
ജാതകവശാലും ഗ്രഹദോഷങ്ങളാലും വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. പല പൂജകൾ ചെയ്‌തും ക്ഷേത്രങ്ങളിൽ പതിവായി തൊഴുതും ആ ദോഷങ്ങളെ അകറ്റാൻ ശ്രമിക്കാറുണ്ട് പലരും. വിവാഹദോഷം അകലാനും പെട്ടെന്ന് വിവാഹം നടക്കാനും അഥവാ ജാതകപ്പൊരുത്തം കുറഞ്ഞ് കല്യാണം കഴിച്ചവർക്ക് അതിൽ പ്രശ്‌നങ്ങൾ ഒഴിയാനും ചെയ്യേണ്ട പൂജയാണ് പള്ളിയറ പൂജ. കേരളത്തിലെ പ്രധാന ക്ഷേത്രമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലാണ് ഈ പൂജയുള്ളത്. വെളുത്തവാവ് ദിവസം നടക്കുന്ന പള്ളിയറ പൂജ തൊഴുന്നത് ഈ ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.
വിവാഹബന്ധം ലഭിക്കുന്നതിനും വിവാഹബന്ധത്തിലെ പ്രശ്‌നം അകറ്റുന്നതിനും അതാത് പ്രശ്‌നകാരണമായ ഗ്രഹത്തെ തൃപ്‌തിപ്പെടുത്തണം. ഇതിനുശേഷം തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെത്തി തിങ്കളാഴ്‌ച വ്രതം നോൽക്കണം. രാവിലെ 4.30നാണ് ക്ഷേത്രനട തുറക്കുക. ഇവിടെ പതിവുപൂജകളും 33 ഉപദേവന്മാർക്കും നിവേദ്യവും നടക്കാറുണ്ട്. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. പിന്നെ അഭിഷേകം, 6.50ന് ദീപാരാധന, അതുകഴിഞ്ഞാൽ അത്താഴപൂജ, ശീവേലി,7.40ന് ഭഗവാനെയും ഭഗവതിയെയും പള്ളിയറയിലേക്ക് കൊണ്ടുപോകും, എട്ടിനാണ് പള്ളിയറ പൂജ കഴിയുക. മൂന്നുവട്ടം പള്ളിയറ പൂജ ചെയ്യുന്നവർക്ക് ദോഷം മാറി വിവാഹം ഉടൻ നടക്കും. ജാതകപ്പൊരുത്തം ഇല്ലാത്ത ദമ്പതികൾക്ക് ആ ദോഷങ്ങളെല്ലാം മാറുകയും ചെയ്യും. പ്രശസ്‌തമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്ഷേത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |