സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! നിത്യവും മഴവില്ല് വിരിയുന്ന മാന്ത്രിക ദ്വീപിലേക്ക് ഒരു യാത്ര പോയാലോ?
ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ് മഴവില്ല്. സാധാരണ അപൂർവ്വമായി മാത്രം കാണാറുള്ള ഈ പ്രതിഭാസത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാദിവസവും മഴവില്ല് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്. പറഞ്ഞുവരുന്നത് ലോകത്തിന്റെ മഴവിൽ തലസ്ഥാനം എന്നറിയപ്പെടുന്ന യുഎസിലെ ഹവായ് ദ്വീപിനെ കുറിച്ചാണ്.
ഹവായ്‌യ്ക്ക് ഈ പേര് നൽകിയത് ടൂറിസം വകുപ്പല്ല, മറിച്ച് യൂണിവേഴ്സിറ്റി ഓഫ് ഹവായ്‌യിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ പ്രൊഫസർ സ്റ്റീവൻ ബുസിംഗർ ആണ്. അദ്ദേഹത്തിന്റെ പഠനപ്രകാരം ഹവായ്‌യിലെ വായു തികച്ചും ശുദ്ധവും മാലിന്യമുക്തവുമാണ്. നഗരങ്ങളിലെപ്പോലെ വായുവിൽ പൊടിപടലങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ വളരെ തെളിഞ്ഞതും മനോഹരവുമായ മഴവില്ലുകൾ രൂപപ്പെടുന്നു. ഇവിടുത്തെ പച്ചപ്പുള്ള താഴ്‌വരകളും പർവതനിരകളും ഈർപ്പമുള്ള വായുവിനെ മുകളിലേക്ക് ഉയർത്തുകയും മേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ഭാഗത്ത് ശക്തമായ വെയിലും തൊട്ടടുത്ത ഭാഗത്ത് ചെറിയ മഴയും ലഭിക്കുന്ന സവിശേഷമായ ട്രോപ്പിക്കൽ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഇക്കാരണങ്ങൾകൊണ്ടാണ് ഹവായ്‌യെ ലോകത്തിന്റെ മഴവിൽ തലസ്ഥാനം എന്ന് ബുസിംഗർ വിശേഷിപ്പിച്ചത്.
ഹവായ്‌യിലെ ജനങ്ങൾക്ക് മഴവില്ല് ഒരു പതിവ് കാഴ്ചയാണ്. അത് വെറുമൊരു കാലാവസ്ഥാ പ്രതിഭാസം മാത്രമല്ല, അവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അവരുടെ പുരാണങ്ങൾ അനുസരിച്ച് ഭൂമിയെയും സ്വർഗ്ഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദൈവത്തിന്റെ വഴികളാണ് മഴവില്ലുകൾ. മഴവില്ലുകളെ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഹവായിൽ ഒരു പ്രത്യേക മൊബൈൽ ആപ്പ് തന്നെയുണ്ട് 'റെയിൻബോ ചെയ്സ്'. കാലാവസ്ഥാ വ്യതിയാനങ്ങളും മേഘങ്ങളുടെ ചലനവും തത്സമയം നിരീക്ഷിച്ച് എവിടെയാണ് മഴവില്ല് കാണാൻ സാധിക്കുക എന്ന് ഈ ആപ്പ് കൃത്യമായി പ്രവചിക്കുന്നു. വിനോദസഞ്ചാരികൾക്ക് ആപ്പ് തികച്ചും സൗജന്യമാണ്.
ഹവായ്‌യിൽ പൊതുവെ എല്ലായിടത്തും മഴവില്ലുകൾ ഉണ്ടെങ്കിലും മലനിരകളിൽ നിന്നുള്ള ഈർപ്പവും വെളിച്ചവും കൂടിച്ചേരുന്ന മനോവ വാലി, ഓവാഹു താഴ്‌വരകളിലെ മഴവില്ലുകൾ അല്പം വ്യത്യസ്തമാണ്.താഴ്വരയുടെ പച്ചപ്പിനൊപ്പം ഏഴുവർണം നിറഞ്ഞ മഴവില്ല് കാഴ്ച്ചക്കാരുടെ കണ്ണിന് ഒരു അത്ഭുതമാകും. ഹവായ്‌യിൽ വെള്ളച്ചാട്ടങ്ങളും വലിയ ദ്വീപുകളും ഉള്ള പ്രദേശത്ത് എപ്പോഴും മഴവില്ല് കാണാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് നേരിട്ട് ഹവായിലേക്ക് വിമാന സർവീസുകൾ ഇല്ല. പകരം ജപ്പാനിലെ ടോക്കിയോ, ദക്ഷിണ കൊറിയയിലെ സിയോൾ അല്ലെങ്കിൽ ലോസ് ആഞ്ചലസ് വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ ലഭ്യമാണ്. ഇതിനായി യുഎസ് വിസ മുൻകൂട്ടി എടുക്കേണ്ടതുണ്ട്. പ്രകൃതിയുടെ മാസ്മരിക ഭംഗിയും ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും ഒത്തുചേരുന്ന ഹവായ് ദ്വീപുകൾ ഏതൊരു യാത്രാപ്രേമിയും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരിടമാണ്.