പടികളേറെ കയറിയെത്തുന്ന ഈ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയില്ലെങ്കിൽ അത് ജീവിതത്തിലെ വൻ നഷ്ടം
പല്ലവന്മാരുടെ കാലത്ത് നിർമ്മിച്ചെന്നുകരുതുന്ന ഒരു ഗുഹാക്ഷേത്രം കാലത്തിനുപോലും പോറലേൽപ്പിക്കാൻ കഴിയാതെ ഇന്നും നിലകൊള്ളുന്നുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള മഠവൂർപ്പാറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് മൂന്നുറടിയോളം ഉയരത്തിലാണ് ചതുരാകൃതിയിൽ പാറതുരുന്നുണ്ടാക്കിയ ഈ ക്ഷേത്രം. മുപ്പത്തിമൂന്ന് പടികൾ കയറിവേണം ഇവിടെയെത്താൻ. പടികൾ തീരുന്നിടത്ത് ശ്രീകോവിൽ ദർശനത്തിനായി കുറച്ചുഭാഗത്തെ പാറ നന്നായി ചെത്തിയൊതുക്കിയിട്ടുണ്ട്. ശ്രീകോവിൽ, ഉള്ളിലെ പീഠങ്ങൾ, ശിവലിംഗം, ക്ഷേത്രത്തിലെ തൂണുകൾ എന്നിവയെല്ലാം നിർമ്മിച്ചിരിക്കുന്നതും പാറ തുരന്നുതന്നെ.
ക്ഷേത്രത്തിന് തൊട്ടടുത്ത് ഗംഗാ തീർത്ഥം എന്നുവിളിക്കുന്ന ഒരിക്കലും വറ്റാത്ത കുളവുമുണ്ട്. ഈ കുളത്തിന് പ്രത്യേക സംരക്ഷണം നൽകുന്നുണ്ട്. ക്ഷേത്ര തൂണുകളിൽ പുരാതന മലയാള ലിപിയായ വട്ടെഴുത്തിന്റെ ആലേഖനങ്ങളുമുണ്ട്. ദിവസവും രാവിലെ ആറുമണിമുതൽ 10 മണിവരെയും വൈകുന്നേരം 5 മണിമുതൽ 7 മണിവരെയുമാണ് ആരാധന നടക്കുന്നത്. ദൂരെ ദിക്കിൽ നിന്നുപോലും ഭക്തർ ഇവിടേയ്ക്ക് എത്താറുണ്ട്. ക്ഷേത്രം പുരാവസ്തുവകുപ്പിന് കീഴിലാണ്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മഠവൂർപ്പാറയിൽ അസ്തമയം കാണാനും മറ്റും ധാരാളം വിനോദ സഞ്ചാരികളും എത്താറുണ്ട്.
വളരെപ്പെട്ടെന്ന് ഇവിടേയ്ക്ക് എത്തിച്ചേരാം. നഗരത്തിൽ നിന്ന് മെഡിക്കൽ കോളേജ് - ഉള്ളൂർ- ശ്രീകാര്യംവഴിയാണെങ്കിൽ ക്ഷേത്രത്തിന് തൊട്ടടുത്തിറങ്ങാം. ഇനി ബൈപ്പാസ് വഴിയാണ് വരുന്നതെങ്കിൽ കാട്ടായിക്കോണത്ത് ഇറങ്ങി ക്ഷേത്രത്തിലേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് എൻ എച്ച് വഴി വെട്ടുറോഡെത്തി അവിടെനിന്ന് ബൈപ്പാസിലൂടെ കാട്ടായിക്കോണത്ത് എത്താം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കഴക്കൂട്ടമാണ്.