ഇരുട്ടിന്റെ തെളിച്ചം
വി.എസ്. ഹീരയെന്ന ഇരുപത്തിയെട്ടുകാരി പ്രചോദനം എന്ന വാക്കിന്റെ അർത്ഥം തന്നെയാകുന്നത്! ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് തൃശൂരിനു സമീപം പുത്തൂരിലെ വീടിനടുത്തുള്ള എൽ.പി സ്കൂളിൽ, രണ്ടാം ക്ലാസിന്റെ പകുതിയിലൊരുനാൾ പതിവുപോലെ കളിചിരികളുമായി കടന്നു പോകുന്നതിനിടെയാണ് ഹീരയ്ക്ക് കാഴ്ചയ്ക്ക് നേരിയ ബുദ്ധിമുട്ടുണ്ടാകുന്നത്. സ്കൂളിലെ പടിക്കെട്ടുകൾ, പാഠപുസ്തകത്താളുകൾ... എല്ലാം പെട്ടെന്ന് മങ്ങിപ്പോകുന്നു എന്നായിരുന്നു ആ കൊച്ചു മിടുക്കിയുടെ പരാതി. വീടിനടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. അങ്ങനെ അങ്കമാലി ലിറ്റിൽ ഫ്ലവറിലേക്ക് . ഇവിടെ നിന്ന് വീണ്ടും ഗിരിധർ ആശുപത്രിയിലേക്ക്. അവിടുത്തെ പരിശോധനകളിലാണ് നെഞ്ചുപിളർക്കുന്ന ആ വിവരം കുടുംബം അറിയുന്നത്. ഹീരയുടെ കണ്ണുകളിൽ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പ് ക്ഷയിക്കുകയാണ്. കാഴ്ച പൂർണമായും നഷ്ടപ്പെടുന്നു. ഹീരയും അമ്മയും അച്ഛനും മൂത്ത സഹോദരനുമെല്ലാം നടുക്കത്തോടെയാണ് ആ വിവരം കേട്ടത്. ഇലക്ട്രീഷ്യൻ ആയ അച്ഛൻ ശിവദാസനും, കാഷ്യു കമ്പനി ജീവനക്കാരിയായിരുന്ന അമ്മ സുനജയ്ക്കും എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. തനിക്കിനി ഒന്നും കാണാനാവില്ലെന്ന വിഷമവും, അത് എല്ലാവരും അറിയുമെന്ന അപകർഷതാബോധവും ചേർന്ന് ആ കുഞ്ഞു മനസിൽ നീറ്റലിന്റെ നെരിപ്പോട് വിതറി. ദിവസങ്ങൾക്കൊണ്ട് അവളാകെ മാറി. എല്ലാറ്റിനോടും ദേഷ്യം, വെറുപ്പ്, നിരാശ... ഒരൊറ്റ ചോദ്യമായിരുന്നു അച്ഛനും അമ്മയ്ക്കും: എങ്ങനെ മുന്നോട്ടു പോകും? ഉത്തരമില്ലാത്ത ആ ചോദ്യത്തിനൊടുവിൽ ഹീരയുടെ പഠനം രണ്ടാം ക്ലാസിന്റെ പാതിവഴിയിൽ മുടങ്ങി. മൂന്നാം ക്ലാസിൽ ചേർക്കാൻ രണ്ടു വർഷം വൈകി. പൂജകളും പ്രാർത്ഥനകളും വഴിപാടുകളുമായി മാതാപിതാക്കൾ കയറിയിറങ്ങാത്ത ഇടങ്ങളില്ല.
പ്രതീക്ഷയുടെ കാഴ്ചകൾ
ഒന്നരവർഷത്തോളം ആശുപത്രികളും ചികിത്സയുമായി കടന്നുപോയി. എല്ലാറ്റിനുമൊടുവിൽ ആ കുഞ്ഞു മനസ് അതിനോട് പരുവപ്പെടാൻ തുടങ്ങി. മുടങ്ങിയ പഠനം തുടരുക എന്നതായിരുന്നു വലിയ വെല്ലുവിളി. മാതാപിതാക്കളുടെ സ്നേഹനിർബന്ധങ്ങൾക്കൊടുവിൽ കുഞ്ഞു ഹീര വീണ്ടും സ്കൂളിലേക്ക്. കുന്ദംകുളം ഗവ. ബ്ലൈൻഡ് സ്കൂൾ ആയിരുന്നു അവളുടെ പുതിയ പാഠശാല. ആ ഇടം തന്നെ ഒരു പാഠപുസ്തകമായിരുന്നു. തനിക്ക് ഏഴ് വയസുവരെയെങ്കിലും എല്ലാം കാണാനായല്ലോ എന്ന് ചിന്തിപ്പിക്കും വിധം ജന്മനാ കാഴ്ച നഷ്ടപ്പെട്ടവരായിരുന്നു കൂട്ടുകാരിൽ പലരും. പിന്നീട് പുത്തൂർ ഗവ. ഹൈസ്കൂളിലേക്ക് മാറി. പത്താംക്ലാസ് വരെ അവിടെ. അവിടെ നിന്നായിരുന്നു മാറ്റത്തിന്റെ തുടക്കം. അദ്ധ്യാപകരും കൂട്ടുകാരുമൊക്കെ ഹൃദയംകൊണ്ട് അവളെ ചേർത്തുനിർത്തുകയും അവർ അവളുടെ കാഴ്ചയായി മാറുകയും ചെയ്തതോടെ ഹീരയെന്ന പെൺകുട്ടി കലയുടെ ലോകത്തേക്ക് ചിറകുവിരിച്ചു പറന്നു. കഥാപ്രസംഗവും മോണോ ആക്ടും പദ്യപാരായണവും മറ്റുമായി നഷ്ടങ്ങളുടെ വിഷാദലോകം വിട്ട് അവൾ പ്രതീക്ഷകളിലേക്ക് പിച്ചവച്ചു. അതിനൊപ്പം എഴുത്തിന്റെ വെളിച്ചവും അവളിൽ പ്രകാശിച്ചു തുടങ്ങി. എപ്പോഴൊക്കെയോ തന്റെ ഉള്ളുലച്ച നൊമ്പരങ്ങളെയും തനിക്ക് പ്രിയപ്പെട്ടവരെയും തന്റെ സന്തോഷ നിമിഷങ്ങളെയും കോർത്തിണക്കി ഹീര ഓരോന്ന് കുത്തിക്കുറിച്ചു. അതിനൊരു കാവ്യഭംഗിയുണ്ടെന്ന് കണ്ടവരൊക്കെ പുസ്തകമാക്കാൻ പ്രേരണയുമായി എത്തി. ഹീര പത്താംക്ളാസിൽ പഠിക്കുമ്പോൾ ആ കുത്തിക്കുറിക്കലുകൾ 'മിഴിനീർപ്പൂക്കൾ" എന്ന കവിതാ സമാഹാരമായി പുറത്തുവന്നു. അതോടെ, തനിക്ക് ഇതൊക്കെ സാധിക്കുമെന്ന മനസുറപ്പ് സങ്കടമഴകളെ തടുത്ത് അവൾക്കു മേൽ കുട നിവർത്തി.
