നിരീക്ഷണപാടവവും നേർവഴിചിന്തകളും
''മനുഷ്യന്റെ നിരീക്ഷണപാടവം, മറ്റു ജീവികളിൽ നിന്നും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എല്ലാ ജീവജാലങ്ങൾക്കും അവരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനായി പലതരത്തിലുള്ള നിരീക്ഷണശേഷി ഉണ്ടെന്നത് സത്യമല്ലേ? പക്ഷികൾ ആഹാരം കണ്ടെത്താനും, മൃഗങ്ങൾ അപകടങ്ങൾ തിരിച്ചറിയാനും, കീടങ്ങൾ വഴി കണ്ടെത്താനും അവരുടെ സ്വാഭാവിക നിരീക്ഷണശേഷി ഉപയോഗിക്കുന്നു. എന്നാൽ, മനുഷ്യന്റെ നിരീക്ഷണപാടവം ഇതിൽ നിന്നെല്ലാം വ്യത്യസ്തവും ഉയർന്നതുമാണല്ലോ! കാരണം മനുഷ്യൻ കാഴ്ചകളെ വിശകലനം ചെയ്യുകയും, അതിൽ നിന്ന് അറിവും, കണ്ടെത്തലുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ നിരീക്ഷണശേഷിയുടെ പ്രത്യേകത ബുദ്ധിയും, ചിന്താശേഷിയും ചേർന്നിരിക്കുന്നതിലാണ്. മറ്റു ജീവികൾ പ്രകൃതിദത്ത സ്വഭാവിക പ്രേരണകൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ മനുഷ്യൻ ഒരു സംഭവത്തിന്റെ കാരണം അന്വേഷിക്കുന്നു. ഉദാഹരണത്തിന്, ഒരു പക്ഷി മഴ വരാനിരിക്കുന്നതായി തിരിച്ചറിഞ്ഞ് കൂട്ടിലേക്കു പറക്കും. പക്ഷേ, മനുഷ്യൻ മഴയുടെ കാരണം പഠിച്ച് കാലാവസ്ഥാശാസ്ത്രം വികസിപ്പിച്ചു. അതായത്, മനുഷ്യന്റെ നിരീക്ഷണം അറിവിലേക്കും, ശാസ്ത്രത്തിലേക്കും വളരുന്നു. ഒരു ആപ്പിൾ നിലത്തു വീഴുന്നത് കണ്ടാണ്, ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണസിദ്ധാന്തം രൂപപ്പെടുത്തിയത്. ട്രെയിനിൽ യാത്രചെയ്യുമ്പോൾ ശബ്ദത്തിന്റെ വ്യത്യാസം ശ്രദ്ധിച്ച് പുതിയ ആശയങ്ങൾ കണ്ടെത്തിയ എഞ്ചിനീയരുടെ കഥയും കേട്ടിട്ടുണ്ട്. മനുഷ്യന്റെ നിരീക്ഷണശേഷി ശാസ്ത്രീയ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും സഹായിക്കുന്നതു പോലെ, മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനും തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടാം. അതിനാൽ ഉത്തരവാദിത്വബോധവും അനിവാര്യമാണ്. "" ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, മിക്ക മുഖങ്ങളിലും ഇതുവരെ കാണാത്തൊരു അത്ഭുതലോകം കാണുന്ന കുട്ടികളുടെ ഭാവമായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ തുടർന്നു : മറ്റുജീവികളുടെ നിരീക്ഷണം ജീവിതരക്ഷയ്ക്കും, ആഹാരശേഖരണത്തിനും മാത്രമാകുമ്പോൾ മനുഷ്യന്റെ നിരീക്ഷണ പാടവം, അറിവിനും, ശാസ്ത്രത്തിനും സംസ്കാരത്തിനും, സമൂഹവികസനത്തിനും വഴിയൊരുക്കുന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ നിരീക്ഷണശേഷി മറ്റുജീവികളിൽ നിന്നെല്ലാം ഉയർന്നതും സവിശേഷവുമാണ്. ഞാൻ സൂചിപ്പിച്ച പ്രശസ്ത സംഭവത്തിലെ എഞ്ചിനീയർ ഭാരതരത്ന ജേതാവും, ലോകത്തിലെ തന്നെ മഹാനായ സിവിൽ എഞ്ചിനീയർമാരിലൊരാളുമായ 'മോക്ഷഗുണ്ടം വിശ്വേശ്വരയ്യ" ആയിരുന്നു. അദ്ദേഹം ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ കിടന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടെ ട്രെയിൻ പാളങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിലും കുലുക്കത്തിലും വന്ന വ്യത്യാസം ശ്രദ്ധിച്ചു. തന്റെ എഞ്ചിനീയറിംഗ് പരിചയത്തിന്റെ അടിസ്ഥാനത്തിൽ മുന്നിലുള്ള റെയിൽവേ പാലത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ട്രെയിൻ കടന്നുപോയാൽ പാലം തകർന്നുവീഴും എന്നും മനസ്സിലാക്കി. ഉടൻ തന്നെ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു. യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും കാരണം ചോദിച്ചപ്പോൾ, മുന്നിലെ പാലം അപകടാവസ്ഥയിലാണെന്ന് പറഞ്ഞു. എന്നാലാരും വിശ്വസിച്ചില്ല. അവസാനം അദ്ദേഹത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ട്രെയിനിൽ നിന്ന് എഞ്ചിൻ മാത്രം വേർതിരിച്ച് പാലത്തിലൂടെ ഓടിക്കാൻ തീരുമാനിച്ചു. എഞ്ചിൻ പാലത്തിന്റെ മുകളിൽ എത്തിയ നിമിഷം, പാലം തകർന്നു വീണു; എഞ്ചിൻ നദിയിലേക്ക് പതിച്ചു. അദ്ദേഹത്തിന്റെ അതുല്യമായ നിരീക്ഷണശേഷിയും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും വ്യക്തമാക്കാൻ ഈ സംഭവം ഉദാഹരണമായി പറയപ്പെടുന്നു.""ഇപ്രകാരം, പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ മിക്കവരും തങ്ങളുടെ നിരീക്ഷണപാടവം നിരീക്ഷിക്കുന്നൊരു ഭാവത്തിലായിരുന്നു.