗ്രത്തിൽ വെള്ള കുത്തുകളുള്ള സുന്ദരിയാണ് മയൂരി. ഒതുക്കമുള്ളതും മനോഹരവുമായ ഈ പൂക്കൾ ചെറിയ പാത്രങ്ങൾക്കും അലങ്കാര കുളങ്ങൾക്കും അനുയോജ്യം. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഇണങ്ങും. അജിത വികസിപ്പിച്ച മറ്റൊരു വിസ്മയമാണ് സൗരഭ്യം നിറഞ്ഞ പനിനീർ. മൃദുവായ ഇളംപിങ്ക് നിറത്തിലുള്ള പൂക്കളും പനിനീർ റോസിന്റെ മൃദുവായ സുഗന്ധവും പരത്തുന്നതിനാലാണ് ആ പേരിട്ടത്. 500 ഇതളുകൾ. ഇലയ്ക്ക് രണ്ടടിയിലേറെ വലുപ്പം. കൃഷിക്ക് കൂടുതൽ സ്ഥലം ആവശ്യമാണ്. രാജകീയഭംഗിയുള്ള ഈ ഇനങ്ങൾ അലങ്കാര പുഷ്പകൃഷി വിപണിയിൽ വാണിജ്യ സാദ്ധ്യതയേറെയാണ്. മാരിഗോൾഡ്,പഞ്ചമി, വർണ, ഗ്രീൻപിസ്ത, കിരണ്യ, സ്നോ ബൗൾ,കനക തുടങ്ങി വർണരാജികൾ വിരിയിക്കുന്ന 15വ്യത്യസ്ത താമര ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. സഹസ്രദള താമരയും ഇവിടെ വിരിഞ്ഞു നിൽക്കുന്നു.