കാത്തുനിന്ന വിജയങ്ങൾ
പത്താംക്ളാസിൽ ഉയർന്ന വിജയം. പ്ലസ് വണ്ണിന് തൃശൂർ മോഡൽ സ്കൂളിൽ. പ്ലസ് വണ്ണിന് ഇംഗ്ലീഷിന് ഒഴികെ എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് നേടി ഹീര കാഴ്ചയുള്ളവരുടെ ലോകത്തെ ഞെട്ടിച്ചു. ഇംഗ്ലീഷിനാകട്ടെ, കുറഞ്ഞുപോയത് ആറു മാർക്ക് മാത്രം! ഇതിനിടെ പുസ്തകവായനയ്ക്കും ഇടംകിട്ടി. തനിക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചു കേൾക്കുന്നത് ഹീര പതിവാക്കി. കാഴ്ച നഷ്ടപ്പെട്ടതിനു ശേഷമുള്ള സ്കൂൾ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കുഞ്ഞു ഹീരയോട് മിണ്ടാൻ കൂട്ടുകാർ മടിച്ചത് അവളുടെ ഉള്ളുലച്ചിരുന്നു. പക്ഷേ, സമ്മാനങ്ങളും നേട്ടങ്ങളുംകൊണ്ട് അവൾ കൂട്ടുകാരെ തന്നിലേക്ക് അടുപ്പിച്ചു. പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഹീര നിശ്ചയദാർഢ്യത്തിന്റെ പടവുകൾ കയറുക തന്നെയായിരുന്നു. ഹീരയുടെ 'മിഴിനീർപ്പൂക്കൾ"ക്ക് അവതാരിക എഴുതിയ വി.ജി. തമ്പി തന്നെയാണ് അവളെ കൊടകരയിലെ സഹൃദയ കോളേജിലേക്ക് തുടർപഠനത്തിനായി ക്ഷണിച്ചത്. അച്ഛന്റെ കുടുംബ വീട്ടിൽ താമസിച്ചായിരുന്നു ഡിഗ്രി പഠനം. മൂന്നാം വർഷം കോളേജിൽ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര പോകാൻ തീരുമാനിച്ചപ്പോൾ ചെല്ലാനാവില്ലെന്നു പറഞ്ഞ് ഹീര ഒഴിഞ്ഞപ്പോഴാണ്, 'ടൂർ പോകുന്നുണ്ടെങ്കിൽ അത് ഹീരയെയും ഒപ്പം കൂട്ടി മാത്രമായിരിക്കു"മെന്ന് അദ്ധ്യാപകരും കൂട്ടുകാരും പറഞ്ഞത്. അങ്ങനെയാണ് ജീവിതത്തിൽ എന്തും ചെയ്യാൻ സാധിക്കുമെന്ന് ഹീരയെ ബോദ്ധ്യപ്പെടുത്തിയ ആ ഹൈദരാബാദ് യാത്ര സംഭവിക്കുന്നത്. ജീവിതമെന്ന പോരാട്ടം
പഠനവും കലാപ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടെ, ഹീര ഡിഗ്രി അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് അമ്മയുടെ വിയോഗം. അമ്മയുടെ മരണത്തിനു തലേന്ന് ഹീരയുടെ നാലാം സെമസ്റ്ററിന്റെ ഫലം വന്നിരുന്നു. 82 ശതമാനം മാർക്ക്! അമ്മ ഹീരയെ ചേർത്തുപിടിച്ചത് ഇന്നലത്തേതുപോലെ ഹീരയുടെ അകക്കണ്ണിൽ തെളിയുന്നു. എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ പഠിപ്പിച്ച അമ്മ മറ്റിടങ്ങളിലേക്ക് മകളെ ഒറ്റയ്ക്കു വിടില്ലായിരുന്നു. അമ്മയുടെ ഉപദേശം, കനൽകൊണ്ട് എഴുതിയതുപോലെ ഹീരയുടെ മനസിലുണ്ട്- 'കാഴ്ചയില്ലാത്തതുകൊണ്ട് ഒന്നും നേടാനായില്ലെന്ന് ആരും പറയാൻ ഇടവരരുത്!" അതിനു ശേഷം, നിന്നെക്കൊണ്ട് അതു സാദ്ധ്യമല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ഒറ്റയ്ക്ക് ചെയ്തുകാണിക്കുക എന്നതായിരുന്നു ഹീരയുടെ വാശി. 