ശിവനെ വായുരൂപത്തിൽ ആരാധിക്കുന്നു; രാഹു - കേതു പൂജയ്ക്ക് പേരുകേട്ട ഈ ക്ഷേത്രത്തെക്കുറിച്ച് അറിയുമോ?

Thursday 21 May 2026 10:50 AM IST

ആന്ധ്രാപ്രദേശിലെ കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശെെവക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പഞ്ചഭൂത സങ്കൽപത്തിലെ ശിവ പ്രതിഷ്ഠകളിൽ വായുരൂപം ഇവിടെയാണ്. മധുര,​ രാമേശ്വരം എന്നിവ പോലെ ഉള്ളിലെ വലിയ ഇടനാഴികൾ മുഴുവൻ കരിങ്കൽ തൂണുകൾ ആണ്.

അഞ്ചാം നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രം നിർമിച്ചത്. ചുറ്റമ്പലം 12-ാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും വിജയനഗര രാജാക്കന്മാരുമാണ് നിർമ്മിച്ചത്. ശിവനെ വായുരൂപത്തിൽ ശ്രീകാളഹസ്തീശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. നൂറു തൂണുകളുള്ള മണ്ഡപമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ പ്രധാന രാഹു - കേതു ക്ഷേത്രമായി ഇതിനെ കണക്കാക്കുന്നു. ജ്യോതിഷ ദോഷങ്ങളിൽ നിന്ന് മോചനം തേടുന്ന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. രാഹു - കേതു ക്ഷേത്രം,​ ദക്ഷിണ കാശി എന്നീ വിശേഷണങ്ങളും ഈ ക്ഷേത്രത്തിനുണ്ട്.

ഐതിഹ്യം

പ്രധാനമായും രണ്ട് കഥകളാണ് ശ്രീകാളഹസ്തിയെക്കുറിച്ച് പറയുന്നത്. ശിവലിംഗത്തിന്റെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്നത് തടയാനായി കണ്ണപ്പ എന്ന വേടൻ ഭഗവാന് തന്റെ കണ്ണുകൾ നൽകിയ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതതെന്നാണ് ഒരു ഐതിഹ്യം. ശിവലോകത്തുനിന്ന് പുറത്താക്കപ്പെട്ട മൂന്ന് ഭൂതഗണങ്ങൾ ചിലന്തിയായും സർപ്പമായും ആനയായും ഭൂമിയിലേക്ക് വന്നെന്നും. ശിവഭഗവാനെ പൂജിക്കുന്നതിന്റെ ഭാഗമായി ചിലന്തി ശിവലിംഗത്തിനെ വലകൊണ്ട് മൂടുകയും സർപ്പം ശിലവിംഗത്തിന് മുകളിൽ രത്നം സ്ഥാപിക്കുകയും ആന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. ഇത് കണ്ട ശിവൻ ഇവർക്ക് അനുഗ്രഹം നൽകിയെന്നും അവിടെയാണ് പിന്നീട് ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു. ശ്രീകാളഹസ്തി എന്നപേരും അങ്ങനെയാണ് വന്നതെന്ന് വിശ്വസിക്കുന്നു. തെലുങ്ക് ഭാഷയിൽ ശ്രീ എന്നാൽ ചിലന്തി, കാള എന്നാൽ സർപ്പം, ഹസ്തി എന്നാൽ ആന എന്നുമാണ് അർത്ഥം.