2020-ൽ കൊവിഡ് സമയത്ത് ഗുരുവായൂർ ആസ്ഥാനമായുള്ള ഇൻസൈറ്റ് എന്ന സ്ഥാപനത്തിൽ കാഴ്ച പരിമിതിയുള്ളവർക്ക് ട്യൂഷൻ എടുക്കാൻ നിയോഗിക്കപ്പെട്ട ഹീര സ്വയംപര്യാപ്തതയിലേക്ക് പതുക്കെ ചുവടുവച്ചു തുടങ്ങി. അതിനൊപ്പം തന്നെ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ എം.എയ്ക്കു ചേർന്നു. രണ്ടാംവർഷം തന്നെ നെറ്റും ജെ.ആർ.എഫും എഴുതിയെടുത്തു. അതും ഒരൊറ്റ ശ്രമത്തിൽ. പിഎച്ച്.ഡി കുറച്ചുകൂടി ദൂരേയ്ക്കു പോയി ചെയ്യണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ കോഴിക്കോട് ഗവ. കോളേജിലെ ഡോ. സോണിയ ഈ.പയ്ക്കു കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി പിഎച്ച്.ഡി ചെയ്യുകയാണ് ഹീര. ആദ്യകാല മലയാള നോവലുകളെ മുൻനിറുത്തി 'സാഹിത്യ വിമർശനവും ഭാവുകത്വ പരിണാമവും" എന്നതാണ് വിഷയം. ഇതിനിടെ തിരുവനന്തപുരത്തു താമസിച്ച് മൂന്ന് മാസംകൊണ്ട് കമ്പ്യൂട്ടർ പരിജ്ഞാനവും നേടി. സ്കൂൾ പഠന കാലം മുതൽ ഹീരയുടെ ജീവിതത്തിന്റെ ഇതുവരെയുള്ള ജീവിതവഴികളിൽ താങ്ങും തണലുമായത് സൗഹൃദങ്ങളായിരുന്നു. ഇപ്പോഴും ജീവിതത്തിന് ഒപ്പം ചേർത്തുവയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര സൗഹൃദങ്ങൾ! പരീക്ഷകളിൽ സ്ക്രൈബ് ആയി ഒപ്പമെത്തുന്ന ജൂനിയർ വിദ്യാർത്ഥികൾ, ഒപ്പം പഠിച്ചവർ, അദ്ധ്യാപകർ... എല്ലാവരും ഹീരയ്ക്ക് താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നു. കാഴ്ചപരിമിതിയുടെ നാളുകളിലും ഓഡിയോ ബുക്കുകളെ ആശ്രയിക്കേണ്ടിവന്നത് ചുരുക്കം നാളുകളിൽ മാത്രം. ബാക്കി എല്ലായ്പ്പോഴും സുഹൃത്തുക്കൾ വായിച്ചും പറഞ്ഞുകൊടുത്തും ബ്രെയിൽ ലിപിയുമായിരുന്നു ഹീരയുടെ ധൈര്യം. ഇതിനിടെ സംഘടനാ പ്രവർത്തനങ്ങളിലും ഹീര സജീവമായി. ആ സംഘടനാകാലത്തു കിട്ടിയ സുഹൃത്തായ സാരംഗിനെ ഒരു വർഷം മുമ്പാണ് ഹീര ജീവിതപങ്കാളിയാക്കിയത്. എഴുത്തുകാരി, കാഥിക, ചെസ് പ്ലെയർ, കാഴ്ച പരിമിതരുടെ ഫുട്ബാൾ ടീം അംഗം... ഒടുവിൽ രണ്ടുമാസം മുമ്പായിരുന്നു, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ അസി. പ്രൊഫസർ ആയി നിയമനം. അങ്ങനെ സ്വായത്തമാക്കാവുന്നയെല്ലാം ഹീര ഒറ്റയ്ക്ക് നേടിയെടുക്കുന്നു. പരിമിതികൾക്കു മുന്നിൽ പതറിപ്പോകുന്നവരോട് ഹീരയുടെ പാഠം ഇതാണ്: മാറ്റിനിർത്തുന്നിടത്തെല്ലാം എത്തിപ്പെടുക, സാധിക്കില്ലെന്ന് മറ്റുള്ളവർ പറയുന്നതെല്ലാം നേടിയെടുക്കുക, അതൊരു വാശിയായി ഒപ്പം കൂട്ടുക.